- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അന്‍സില്‍ വീട്ടില്‍ എത്തുന്നതിന് മുന്‍പ് സിസിടിവിയുടെ ഡിവിആര്‍ എടുത്തുമാറ്റി; ദൃശ്യങ്ങള്‍ നശിപ്പിച്ചു; മൊബൈല്‍ ഫോണ്‍ കാട്ടിലേക്ക് വലിച്ചെറിഞ്ഞു; ആണ്‍സുഹൃത്തിന്റെ മരണം ആത്മഹത്യയാക്കാന്‍ രണ്ടുമാസം മുന്‍പേ തയാറെടുപ്പുകള്‍ തുടങ്ങി; അഥീനയുടെ പ്ലാന്‍ പൊളിച്ചത് കളനാശിനി തന്നെ; കടമെടുത്തത് കഷായം ഗ്രീഷ്മയുടെ കുബുദ്ധി
കടമെടുത്തത് കഷായം ഗ്രീഷ്മയുടെ കുബുദ്ധി
കൊച്ചി: കോതമംഗലം മാതിരപ്പിള്ളി മേലേത്തുമാലില്‍ അലിയാരിന്റെ മകന്‍ അന്‍സിലിനെ ബന്ധുകൂടിയായ പെണ്‍സുഹൃത്ത് കൊലപ്പെടുത്തിയത് മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പിന് ഒടുവിലെന്ന് സൂചന. യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയായി ചിത്രീകരിക്കാനായിരുന്നു അഥീനയുടെ നീക്കം. എന്നാല്‍ യുവാവിന്റെ നിര്‍ണായക മൊഴിയും കളനാശിനി വാങ്ങിയത് അഥീനയെന്ന് കണ്ടെത്തിയതുമാണ് കേസില്‍ നിര്‍ണായകമായത്. കൊലപാതകത്തില്‍ പ്രതി അഥീന നടത്തിയ ആസൂത്രണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിനു ലഭിച്ചു. രണ്ടുമാസം മുന്‍പേ തയാറെടുപ്പുകള്‍ തുടങ്ങിയെന്നാണ് അഥീനയുടെ മൊഴി. സംഭവദിവസം രാത്രി അന്‍സില്‍ വീട്ടില്‍ എത്തും മുന്‍പ് വീട്ടിലെ സിസിടിവിയുടെ ഡിവിആര്‍ അഥീന എടുത്തുമാറ്റുകയും ദൃശ്യങ്ങളും നശിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തെളിവ് നശിപ്പിക്കലിന്റെ ഭാഗമായിട്ടായിരുന്നു ഇത്. വിഷം വാങ്ങിയതിന്റെയും വീട്ടില്‍ സൂക്ഷിച്ചതിന്റെയും തെളിവുകള്‍ പൊലീസിനു ലഭിച്ചതോടെ അഥീനയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
അഥീന ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിലേക്ക് ജൂലൈ 31നു പുലര്‍ച്ചെയാണ് അന്‍സില്‍ എത്തിയത്. അന്‍സില്‍ കുടിക്കാനായി വെള്ളം ചോദിച്ചപ്പോള്‍ അഥീന ഡിസ്പോസിബിള്‍ ഗ്ലാസില്‍ ശീതളപാനീയത്തില്‍ വിഷം ചേര്‍ത്ത് നല്‍കുകയായിരുന്നു. വിഷം അകത്തുചെന്ന അന്‍സില്‍ തന്നെയാണു സുഹൃത്തിനെയും പൊലീസിനെയും വിവരമറിയിച്ചത്. അഥീന അന്‍സിലിന്റെ വീട്ടുകാരെയും വിവരം അറിയിച്ചു. ആത്മഹത്യാ ശ്രമം എന്നാണ് അഥീന പൊലീസിനോടും വീട്ടുകാരോടും പറഞ്ഞത്. തുടര്‍ന്ന് പൊലീസും ബന്ധുക്കളും എത്തി ആംബുലന്‍സില്‍ അന്‍സിലിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ 31നു രാത്രിയാണ് അന്‍സില്‍ മരിച്ചത്.
വിഷം അന്‍സില്‍ കൊണ്ടുവന്നതാണെന്നാണ് അഥീന ആദ്യം നല്‍കിയ മൊഴി. എന്നാല്‍, പോലീസ് ഇത് വിശ്വസിച്ചില്ല. കളനാശിനി ദിവസങ്ങള്‍ക്കു മുന്‍പുതന്നെ വാങ്ങിവെച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. 'അവള്‍ വിഷം നല്‍കി... എന്നെ ചതിച്ചു' എന്ന് ആംബുലന്‍സില്‍ വെച്ച് ബന്ധുവിനോടും ഡോക്ടറോടും അന്‍സില്‍ വെളിപ്പെടുത്തിയത് നിര്‍ണായകമായി. ചോദ്യംചെയ്യലില്‍ പ്രതി മൊഴിമാറ്റി പറയുന്നത് പോലീസിനെ കുഴക്കുന്നുണ്ട്. കൃത്യത്തിനുശേഷം അന്‍സിലിന്റെ മൊബൈല്‍ വീടിനുസമീപം കാട്ടിലേക്ക് വലിച്ചെറിഞ്ഞിരുന്നു. പോലീസ് എത്തി കാട് വെട്ടിനീക്കി ഫോണ്‍ കണ്ടെടുത്തു. ഫോണ്‍ പരിശോധനയ്ക്ക് അയക്കും. അതുപോലെ ഹാര്‍ഡ് ഡിസ്‌ക് വീണ്ടെടുത്താല്‍ നിര്‍ണായക വിവരം ലഭിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. അഥീനയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. അയല്‍വാസികളുമായി ബന്ധമില്ലാതെയാണ് അഥീന കഴിഞ്ഞിരുന്നത്. മാതാവിന്റെ മരണശേഷമാണ് അഥീന മാലിപ്പാറയിലെ വീട്ടില്‍ താമസമാക്കിയത്. മറ്റ് ബന്ധുക്കളുമായും അഥീന അടുപ്പം പുലര്‍ത്തിയിരുന്നില്ലെന്നാണ് വിവരം.
സുഹൃത്തുക്കളായിരുന്ന അന്‍സിലും അഥീനയും തമ്മില്‍ പലപ്പോഴും സാമ്പത്തിക ഇടപാടിനെ ചൊല്ലി വഴക്കുണ്ടാകാറുണ്ടായിരുന്നു. രണ്ടുമാസം മുന്‍പ് അന്‍സില്‍ മര്‍ദിച്ചതായി കാണിച്ച് കോതമംഗലം പോലീസില്‍ അഥീന പരാതി നല്‍കിയിരുന്നു. രണ്ടാഴ്ചമുന്‍പ് കോടതി മുന്‍പാകെ ഇത് പണം നല്‍കി ഒത്തുതീര്‍പ്പാക്കാന്‍ ധാരണയായിരുന്നു. എന്നാല്‍, പണം അന്‍സില്‍ നല്‍കിയില്ല. ഇതേച്ചൊല്ലി വീണ്ടും വഴക്കുണ്ടായതായും വിവരമുണ്ട്. ഈ വൈരാഗ്യമാണു കൊലപാതകത്തില്‍ കലാശിച്ചത്. അന്‍സിലിന്റെ ഭാര്യയോടും അഥീന പണം ചോദിച്ചിരുന്നതായാണ് വിവരം.
ഒരു മാസം മുന്‍പ് കോതമംഗലം സ്വദേശിയായ സോണി എന്ന ആള്‍ വീട്ടില്‍ അതിക്രമിച്ചുകയറി അഥീനയെ മര്‍ദിക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായി കേസുണ്ടായിരുന്നു. ഈ കേസില്‍ സോണി അറസ്റ്റിലായിരുന്നു. സോണിയും അന്‍സിലും സുഹൃത്തുക്കളാണ്. സോണി മുഖേനയാണ് അന്‍സില്‍ അഥീനയെ പരിചയപ്പെടുന്നതെന്നാണ് പോലീസ് പറയുന്നത്.
അന്‍സിലും അഥീനയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇയാള്‍ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ്. അഥീന അവിവാഹിതയാണ്. അഥീന വിഷംനല്‍കിയെന്ന് ആംബുലന്‍സില്‍ വച്ച് അന്‍സില്‍ ബന്ധുവിനോട് വെളിപ്പെടുത്തിയതാണ് വഴിത്തിരിവായത്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് അഥീന പൊലീസിനു നല്‍കിയ മൊഴി.
അന്‍സിലിന്റെ ശ്വാസകോശത്തിന് പൊള്ളലേല്‍ക്കുകയും കരളും വൃക്കയുമടക്കമുള്ള ആന്തരികാവയവങ്ങള്‍ തകരാറിലാവുകയും ചെയ്തതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതാണ് മരണ കാരണം. കൃത്യം നടത്താന്‍ അഥീനയ്ക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഇതിനായി അഥീനയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. നിലവില്‍ റിമാന്‍ഡിലുള്ള അഥീന കാക്കനാട് വനിതാ ജയിലിലാണുള്ളത്.
വിഷം ഉള്ളില്‍ ചെന്ന് അവശനിലയിലായ അന്‍സില്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി എട്ടിനാണ് മരിച്ചത്. വിഷം നല്‍കിയശേഷം അഥീന തന്റെ വീടിനു സമീപം ഒരാള്‍ വിഷം കഴിച്ച് കിടക്കുന്നതായി പോലീസില്‍ വിവരം നല്‍കി. അന്‍സിലും കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്ത് വിഷം ഉള്ളില്‍ച്ചെന്ന് താന്‍ അവശനാണെന്ന് അറിയിച്ചിരുന്നു. സ്ഥലത്തെത്തിയ പോലീസ് അന്‍സിലിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തി. ആംബുലന്‍സുമായെത്തിയ ബന്ധുവിനോടും പോലീസിനോടും ആശുപത്രിയില്‍ വെച്ച് ഡോക്ടറോടും അഥീനയാണ് തനിക്ക് വിഷം നല്‍കിയതെന്ന് അന്‍സില്‍ പറഞ്ഞിരുന്നു.
ശീതളപാനീയത്തില്‍ കളനാശിനി കലക്കി നല്‍കിയെന്നാണ് പോലീസ് പറയുന്നത്. കസ്റ്റഡിയിലെടുത്ത അഥീനയുടെ പേരില്‍ ആദ്യം വധശ്രമത്തിനാണ് കേസെടുത്തത്. അന്‍സില്‍ മരിച്ചതോടെ ഇത് കൊലപാതക കേസായി. ടിപ്പര്‍, ജെസിബി തുടങ്ങിയവ വാടകയ്ക്ക് നല്‍കിയിരുന്ന അന്‍സിലിന് വാഹന കച്ചവടവും ഉണ്ടായിരുന്നു. എസ്എച്ച്ഒ പി.ടി. ബിജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. കോടതിയില്‍ ഹാജരാക്കിയ അഥീനയെ റിമാന്‍ഡ് ചെയ്തു. തുടരന്വേഷണത്തിന് വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.