കൊച്ചി: റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളിയുടെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയതിന്റെ ഞെട്ടലിലാണ് കേരളം. തീ പിടിപ്പിക്കുന്ന സംഗീതവുമായി യുവത്വം ആഘോഷിച്ച വേടന്‍ അടുത്തിടെ നടന്ന സ്റ്റേജ് ഷോകള്‍ക്കിടെ രാസലഹരിക്കെതിരെ സംസാരിച്ചതും അറസ്റ്റിനോടൊപ്പം ചര്‍ച്ചയാകുന്നുണ്ട്. തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റില്‍ നിന്ന് ആറ് ഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. വേടനും മറ്റു സംഘാംഗങ്ങളും ലഹരി ഉപയോഗിച്ചതായി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 9.5 ലക്ഷം രൂപയും ഫ്‌ലാറ്റില്‍ നിന്ന് കണ്ടെടുത്തു. വേടനെയും ഫ്‌ലാറ്റില്‍ ഒപ്പമുണ്ടായിരുന്നവരെയും ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

പരിപാടി ബുക്ക് ചെയ്തതിന് ലഭിച്ച തുകയാണ് പണമെന്ന് വേടന്‍ വ്യക്തമാക്കി. വേടനും റാപ്പ് ടീമിലെ സംഘാംഗങ്ങളും പരിശീലിക്കാന്‍ ഒത്തുകൂടുന്ന ഫ്‌ലാറ്റിലാണ് പരിശോധന നടന്നത്. രാവിലെ പൊലീസ് എത്തുമ്പോള്‍ ഒമ്പതുപേരും വിശ്രമിക്കുകയായിരുന്നു. പിടിയിലായവരെല്ലാം വേടന്റെ റാപ്പ് ടീമില്‍ ഉള്‍പ്പെട്ടവരാണ്. വേടന്‍ അടക്കം എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യമടക്കം ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല. ഇന്നലെ രാത്രിയാണ് വേടനടക്കമുള്ള ഒമ്പതുപേര്‍ പരിപാടി കഴിഞ്ഞ് ഫ്‌ലാറ്റിലെത്തിയത്.


കുറച്ച് ദിവസമായി ഇവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. നിയമനടപടികളുമായി മുന്നോട്ട് പോകും. വൈദ്യപരിശോധനയ്ക്ക് ശേഷം ജാമ്യംനല്‍കി വിടാനാണ് തീരുമാനം. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് ഇവര്‍ പറഞ്ഞിട്ടുണ്ടെന്നും അത് പുറത്ത് പറയാനാവില്ലെന്നും പോലീസ് അറിയിച്ചു.

യുവത്വം ആഘോഷിക്കുന്ന വേടന്‍ തൃശൂര്‍ സ്വദേശിയായ ഹിരണ്‍ദാസ് മുരളിയാണ്. തീ പിടിപ്പിക്കുന്ന വരികളില്‍ സ്‌ഫോടനാത്മക സംഗീതം നിറച്ച് വേടന്‍ പാടുമ്പോള്‍ ആനന്ദത്താല്‍, ആവേശത്താല്‍ ഇളകി മറയുന്ന യുവത്വമാണ് ഇന്നിന്റെ കാഴ്ച. പരമ്പരാഗത വഴികളില്‍ നിന്ന് മാറി റാപ്പെന്ന കൊടുങ്കാറ്റാല്‍ ഗായകന്‍ തീര്‍ത്തത് പുതുഗീതം. പാടിയും പറഞ്ഞും ലഹരിക്കെതിരേയും നീങ്ങിയ വേടന്‍ ഒടുവില്‍ ലഹരി വലയില്‍ കുടുങ്ങിയത് ആരാധകരെ ഞെട്ടിച്ചു.

ഒടുവില്‍ ലഹരിക്കേസില്‍....

ബുധനാഴ്ച ഇടുക്കിയിലെ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തില്‍ നിന്ന് വേടനെ ഒഴിവാക്കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പരിപാടികളിലെ നിറസാന്നിധ്യമായിരുന്നു ഇയാള്‍. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നിശാഗന്ധിയില്‍ നടന്ന സഹകരണ എക്‌സ്‌പോയിലും വേടന്റെ സംഗീത പരിപാടി ഉണ്ടായിരുന്നു. ഈ പരിപാടിക്ക് നിശാഗന്ധി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിനും ഉള്‍ക്കൊള്ളാനാകാത്ത അത്രയും യുവാക്കളാണ് ഒഴുകിയെത്തിയത്.

തിയറ്ററുകളില്‍ നിറഞ്ഞോടുന്ന 'ആലപ്പുഴ ജിംഖാന' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ കഞ്ചാവ് കേസില്‍ പിടിയിലായതിനു പിന്നാലെയാണ് കേരളത്തിന്റെ യുവത്വത്തിനെ കാര്‍ന്നുതിന്നുന്ന ലഹരി കേസില്‍ മറ്റൊരു 'സെലിബ്രിറ്റി' കൂടി അറസ്റ്റിലാകുന്നത്.

വേടന്റെ പരിപാടി കാണാന്‍ നിശാഗന്ധിയില്‍ തടിച്ചുകൂടിയ യുവാക്കള്‍ അന്ന് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ പാകിയിരുന്ന ഓട് വരെ തകര്‍ത്തിരുന്നു. ഓടിനു മുകളില്‍ കയറി പരിപാടി കാണാന്‍ ശ്രമിച്ചതാണ് ഇതിനുകാരണമായത്. വേദിയിലെ പല കസേരകളും തള്ളിക്കയറ്റത്തില്‍ തകര്‍ന്നു. ഓടിനു മുകളില്‍ കയറി നിന്നവരോട് മുകളില്‍നിന്ന് ഇറങ്ങണമെന്ന് പരിപാടി നിര്‍ത്തിവച്ചാണ് വേടന്‍ ആവശ്യപ്പെട്ടത്.

നിശാഗന്ധി ഓഡിറ്റോറിയം മറയ്ക്കാന്‍ ഉപയോഗിച്ചിരുന്ന തകര ഷീറ്റുകള്‍ പൊളിക്കാനുള്ള ശ്രമവും വേടന്റെ ആരാധകര്‍ നടത്തിയിരുന്നു. ഇതിനിടെ പലരും താഴെ വീണു. കുട്ടികളുടെ നിര്‍ബന്ധത്തിനു വഴങ്ങി വേടനെ കാണാന്‍ അവിടെയെത്തി പെട്ടുപോയ മുതിര്‍ന്നവരും ഉണ്ടായിരുന്നു. ഉള്‍ക്കൊള്ളാവുന്നതില്‍ അധികം ആള്‍ക്കാരെ ഓഡിറ്റോറിയത്തിലേക്കു കയറ്റിയതിനും യാതൊരു മുന്നൊരുക്കം നടത്താത്തതിലും സര്‍ക്കാരും അന്ന് പഴികേട്ടിരുന്നു.

യുവത്വം ആഘോഷിച്ച സംഗീതം

തൃശൂരിലെ റെയില്‍വേ കോളനിയില്‍ ജാതിവിവേചനം നേരിട്ട ബാല്യം. വോയിസ് ഓഫ് വോയസ് ലെസ് ആയിരുന്നു ആദ്യ റാപ്പ്. വരികളില്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെ പ്രതിരോധം. ഹരം കൊള്ളിക്കുന്ന താളവും സദാചാരവാദികളുടെ വാ അടപ്പിക്കുന്ന ശരീരഭാഷയും. പുതു ഭാവനയും കാലവും തേടുന്ന ആള്‍ക്കൂട്ടം. വേടന്‍ ഓളമായി.

വേടന്‍ പാടി വിയര്‍ത്ത് നേടിയതാണ്, നിറങ്ങള്‍ മങ്ങാത്ത റാപ്പിന്റെ വര്‍ണ കുപ്പായം. മേനി നടിക്കുന്ന പുരോഗമന സമൂഹത്തോട് പാട്ടും പറച്ചിലുമായി കലഹിച്ചു. കരുത്തുള്ള ഭാഷ. രാഷ്ട്രീയം ചോരാത്ത വരികള്‍. ചിന്തിപ്പിക്കുന്ന സംഗീതം. അടിമത്വത്തിനും വംശീയതക്കുമെതിരെ റാപ്പിലൂടെ വിപ്ലവം തീര്‍ത്ത ബോബ് മാര്‍ലിയെ പോലെ വേടനെന്ന ഹിരണ്‍ദാസ് മുരളിയും.

റാപ്പിന്റെ പൊട്ടാത്ത റോപ്പുമായി വേദികളില്‍ നിന്ന് വേദികളിലേക്ക് സഞ്ചാരത്തിനിടെ മീ ടു വിവാദത്തിലും കുടങ്ങി. മാപ്പ് പറഞ്ഞ് തടിയൂരി യാത്ര തുടര്‍ന്നു. പോരാടാന്‍, കരുത്തു നേടാന്‍ അടിസ്ഥാനവര്‍ഗത്തോട് ആവശ്യപ്പെട്ടു വാ എന്ന റാപ്പിലൂടെ. എംമ്പുരാന്‍ വിവാദമുണ്ടായപ്പോള്‍ വായടച്ചവരോട് ഇഡിക്കെതിരേ വേടന്‍ നിര്‍ഭയനായി.

സിന്തറ്റിക് ലഹരി മാതാപിതാക്കളുടെ കണ്ണീരിന് കാരണമാകുമെന്നും വേടന്‍ പറഞ്ഞുവെച്ചു. ആരാധക ബാഹുല്യത്താല്‍ വേടന്റെ പരിപാടികള്‍ പാതിവഴിയില്‍ നിര്‍ത്തുന്നത് സമീപകാലത്ത് പതിവായിരുന്നു. ലഹരി ഉപയോഗത്തില്‍ വലയിലായതോടെ റാപ്പിലൂടെ വേടന്‍ പാടിയതിന്റെ നേരും പതിരും തിരയുകയാണ് ആരാധകര്‍.

കഴുത്തില്‍ കുരുക്കായി പുലിപ്പല്ല് മാല

കഞ്ചാവുമായി പിടിയിലായ റാപ്പര്‍ വേടന് കുരുക്കായി കഴുത്തിലണിഞ്ഞ മാല. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ വേടന്റെ കഴുത്തിലെ മാലയിലുള്ള പുലിപ്പല്ല് ഒറിജിനലാണെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണം ഇതിലേക്കും നീണ്ടത്. ഈ മാലയ്ക്ക് ആവശ്യമായ പുലിപ്പല്ല് എവിടെ നിന്ന് കിട്ടിയെന്ന് അറിയാനാണ് അന്വേഷണം. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനില്‍ എത്തി. കോടനാട് നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്.

മാലയിലുള്ള പുലിപ്പല്ല് വിദേശത്തുനിന്ന് എത്തിച്ചതെന്നാണ് വേടന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. തായ്ലന്‍ഡില്‍ നിന്നാണ് പുലിപ്പല്ല് എത്തിച്ചതെന്നും ഇദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വനം വകുപ്പ് വേടനെ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.