- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാവും രത്തന്‍ ടാറ്റയുടെ പിന്‍ഗാമി? ബിസിനസില്‍ ഒട്ടും താത്പര്യമില്ലാത്ത അനിയന്‍ ജിമ്മി ടാറ്റയോ? അതോ നറുക്ക് വീഴുക അര്‍ധ സഹോദരന്‍ നോയല്‍ ടാറ്റയുടെ മക്കള്‍ക്കോ? ബിസിനസ്സ് സാമ്രാജ്യത്തിന്റെ പിന്‍ഗാമിയാരെന്ന് ഉറ്റുനോക്കി രാജ്യം
ബിസിനസ് സാമ്രാജ്യത്തിന്റെ അടുത്ത പിന്‍ഗാമിയെ കാത്ത രാജ്യം
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് സമുച്ചയത്തെ ലോകോത്തര വ്യവസായ ഗ്രൂപ്പുകളിലൊന്നാക്കിയ വ്യവസായപ്രതിഭയും നവഭാരത ശില്‍പികളില്‍ ഒരാളുമായ രത്തന്‍ ടാറ്റ വിട വാങ്ങിയപ്പോള്‍ ആരായിരിക്കും ബിസിനസ് സാമ്രാജ്യത്തിന്റെ അടുത്ത പിന്‍ഗാമിയെന്ന ചര്‍ച്ച സജീവമാകുകയാണ്. നവ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ച, ജീവിത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ആ മനുഷ്യസ്‌നേഹി മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ബുധനാഴ്ച രാത്രി പതിനൊന്നേമുക്കാലോടെയാണ് വിടപറഞ്ഞത്. കര്‍മവീഥിയില്‍ അനശ്വരമുദ്ര പതിപ്പിച്ചാണ് അദ്ദേഹം കടന്നുപോയത്.
അനന്തരാവകാശികളായി മക്കളില്ലാത്തതിനാല്‍ രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയെ സംബന്ധിച്ച് എല്ലാ ചര്‍ച്ചകളും വലിയ തോതില്‍ ഊഹാപോഹങ്ങള്‍ക്ക് വിഷയമായിട്ടുണ്ട് എക്കാലത്തും. രത്തന്‍ ടാറ്റയുടെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ പിന്‍ഗാമിയാര് എന്നത് വലിയ പ്രാധാന്യത്തോടെയാണ് രാജ്യമൊട്ടാകെ ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്തുനിന്നു രത്തന്‍ ടാറ്റ 12 വര്‍ഷം മുമ്പ് തന്നെ സ്ഥാനമൊഴിഞ്ഞിരുന്നു. എങ്കിലും ഇന്നും ഇന്ത്യയിലെ നല്ലൊരു ജനങ്ങള്‍ക്കും ടാറ്റ എന്നാല്‍ രത്തന്‍ ടാറ്റയാണ്. നേതൃപദവിയില്‍നിന്ന് വിരമിക്കുകയാണ് എന്ന ടാറ്റയുടെ പ്രഖ്യാപനം സാധാരണക്കാരെ സങ്കടപ്പെടുത്തിയത് അദ്ദേഹത്തിനുള്ളിലെ മനുഷ്യസ്‌നേഹം ഒന്ന് കൊണ്ടു തന്നെയായിരുന്നു.
വിരമിക്കല്‍ പ്രഖ്യാപനത്തിനു പിന്നാലെ ടാറ്റയുടെ സാമ്രാജ്യത്തിന്റെ കടിഞ്ഞാന്‍ എത്തിയത് ടാറ്റ കുടുംബത്തിനു പുറത്തുള്ള സൈറസ് പി. മിസ്ത്രിയുടെ കൈകളില്‍. ടാറ്റയുടെ ചരിത്രത്തില്‍ കുടുംബത്തിനു പുറത്തുനിന്നുള്ള ആദ്യത്തെ മേധാവി. പക്ഷേ മിസ്ത്രിയുടെ ചെയര്‍മാന്‍ സ്ഥാനത്തിന്, പക്ഷേ, നാലുവര്‍ഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. രത്തന്‍ ടാറ്റയുമായി ഉടലെടുത്ത അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് അതിനാടകീയമായി മിസ്ത്രിയെ പുറത്താക്കി.
ആരാവും രത്തന്‍ ടാറ്റയുടെ പിന്‍ഗാമി? ബിസിനസില്‍ ഒട്ടും താത്പര്യമില്ലാത്ത അനിയന്‍ ജിമ്മി ടാറ്റയോ? അതോ നറുക്ക് വീഴുക അര്‍ധ സഹോദരന്‍ നോയല്‍ ടാറ്റയുടെ മക്കള്‍ക്കോ? ബിസിനസ്സ് സാമ്രാജ്യത്തിന്റെ പിന്‍ഗാമിയാരെന്ന് ഉറ്റുനോക്കി രാജ്യം
അവകാശികളായി മക്കളില്ലാത്തതിനാല്‍ സഹോദരനായ ജിമ്മി ടാറ്റയ്‌ക്കോ അര്‍ധ സഹോദരന്റെ മക്കള്‍ക്കോ ടാറ്റയുടെ സാമ്രാജ്യത്തിന്റെ കടിഞ്ഞാണ്‍ കൈമാറുമോ എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. അര്‍ധ സഹോദരന്‍ നോയല്‍ ടാറ്റയും മക്കളായ ലിയ, മായ, നെവില്‍ എന്നിവരിലേക്കുമാണ് ചര്‍ച്ചകള്‍ നീളുന്നത്.
എന്നാല്‍ ഇതിനേക്കാളെല്ലാം അര്‍ഹനായ ഒരാള്‍ ടാറ്റ കുടുംബത്തില്‍തന്നെ ജീവിച്ചിരിപ്പുണ്ട്. രത്തന്റെ അനിയന്‍ ജിമ്മി ടാറ്റയാണത്. എന്നാല്‍ ബിസിനസില്‍ ഒട്ടും താത്പര്യമില്ലാത്ത ജിമ്മി മഹാരാഷ്ട്രയിലെ കൊളാബിയിലെ രണ്ട് മുറി ഫ്ളാറ്റിലാണ് താമസിക്കുന്നത്. ടാറ്റ സണ്‍സിലും ടാറ്റയുടെ മിക്ക കമ്പനികളിലും ഓഹരിയുണ്ടെങ്കിലും മൊബൈല്‍ ഫോണ്‍പോലും ജിമ്മി ഉപയോഗിക്കുന്നില്ല. പത്രങ്ങളിലും ടിവിയും വരുന്ന വാര്‍ത്തകളിലൂടെയാണ് അദ്ദേഹം ടാറ്റ ഗ്രൂപ്പിന്റെ ഓരോ വാര്‍ത്തകളും അറിയുന്നത്. മികച്ച സ്‌ക്വാഷ് കളിക്കാരനാണ് ജിമ്മി. രത്തനെപോലെ ജിമ്മിയും അവിവാഹിതനാണ്. ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാനായ ഹര്‍ഷ് ഗോയങ്കെ 2022-ല്‍ ജിമ്മി ടാറ്റയുടെ ചിത്രം എക്സില്‍ പങ്കുവെച്ചിരുന്നു.
ഇതിന് പിന്നാലെ 2023 ജനുവരിയില്‍ ജിമ്മിക്കൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം രത്തനും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. 1945-ല്‍ എടുത്തതാണ് ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം. 'സന്തോഷകരമായ ദിവസങ്ങള്‍. അന്ന് ഞങ്ങള്‍ക്കിടയില്‍ ഒന്നുമില്ലായിരുന്നു' എന്ന ക്യാപ്ഷനും രത്തന്‍ നല്‍കിയിരുന്നു. ഇരുവരുടേയും വളര്‍ത്തുനായയും ചിത്രത്തിലുണ്ടായിരുന്നു. നവല്‍ ടാറ്റയുടേയും സൂനി ടാറ്റയുടേയും മക്കളാണ് രത്തനും ജിമ്മിയും. രത്തന് പത്ത് വയസുളപ്പോള്‍ നവെലും സൂനിയും വേര്‍പിരിഞ്ഞു. ഇരുവരും പുതിയ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചു.
സ്വിറ്റ്സര്‍ലന്‍ഡുകാരിയായ സിമോണിനെയാണ് നവല്‍ പിന്നീട് വിവാഹം ചെയ്തത്. നവലിന്റേയും സിമോണിന്റേയും മകനാണ് നോയല്‍ ടാറ്റ. നേതൃപദവിയുടെ ഉത്തരവാദിത്തങ്ങള്‍ ചുമലിലേറ്റാന്‍ നോയല്‍ പ്രാപ്തനല്ലെന്നായിരുന്നു രത്തന്റെ പക്ഷം. അതിനാല്‍തന്നെ ചെയര്‍മാനായി ആദ്യം സൈറസ് പി മിസ്ത്രിയേയും പിന്നീട് എന്‍ ചന്ദ്രശേഖരനേയും രത്തന്‍ തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ രത്തന് ശേഷം ടാറ്റ ഗ്രൂപ്പ് ഒരു തലമുറ മാറ്റത്തിനുള്ള സാധ്യതകളാകും ചിന്തിക്കുന്നത്.
സൈറസ് പി. മിസ്ത്രി പുറത്തായതിന് പിന്നാലെ എന്‍. ചന്ദ്രശേഖരന്‍ എന്ന നടരാജന്‍ ചന്ദ്രശേഖരന്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്തെത്തി. ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി 2017-ലാണ് എന്‍ ചന്ദ്രശേഖരന്‍ ചുമതലയേല്‍ക്കുന്നത്. ഇതിന് പുറമേ കുടുംബത്തില്‍ നിന്നുള്ള മറ്റു ചിലര്‍ വിവിധ ബിസിനസുകളില്‍ നേതൃസ്ഥാനങ്ങളിലുണ്ട്. അവരിലാരെങ്കിലും ഭാവിയില്‍ നേതൃത്വം ഏറ്റെടുക്കുമെന്നണ് പ്രതീക്ഷിക്കപ്പെടുന്നത്. നേതൃത്വം ഏറ്റെടുക്കാന്‍ ഏറ്റവും സാധ്യതയുള്ളയാളായി ഉയര്‍ന്നു കേള്‍ക്കുന്നത് നോയല്‍ ടാറ്റയുടെ പേരാണ്. നവല്‍ ടാറ്റയുടെ രണ്ടാം വിവാഹത്തില്‍ നിന്ന് ജനിച്ച നോയല്‍ ടാറ്റ രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരനാണ്.
കുടുംബത്തിനല്ല, പ്രൊഫഷണലിസത്തിനാണ് മുന്‍തൂക്കം എന്നായിരുന്നു ജീവിതകാലമത്രയും രത്തന്‍ ടാറ്റയുടെ സിദ്ധാന്തം. അര്‍ധസഹോദരന്‍ നോയല്‍ ടാറ്റയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിനുള്ള ടാറ്റയുടെ ഉത്തരവും ഇതുതന്നെയായിരുന്നു. നേതൃപദവിയുടെ ഉത്തരവാദിത്തങ്ങള്‍ ചുമലിലേറ്റാന്‍ നോയല്‍ ടാറ്റ പ്രാപ്തനല്ലായെന്നായിരുന്നു രത്തന്‍ ടാറ്റയുടെ പക്ഷം. എന്നാല്‍, രത്താന്‍ ടാറ്റയ്ക്കുശേഷം ടാറ്റ ഗ്രൂപ്പ് ഒരു തലമുറ മാറ്റത്തിനുള്ള സാധ്യതകള്‍ ചിന്തിക്കുമ്പോള്‍ സ്വാഭാവികമായും ആദ്യ പേരുകാരന്‍ നോയല്‍ ടാറ്റ തന്നെയാകുമെന്നാണ് കോര്‍പറേറ്റ് ലോകത്തെ പൊതുവേയുള്ള വിലയിരുത്തല്‍.
നോയല്‍ ടാറ്റയുടെ മക്കളാണ് മറ്റൊരു സാധ്യത. ലിയ ടാറ്റ, മായ ടാറ്റ, നെവില്‍ ടാറ്റ എന്നിങ്ങനെ മൂന്ന് മക്കളാണ് നോയല്‍ ടാറ്റയ്ക്ക്. ടാറ്റ ഗ്രൂപ്പ് സംവിധാനത്തിന്റെ കൂടുതല്‍ ചുമതലകള്‍ നല്‍കാനും ക്രമേണ നേതൃപദവിയിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ട് ടാറ്റ ഗ്രൂപ്പിനെ നിയന്ത്രിക്കുന്ന ടാറ്റ ട്രസ്റ്റില്‍ ലിയ ടാറ്റ, മായ ടാറ്റ, നെവില്‍ ടാറ്റ എന്നിവരെ നിയമിച്ചിരുന്നു. 2024 മേയിലാണ് ടാറ്റാ ട്രസ്റ്റിലേക്ക് കുടുംബത്തിലെ പുതുതലമുറയായ ലിയയും നെവിലും മായയും നിയമിതരാകുന്നത്. ഗ്രൂപ്പിലുള്‍പ്പെട്ട കമ്പനികളുടെ മാതൃകമ്പനിയായ ടാറ്റ സണ്‍സിന്റെ നിയന്ത്രണം ടാറ്റ ട്രസ്റ്റുകള്‍ക്കാണ്.
മാഡ്രിഡിലെ ഐ.ഇ. ബിസിനസ് സ്‌കൂളില്‍നിന്ന് ബിരുദമെടുത്ത ലിയ താജ് ഗ്രൂപ്പിന്റെ നടത്തിപ്പുള്ള ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ടാറ്റ എജുക്കേഷന്‍ ട്രസ്റ്റ്, ടാറ്റ സോഷ്യല്‍ വെല്‍ ഫെയര്‍ ട്രസ്റ്റ്, സാര്‍വജനിക് ട്രസ്റ്റ് എന്നിവയിലാണ് ലിയ പ്രവര്‍ത്തിക്കുക. ടാറ്റയുടെ ഫാഷന്‍ വിഭാഗമായ ട്രെന്റുമായിച്ചേര്‍ന്നാണ് നെവിലിന്റെ പ്രവര്‍ത്തനം. ജെ.ആര്‍.ഡി. ടാറ്റ ട്രസ്റ്റ്, ആര്‍.ഡി. ടാറ്റ ട്രസ്റ്റ്, ടാറ്റ സോഷ്യല്‍ വെല്‍ഫെയര്‍ ട്രസ്റ്റ് എന്നിവയിലായിരിക്കും നെവില്‍ പ്രവര്‍ത്തിക്കുക. ടാറ്റ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റീല്‍സിന്റെ ബോര്‍ഡംഗമായും നെവിലിനെ നിയമിച്ചിട്ടുണ്ട്.
കൂട്ടത്തിലെ ഇളയ അവകാശി മായ രത്തന്‍ ടാറ്റയുടെ പിന്മുറക്കാരിയായായാണ് പരക്കെ പരിഗണിക്കപ്പെടുന്നത്. 34 കാരിയായ മായ, ടാറ്റ ഗ്രൂപ്പിനുള്ളില്‍ കാര്യമായ പിടിമുറിക്കിയിട്ടുണ്ട്. ലണ്ടനിലെ ബെയ്സ് ബിസിനസ് സ്‌കൂളിലും വാര്‍വിക്ക് യൂണിവേഴ്സിറ്റിയിലും വിദ്യാഭ്യാസം നേടിയ അവര്‍ ടാറ്റ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ടിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ ക്യാപിറ്റലിന്റെ ഫണ്ടില്‍ പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റും നിക്ഷേപക ബന്ധങ്ങളും കൈകാര്യം ചെയ്തതിരുന്നത് മായയായിരുന്നു. എന്നാല്‍ ഫണ്ടിന്റെ പെട്ടെന്നുള്ള അടച്ചുപൂട്ടല്‍ കാരണം മായ ടാറ്റ ഡിജിറ്റലിലേക്ക് മാറി.
ടാറ്റ ഡിജിറ്റലില്‍ ജോലി ചെയ്തിരുന്ന കാലത്ത് ടാറ്റ ന്യൂ ആപ്പ് പുറത്തിറക്കിയതും മായയാണ്. ആര്‍.ഡി. ടാറ്റ ട്രസ്റ്റ്, ടാറ്റ എജുക്കേഷന്‍ ട്രസ്റ്റ്, സാര്‍വജനിക് ട്രസ്റ്റ് എന്നിവയിലാണ് മായയ്ക്ക് ചുമതല. മായാ ടാറ്റ ഗ്രൂപ്പിന്റെ നേതൃസ്ഥാനത്തേക്ക് എത്തുമെന്ന് കരുതുന്നവരുണ്ട്. കുടുംബത്തിനു പുറത്തേക്ക് പോയ നേതൃസ്ഥാനം രത്തന്‍ ടാറ്റയുടെ മരണശേഷം കുടുംബത്തിലേക്ക് തന്നെ തിരിച്ചെത്തുമോയെന്നതാണ് വലിയ ചോദ്യം.
ഇന്ത്യന്‍ വ്യവസായ ചരിത്രത്തില്‍ ഇടം നേടിയ ടാറ്റ കുടുംബത്തിന്റെ ചരിത്രം നുസര്‍വാന്‍ജി ടാറ്റയില്‍ നിന്നാണ് തുടങ്ങുന്നത്.
നുസര്‍വാന്‍ജി ടാറ്റ (1822- 1886)
ടാറ്റ കുടുംബത്തിന്റെ കുടുംബാധിപനായിരുന്നു നുസര്‍വാന്‍ജി. പാഴ്സി പുരോഹിതനായിരുന്ന ഇദ്ദേഹമാണ് കുടുംബ ബിസിനസിന് തുടക്കം കുറിച്ചത്.
ജംഷെഡ്ജി ടാറ്റ (1839- 1904)
നുസര്‍വാന്‍ജി ടാറ്റയുടെ മകനാണ് ജംഷെഡ്ജി. ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകന്‍. ഇന്ത്യന്‍ വ്യവസായത്തിന്റെ പിതാവ് എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ടാറ്റ സ്റ്റീല്‍, ടാറ്റ ഹോട്ടലുകള്‍, ഹൈഡ്രോപവര്‍ എന്നീ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചതും ഇദ്ദേഹമാണ്.
ദൊറാബ്ജി ടാറ്റ (1859- 1932)
ജംഷെഡ്ജി ടാറ്റയുടെ മൂത്ത മകനാണ് ദൊറാബ്ജി. ജംഷെഡ്ജിയുടെ മരണശേഷം ടാറ്റ ഗ്രൂപ്പിന്റെ അമരക്കാരനായി ഇദ്ദേഹം. ടാറ്റ സ്റ്റീല്‍, ടാറ്റ പവര്‍ എന്നീ ബിസിനസ് സംരഭങ്ങളെ പുതിയ പാതയിലേക്കെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
രത്തന്‍ ടാറ്റ (1871 - 1918)
ജംഷെഡ്ജി ടാറ്റയുടെ ഇളയമകനാണ് ഇദ്ദേഹം. ടാറ്റ ഗ്രൂപ്പിന്റെ വികസനത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തി.
ജെആര്‍ഡി ടാറ്റ (ജഹാംഗീര്‍ രത്തന്‍ജി ദാദാഭോയ് ടാറ്റ, 1904-1993)
രത്തന്‍ജി ദാദാഭോയ് ടാറ്റയുടേയും സൂസെന്‍ ബ്രിയര്‍ ദമ്പതികളുടേയും മകനാണ് ജെആര്‍ഡി ടാറ്റ. 50 വര്‍ഷത്തോളം ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനം വഹിച്ച വ്യക്തിയാണ് ജെആര്‍ഡി. ടാറ്റ എയര്‍ലൈന്‍സ് സ്ഥാപിച്ചത് ഇദ്ദേഹമാണ്. ഇതാണ് പിന്നീട് എയര്‍ ഇന്ത്യയായി മാറിയത്.
നവല്‍ ടാറ്റ (1904 - 1989)
രത്തന്‍ ടാറ്റയുടെ ദത്തുപുത്രനാണ് നവല്‍ ടാറ്റ. ടാറ്റ ഗ്രൂപ്പിലെ ഒരു പ്രമുഖ വ്യക്തിയാണ് ഇദ്ദേഹം.
രത്തന്‍ നവല്‍ ടാറ്റ (1937 - 2024)
നവല്‍ ടാറ്റയുടേയും സൂനി ടാറ്റയുടേയും മകനാണ് രത്തന്‍ രത്തന്‍ നവല്‍ ടാറ്റ. ടാറ്റ ഗ്രൂപ്പിലെ ഏറ്റവും പ്രമുഖനായ വ്യക്തി. ടാറ്റ ഗ്രൂപ്പിനെ ഒരു ആഗോള ബിസിനസ് സംരഭമായി മാറ്റാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. കോറസ്, ജെഎല്‍എല്‍, ടെറ്റ്ലി തുടങ്ങിയ സംരഭങ്ങള്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതും രത്തന്റെ കാലത്താണ്.
നോയല്‍ ടാറ്റ (1957)
രത്തന്‍ ടാറ്റയുടെ അര്‍ധ സഹോദരനാണ് ഇദ്ദേഹം. നവലിന്റേയും സിമോണിന്റേയും മകന്‍. ടാറ്റ ഗ്രൂപ്പിന്റെ റീട്ടെയ്ല്‍ വിഭാഗമായ ട്രെന്റിന്റെ ചെയര്‍മാന്‍ ആയിരുന്നു ഇദ്ദേഹം.