ലക്‌നൗ: നരഭോജി ചെന്നായ്ക്കളുടെ ഭീതിയൊഴിയാതെ ഉത്തര്‍പ്രദേശ്.ഉത്തര്‍പ്രദേശിലെ ബഹ്റൈച്ച് ജില്ലയില്‍ ആക്രമണം വ്യാപകമാവുകയാണ്.ഇന്നലെ രാത്രി 11 വയസുകാരിയെ ചെന്നായ ആക്രമിച്ചു.കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. രണ്ട് മാസത്തിനിടെ എട്ട് കുട്ടികള്‍ അടക്കം ഒമ്പത് പേരെയാണ് നരഭോജി ചെന്നായ്ക്കള്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്.വീടിനുള്ളില്‍ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞും ഇതില്‍പ്പെടുന്നു.ഭാഗികമായി ഭക്ഷിച്ച നിലയിലാണ് ചില മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മാര്‍ച്ച് മാസം മുതലാണ് ബെഹറിച്ചില്‍ ചെന്നായയുടെ ആക്രമണം ആരംഭിച്ചത്.ജൂലൈ 17 ന് ശേഷം ഇത് വീണ്ടും വര്‍ദ്ധിക്കുകയായിരുന്നു. എട്ട് പേരെയാണ് ഇതിനോടകം ആക്രമണത്തില്‍ 36 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ചെന്നായ്ക്കളുടെ ആക്രമണം കടുത്തതോടെ മേഖലയില്‍ വലിയ പ്രതിഷേധം നടക്കുകയാണ്.നരഭോജി ചെന്നായ്ക്കളെ പിടികൂടാന്‍ ഓപ്പറേഷന്‍ ഭേഡിയ എന്ന പേരില്‍ വനം വകുപ്പും ജില്ലാ ഭരണകൂടവും പൊലീസും ചേര്‍ന്ന് സംയുക്തമായി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.രാത്രി പട്രോളിംഗ് അടക്കം നടത്തുന്നുണ്ട്.ഇതിനിടെ അഞ്ച് നരഭോജി ചെന്നായ്ക്കളെ പിടികൂടുകയും ചെയ്തു.

തെരച്ചിലിന് ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്.ചെന്നായ്ക്കള്‍ തുടര്‍ച്ചയായി വാസസ്ഥലം മാറുന്നതാണ് പ്രധാന വെല്ലുവിളി.ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.ചെന്നായ്ക്കള്‍ വ്യത്യസ്തരാണ്. വേഗതയും ബുദ്ധിയുള്ളവരുമാണ്. അവരുടെ രീതി പഠിച്ചുവേണം പരിഹാരം കണ്ടെത്താനെന്ന് മുന്‍ വനംവകുപ്പ് ഉദ്യോഗസ്ഥനും 1996ലെ ദൗത്യത്തിലെ അംഗവുമായ വി.കെ സിംഗ് വ്യക്തമാക്കി.

ചെന്നായ ആക്രമണം രൂക്ഷമായതോടെ ജില്ലയിലെ മുപ്പതോളം ഗ്രാമങ്ങള്‍ നിശ്ചലമായ അവസ്ഥയിലാണ്.നാട്ടുകാര്‍ ജോലിക്കോ കുട്ടികള്‍ സ്‌കൂളിലോ പോകുന്നില്ല.ജനങ്ങളോട് വീടിനുള്ളില്‍ തന്നെ തുടരാനും ജാഗ്രത പാലിക്കാനുമാണ് നിര്‍ദ്ദേശം.ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ബെഹറിച്ചിലെ മഹസി താലൂക്കിനെ സംസ്ഥാന സര്‍ക്കാര്‍ വന്യജീവി ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചു.മനുഷ്യ- മൃഗ സംഘര്‍ഷമുള്ള മേഖലയെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ നടപടി.ഫിഷറീസ് മന്ത്രി സഞ്ജയ് കുമാര്‍ നിഷാദ് ആണ് ഇക്കാര്യം അറിയിച്ചത്.

വന്യജീവി ആക്രമണം തടയുന്നതിനുള്ള നടപടികള്‍ വേഗത്തിലാകുന്നതിന് വേണ്ടി മാത്രമല്ല, മറിച്ച് ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം ഉള്‍പ്പെടെ വേഗത്തില്‍ ലഭിക്കുന്നതിന് വേണ്ടി കൂടിയാണ് മേഖലയെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചത്.പ്രദേശത്തെ വന്യജീവി ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കുന്നതിലൂടെ ഇരകള്‍ക്ക് അതിവേഗം സഹായം ലഭ്യമാകുമെന്ന് സഞ്ജയ് കുമാര്‍ നിഷാദ് പറഞ്ഞു.വന്യജീവി ദുരന്തബാധിത മേഖലകളില്‍ നടപടികള്‍ സ്വീകരിക്കുന്നതിന് നിയമത്തിന്റെ സങ്കീര്‍ണമായ നൂലാമാലകള്‍ ഇല്ല. അത് മാത്രമല്ല മനുഷ്യര്‍ക്ക് ഭീഷണിയാകുന്ന വന്യജീവികള്‍ക്കെതിരെ അതിവേഗം നടപടി സ്വീകരിക്കുന്നതിനുളള സാദ്ധ്യതകളും ഈ നിയമത്തില്‍ ഉണ്ട്.ഫണ്ട് ലഭ്യമാകുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും എളുപ്പമാകും.

അതേസമയം മറ്റ് മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രതികാരം ചെയ്യാനുള്ള പ്രവണത ചെന്നായ്ക്കള്‍ക്ക് കൂടുതലാണെന്നാണ് പറയപ്പെടുന്നത്.ഏതെങ്കിലും തരത്തിലെ പ്രതികാരമാണോ ഇപ്പോഴത്തെ ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് ചില വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.1996ല്‍ പ്രതാപ്ഗഡിലും സമീപ ജില്ലകളായ സുല്‍ത്താന്‍പൂര്‍, ജൗന്‍പൂര്‍ എന്നിവിടങ്ങളിലുമായും 60ലധികം കുട്ടികളെ ചെന്നായ്ക്കള്‍ കൊന്നിരുന്നു. ചില കുട്ടികള്‍ മേഖലയില്‍ രണ്ട് ചെന്നായക്കുട്ടികളെ കൊന്നതിന് പിന്നാലെയായിരുന്നു ഇത്.ചെന്നായ്ക്കളെ പിടികൂടാന്‍ പ്രത്യേക ദൗത്യം തുടങ്ങിയെങ്കിലും ആക്രമണങ്ങള്‍ക്ക് കുറവില്ല.

25 വര്‍ഷം മുമ്പും സമാനമായ സംഭവം ഉത്തര്‍പ്രദേശില്‍ ഉണ്ടായിട്ടുണ്ട്. അന്ന് ജൗന്‍പൂര്‍, പ്രതാപ്ഗഡ് ജില്ലകളിലെ സായ് നദിയുടെ തടത്തില്‍ 50-ലധികം കുട്ടികളെ ചെന്നായ്ക്കള്‍ കൊലപ്പെടുത്തിയിരുന്നു.ഒടുവില്‍ അന്വേഷിച്ചു ചെന്നപ്പോള്‍ ചില കുട്ടികള്‍ ഒരു മാളത്തില്‍ രണ്ട് ചെന്നായക്കുട്ടികളെ കൊന്നതായി കണ്ടെത്തിയിരുന്നുഅങ്ങിനെ കൊല്ലപ്പെട്ട ചെന്നായക്കുട്ടികളുടെ മാതാപിതാക്കള്‍ വളരെ അക്രമാസക്തരായി, പ്രദേശത്ത് താമസിക്കുന്ന മനുഷ്യരെ ആക്രമിക്കാന്‍ തുടങ്ങി.

വനംവകുപ്പ് ജനങ്ങളുടെ ഇടയില്‍ ഒരു പ്രചാരണം നടത്തുകയും ചില ചെന്നായ്ക്കളെ പിടികൂടുകയും ചെയ്തു.പക്ഷേ കാടിളക്കിയുള്ള വലിയ തോതിലുള്ള വേട്ടയാടലുണ്ടായിട്ടും നരഭോജി ചെന്നായ്ക്കള്‍ പിടികൊടുത്തില്ല.ഒടുവില്‍ ആ നരഭോജികളെ തിരിച്ചറിഞ്ഞു രണ്ടിനെയും വെടിവച്ചു.ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ രണ്ട് ചെന്നായക്കുട്ടികള്‍ ട്രാക്ടറിന്റെ ചക്രത്തിനടിയില്‍ ചതഞ്ഞരഞ്ഞു ചത്തിരുന്നു. അതിന്റെ ഫലമായിരിക്കും ഈ അക്രമണങ്ങള്‍.

ചെന്നായ്ക്കള്‍ പ്രദേശവാസികളെ ആക്രമിക്കാന്‍ തുടങ്ങിയതോടെ, അവരില്‍ ചിലവയെ പിടികൂടി 40 കിലോമീറ്റര്‍ അകലെയുള്ള ചക്കിയ വനത്തില്‍ വിട്ടയച്ചു. പക്ഷെ ചെന്നായ്ക്കളുടെ സ്വാഭാവിക ആവാസകേന്ദ്രമല്ല ചക്കിയ വനം. അതേ ചെന്നായകള്‍ തിരിച്ചുവന്ന് പ്രതികാരം ചെയ്യാന്‍ ഈ ആക്രമണങ്ങള്‍ നടത്താനാണ് സാധ്യത.'' സിംഗ് പറഞ്ഞു.