കൊല്‍ക്കത്ത: ബംഗ്ലാദേശ് പ്രധാനമന്ത്രി പദവിയില്‍ നിന്നും രാജിവെച്ച് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീനക്ക് അഭയം നല്‍കുന്നതിനോട് പ്രതികരിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്ര സര്‍ക്കാര്‍ എന്ത് തീരുമാനമെടുത്താലും പൂര്‍ണമായി പിന്തുണക്കുമെന്ന് മമത ബാനര്‍ജി വ്യക്തമാക്കി. രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ ബംഗാളിലെ ജനങ്ങളോട് മമത അഭ്യര്‍ഥിച്ചു. ഒരു തരത്തിലുള്ള കിംവദന്തികള്‍ക്കും ശ്രദ്ധ കൊടുക്കരുത്. ഇത് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള വിഷയമാണ്. കേന്ദ്ര സര്‍ക്കാര്‍ എന്ത് തീരുമാനമെടുത്താലും ഞങ്ങള്‍ പിന്തുണക്കുമെന്നും മമത പറഞ്ഞു.

'നിലവിലെ പ്രശ്നത്തെ എങ്ങനെ സമീപിക്കണമെന്ന് ഇന്ത്യ ഗവണ്‍മെന്റ് തീരുമാനിക്കും. ബംഗാളിലോ രാജ്യത്തോ സമാധാനം തകര്‍ക്കുന്ന പ്രകോപനപരമായ അഭിപ്രായങ്ങള്‍ പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളോട് അഭ്യര്‍ഥിക്കുന്നു. ചില ബി.ജെ.പി നേതാക്കള്‍ ഇതിനോടകം അഭിപ്രായം പറഞ്ഞിട്ടുണ്ട്. അത് ചെയ്യാന്‍ പാടില്ല' -മമത ബാനര്‍ജി വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബംഗ്ലാദേശില്‍ നടന്ന പ്രതിഷേധങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നമ്മുടെ രാജ്യം സുരക്ഷിതമാണെന്ന് വിശ്വസിക്കുന്നതിനാലാണ് ഷെയ്ഖ് ഹസീന ഇന്ത്യയില്‍ വന്നതെന്ന് മാധ്യമങ്ങളില്‍ നിന്ന് നമ്മള്‍ കേള്‍ക്കുന്നു.

പശ്ചിമ ബംഗാള്‍ ബംഗ്ലാദേശുമായി സാംസ്‌കാരികവും ഭാഷാപരവുമായ ബന്ധം പങ്കിടുന്നുണ്ട്. എത്രയും വേഗം സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഈ വിഷയത്തില്‍ ആവശ്യമെങ്കില്‍ നമ്മുടെ പ്രധാനമന്ത്രി തീര്‍ച്ചയായും ഇടപെടുമെന്നും മമത ബാനര്‍ജി ചൂണ്ടിക്കാട്ടി.

ബംഗ്ലാദേശിന്റെ 1971ലെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത വിമുക്തഭടന്മാരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയുടെ 30 ശതമാനം സംവരണം ചെയ്ത വിവാദ ക്വോട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയാണ് കലാപമായി മാറിയത്. സുപ്രീംകോടതി ഇടപെട്ട് സംവരണ ക്വോട്ട റദ്ദാക്കിയെങ്കിലും തുടര്‍ചര്‍ച്ചക്കുള്ള ഷെയ്ഖ് ഹസീനയുടെ ക്ഷണം പ്രതിഷേധക്കാര്‍ നിരാകരിക്കുകയും സര്‍ക്കാറിന്റെ രാജിക്കായി ഒന്നിച്ച് രംഗത്തിറങ്ങുകയുമായിരുന്നു.

പ്രധാനമന്ത്രിയുടെ രാജിയും സംവരണ പരിഷ്‌കരണ പ്രതിഷേധവുമായി ബന്ധപ്പെട്ട് സമീപകാല അക്രമങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതിയും ആവശ്യപ്പെട്ട് 'വിവേചന വിരുദ്ധ വിദ്യാര്‍ഥി പ്രസ്ഥാന'ത്തിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടത്തിയ 'മാര്‍ച്ച് ടു ധാക്ക'യാണ് വന്‍ കലാപമായി മാറിയത്. എന്നാല്‍, പ്രതിഷേധം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ ശൈഖ് ഹസീനയോട് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാന്‍ സേനാ മേധാവി അന്ത്യശാസനം നല്‍കി. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി പദം രാജിവെച്ച് ശൈഖ് ഹസീനയും സഹോദരി ശൈഖ് രഹിനയും വിമാനമാര്‍ഗം ഇന്ത്യയിലെത്തിയത്.