തിരുവനന്തപുരം: വന്യജീവി പ്രശ്‌നങ്ങള്‍ ഇടതു സര്‍ക്കാറിന് വലിയ തലവേദനയാകുകയാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അടക്കം ഈ വിഷയമാണ് ഏറ്റവും സജീവമായി നിന്നത് ഈ വന്യജീവി പ്രശ്‌നമായിരുന്നു. ഇതുവരെ വേണ്ടത്ര പരിഗണന കൊടുത്താതിരുന്ന വിഷയം സംസ്ഥാന സര്‍ക്കാറിന് വരുന്ന തിരഞ്ഞെുപ്പിലും വലിയ തലവേദനയാകുമെന്ന കാര്യം ഉറപ്പാണ്. ഇതോടെ കേന്ദ്രസര്‍ക്കാറിന്റെ അടിയന്തര ഇടപെടല്‍ തേടിയിരിക്കയാണ് സംസ്ഥാന സര്‍ക്കാര്‍.

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും കാട്ടുപന്നികളുടെ ആക്രമണങ്ങള്‍ കൂടുതല്‍ കണ്ടെത്തിയ വില്ലേജുകളില്‍ എങ്കിലും കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും അത്തരമൊരു പ്രഖ്യാപനം നടത്തണമെന്നും സംസ്ഥാന വനം വകുപ്പ് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മനുഷ്യ-വന്യജീവി സംഘര്‍ഷം തടയുന്നതിനായി 1972-ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ കേന്ദ്ര വനം -പരിസ്ഥിതി വകുപ്പുമന്ത്രിക്ക് വീണ്ടും കത്തയച്ചു.

കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതില്‍ ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുന്നതായി കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം തന്നെ ചൂണ്ടിക്കാണിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ മന്ത്രി ആവര്‍ത്തിച്ചത്.

സംസ്ഥാനം നേരിടുന്ന ഗുരുതരമായ വന്യജീവി പ്രശ്നങ്ങള്‍ വിവരിച്ചുകൊണ്ട് ജൂണ്‍ ആറിന് വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തോട് (വന്യജീവി വിഭാഗം) 1972-ലെ വന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചു. ആക്രമണകാരികളായ വന്യമൃഗങ്ങളെ നേരിടുന്നതിന് നിലവിലുള്ള ചട്ടങ്ങള്‍, നടപടിക്രമങ്ങള്‍, പ്രോട്ടോക്കോളുകള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവ ലളിതമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് മറുപടിയായി കേന്ദ്ര മന്ത്രാലയം 2025 ജൂണ്‍ 11-ന് അയച്ച കത്തില്‍ ചില അസാധാരണ സാഹചര്യങ്ങളില്‍ ഒഴികെ പട്ടിക ഒന്നിലും രണ്ടിലും ഉള്‍പ്പെട്ട ഏതെങ്കിലും വന്യമൃഗത്തെ വേട്ടയാടുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്ന് അറിയിച്ചു.

കേന്ദ്ര നിയമത്തില്‍ വ്യക്തമാക്കിയ പ്രകാരം ആദ്യനടപടിയായി ആക്രമണകാരിയായ ഒരു വന്യമൃഗത്തെ പിടികൂടാനോ, മയക്കുവെടിവെക്കാനോ, സ്ഥലത്ത് നിന്ന് മാറ്റാനോ ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ നടപടി സ്വീകരിക്കണമെന്നും ഇവ സാധ്യമല്ലെങ്കില്‍ മാത്രമെ ഒഴിച്ചുകൂടാന്‍ പറ്റാത്ത സാഹചര്യത്തില്‍ വന്യമൃഗത്തെ കൊല്ലാന്‍ ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന് അധികാരമുള്ളൂ എന്നും കേന്ദ്ര മന്ത്രാലയത്തിന്റെ മറുപടി സംസ്ഥാനത്തെ അറിയിച്ചിരുന്നു.

അപ്രായോഗികമായ ഇത്തരം നടപടിക്രമങ്ങളും നിയന്ത്രണങ്ങളും കാരണം നിര്‍ണായക സാഹചര്യങ്ങളില്‍ ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ല എന്നും അതിനാല്‍ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ കഴിയാതെ വരുന്നതായും കേന്ദ്രമന്ത്രിക്ക് അയച്ച കത്തില്‍ സൂചിപ്പിച്ചു. അതോടൊപ്പം 'ആക്രമണകാരിയായ മൃഗം' എന്ന് നിയമത്തില്‍ ഉപയോഗിച്ചത് അവ്യക്തമാണെന്നും അത് നിര്‍വ്വചിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന തുക അപര്യാപ്തമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച 620 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നതിനായി പ്രത്യേക സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.