തിരുവനന്തപുരം: പൊന്നാനിയിലെ ഇടത്തരം മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രമായിരുന്നു 'ഫെമിനിച്ചി ഫാത്തിമ'. ചിത്രത്തിലെ ഫാത്തിമ എന്ന കഥാപാത്രമായെത്തിയ ഷംല ഹംസയാണ് 2024-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു ലക്ഷം രൂപയും ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രേക്ഷക ഹൃദയങ്ങളിൽ മായാത്ത മുദ്ര പതിപ്പിച്ച അഭിനയമാണ് ഫാത്തിമ എന്ന കഥാപാത്രത്തിലൂടെ ഷംല കാഴ്ചവെച്ചതെന്ന് പുരസ്കാര നിർണയ സമിതി വിലയിരുത്തി. ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ഫാസിൽ മുഹമ്മദിന് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും ലഭിച്ചു.

തൃത്താല പട്ടാമ്പി സ്വദേശിനിയായ ഷംല ഹംസക്ക് ഇത് ഒരു വലിയ അംഗീകാരമാണ്. കുഞ്ഞിന് ആറ് മാസം പ്രായമുള്ളപ്പോഴായിരുന്നു ഷംല ചിത്രത്തിൽ അഭിനയിച്ചത്. ഭർത്താവ് മുഹമ്മദ് സാലിഹിനും മകൾ ലസിനുമൊപ്പം ഗൾഫിലാണ് ഷംല ഹംസയുടെ താമസം. നേരത്തെ 'ആയിരത്തൊന്ന് നുണകൾ' എന്ന ചിത്രത്തിലും ഇവർ അഭിനയിച്ചിട്ടുണ്ട്. 2024-ലെ ഐ.എഫ്.എഫ്.കെ.യിൽ ചിത്രം പ്രദർശിപ്പിച്ചു. മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം വിവിധ വിഭാഗങ്ങളിലായി അഞ്ച്‌ പുരസ്‌കാരമാണ്‌ ഐഎഫ്‌എഫ്‌കെയിൽ നേടിയത്. 'ഫെമിനിച്ചി ഫാത്തിമ'യുടെ ഐഎഫ്എഫ്കെ പ്രീമിയറിന് കൈക്കുഞ്ഞുമായി എത്തിയ ഷംല അന്ന് വലിയ ശ്രദ്ധ നേടിയിരുന്നു.

മത്സരവിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം, അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം, അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ മികച്ച തിരക്കഥയ്ക്കുള്ള ജൂറി പുരസ്‌കാരം, കെആര്‍ മോഹനന്‍ പുരസ്‌കാരം എന്നിവയും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. താൻ ഒരു തുടക്കക്കാരിയാണെന്നും ഈ പുരസ്കാരം വലിയ പ്രചോദനമാണെന്നും അവാർഡ് പ്രഖ്യാപനത്തിന് ശേഷം ഷംല ഹംസ പ്രതികരിച്ചു. "എനിക്ക് ചെയ്യാൻ സാധിക്കുമെന്ന് തോന്നിയ കഥാപാത്രമായിരുന്നു ഫാത്തിമയുടേത്. മറ്റ് താരങ്ങളിൽ നിന്ന് മികച്ച പിന്തുണ ലഭിച്ചു. ഈ അവാർഡ് എന്റെ മാത്രം നേട്ടമല്ല, ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെയെല്ലാം കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ്," ഷംല ഹംസ പറഞ്ഞു.

'ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രത്തിലൂടെ ഫാസിൽ മുഹമ്മദ് മികച്ച നവാ​ഗത സംവിധായകനുള്ള പുരസ്കാരവും നേടിയിരുന്നു. ഈ നേട്ടം ചിത്രത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്ത് പകരുന്നതാണെന്ന് ഫാസിൽ പ്രതികരിച്ചു. സംവിധായകൻ ഫാസിൽ മുഹമ്മദ്‌ സിനിമയിലൂടെ പറയുന്ന രാഷ്‌ട്രീയം സമകാലിക പ്രസക്തി ഉള്ളതായിരുന്നു. സമൂഹത്തിന്റെ പുരോഗമനപരമായ കുതിപ്പിന്‌ കൂടുതൽ കരുത്തു നൽകുന്ന ഫെമിനിച്ചി ഫാത്തിമ പോലുള്ള ചിത്രങ്ങൾക്ക് അംഗീകാരങ്ങൾ നേടുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ല. ഒക്ടോബർ 10-നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. എ.എഫ്.ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും തമർ കെവി യും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്തത്. 'ഫെമിനിച്ചി ഫാത്തിമ' നിരവധി ചലച്ചിത്രമേളകളിൽ പ്രശംസ നേടിയിരുന്നു. മികച്ച നടിക്കുള്ള മത്സരത്തിൽ ഇത്തവണ കനി കുസൃതിയും ദിവ്യ പ്രഭയും (ഓൾ വി ഇമാജിൻ ആസ് ലൈറ്റ്), അനശ്വര രാജൻ (രേഖാചിത്രം), ജ്യോതിർമയി (ബോഗെയ്ൻ വില്ല), സുരഭി ലക്ഷ്മി (അജയന്‍റെ രണ്ടാം മോഷണം), നസ്രിയ നസീം (സൂക്ഷ്മദർശിനി) എന്നിവരും ശക്തമായ മത്സരം കാഴ്ചവെച്ചിരുന്നു. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ പുരസ്‌കാരങ്ങൾ നിർണയിച്ചത്. 128 എൻട്രികൾ ആണ് പ്രാഥമിക ജൂറിയുടെ പരിഗണനയ്ക്ക് വന്നത്. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.

ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. ആസിഫ് അലി, വിജയരാഘവന്‍, ടൊവിനോ തോമസ്, സൗബിന്‍ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി മികച്ച നടനായത്. മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം ദര്‍ശന രാജേന്ദ്രനും ജ്യോതിര്‍മയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാര്‍ശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അര്‍ഹരായി. ബൊഗെയ്ന്‍ വില്ലയിലെ അഭിനയത്തിന് ജ്യോതിര്‍മയിക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചു. വേടനാണ് ഗാനരചയിതാവ്. ഹരിശങ്കര്‍ മികച്ച പിന്നണി ഗായകനും സെബ ടോമി മികച്ച പിന്നണി ഗായികയുമായി പുരസ്‌കാര ജേതാക്കളായി.