- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തകര്‍ന്നുവീണ കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് പൊലീസ്; ശുചിമുറിയിലേക്കു പോയ അമ്മ തിരികെവന്നില്ലെന്ന് മകള്‍; ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞു; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച; ബിന്ദുവിന്റെ മൃതദേഹം കണ്ടെടുത്തത് രണ്ടര മണിക്കൂറിനു ശേഷം
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടമായത് മകളുടെ ചികിത്സക്കായി ആശുപത്രിയില്‍ എത്തിയ അമ്മയ്ക്ക്. തലയോലപ്പറമ്പ് ഉമ്മന്‍കുന്ന് മേപ്പത്ത് കുന്നേല്‍ ഡി. ബിന്ദു(52)വാണ് മരിച്ചത്. തകര്‍ന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍പ്പെട്ട ബിന്ദുവിനെ രണ്ടരമണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്.
അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന നിഗമനത്തെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം വൈകിയത്. അതേസമയം, അമ്മയെ കാണാനില്ലെന്ന് മകള്‍ നവമി പരാതി ഉന്നയിച്ചതോടെ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. പുറത്തെടുത്തപ്പോള്‍ ബിന്ദുവിന് ബോധമില്ലായിരുന്നു. തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.
ശുചിമുറിയിലേക്കു പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞതോടെയാണ് ഒരാള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിരിക്കാം എന്ന സംശയം ബലപ്പെടുന്നത്. ഇതോടെ ജെസിബി എത്തിച്ച് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും പൊലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചു. അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു.
ന്യൂറോസര്‍ജറിക്കു വേണ്ടിയാണ് നവമിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ചൊവ്വാഴ്ച അഡ്മിറ്റ് ആയി. രാവിലെ കുളിക്കുന്നതിന് വേണ്ടിയാണ് പതിനാലാം വാര്‍ഡിന്റെ മൂന്നാംനിലയിലേക്ക് ബിന്ദു എത്തിയതെന്നാണ് വിവരം. ഈ സമയത്താണ് കെട്ടിടം തകര്‍ന്നുവീണത്. നിര്‍മാണത്തൊഴിലാളിയായ വിശ്രുതനാണ് ബിന്ദുവിന്റെ ഭര്‍ത്താവ്. മകന്‍ നവനീത് എറണാകുളത്ത് എന്‍ജിനീയറാണ്.
അപകടം നടന്നു രണ്ടര മണിക്കൂറിനു ശേഷം ഉച്ചയ്ക്ക് ഒന്നരയോടെയാണു ബിന്ദുവിന്റെ മൃതദേഹം കണ്ടെടുത്തത്. തകര്‍ന്നുവീണ കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു പൊലീസിന്റെയും അധികൃതരുടെയും പ്രാഥമിക നിഗമനം. ഇടിഞ്ഞുവീണത് ആരും ഉപയോഗിക്കാത്ത കെട്ടിടമാണെന്നായിരുന്നു സ്ഥലത്തെത്തിയ മന്ത്രി വി.എന്‍. വാസവന്‍ മാധ്യമങ്ങളോടു പറഞ്ഞത്. ഇത് ഉപയോഗശൂന്യമായ കെട്ടിടമാണെന്നും വാര്‍ഡ് തൊട്ടപ്പുറത്താണെന്നും സാധനങ്ങളൊക്കെ സൂക്ഷിക്കുന്ന കെട്ടിടമാണു തകര്‍ന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.
പുതിയ കെട്ടിടം പണിതുകഴിഞ്ഞെന്നും രോഗികളുടെ കൂട്ടിരിപ്പുകാര്‍ പഴയ കെട്ടിടത്തിന്റെ ഭാഗത്ത് എത്തിയതുകൊണ്ടാണ് മൂന്നുപേര്‍ക്കു പരുക്കേറ്റതെന്നും വി.എന്‍. വാസവന്‍ പറഞ്ഞു. അതേസമയം, തകര്‍ന്നുവീണ കെട്ടിടത്തിലെ ശുചിമുറി ഉപയോഗിക്കാറുണ്ടെന്നും ഇതിനായി ആളുകള്‍ ഇവിടെവരാറുണ്ടെന്നുമാണ് ആശുപത്രിയിലെ കൂട്ടിരിപ്പുകാര്‍ പറയുന്നത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 11, 14 വാര്‍ഡുകള്‍ ഉണ്ടായിരുന്ന കാലപ്പഴക്കംചെന്ന കെട്ടിടം ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ ശൗചാലത്തിന്റെ ഭാഗമാണ് പൊളിഞ്ഞുവീണത്.
കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നുവീണ അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. ആളൊഴിഞ്ഞ കെട്ടിടമെന്നൊക്കെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരണം അതിനാണ് പ്രാധാന്യം. ആള്‍ക്കാരെ പറ്റിക്കാന്‍ നോക്കേണ്ട. ഞാന്‍ ആശുപത്രിയില്‍ ഒരു കുട്ടിയെ സന്ദര്‍ശിച്ചു കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപകടം നടന്നതെന്ന് പറഞ്ഞു. അമ്മയെ കാണ്മാനില്ലെന്ന് പറഞ്ഞു.
ഒന്നരമണിക്കൂര്‍ കഴിഞ്ഞു, രക്ഷാപ്രവര്‍ത്തനം താമസിച്ചു. കുട്ടിയോട് സംസാരിച്ചപ്പോള്‍ അമ്മ ഫോണ്‍ എടുക്കുന്നില്ലെന്ന് പറഞ്ഞു. ഇതില്‍ കൂടുതല്‍ പ്രതിഷേധം ഉണ്ടാകുമെന്നും നിലവില്‍ രക്ഷാ പ്രവര്‍ത്തനം നടക്കട്ടെയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവേ ആണ് സ്ത്രീ ഇതിനുള്ളില്‍ കുടുങ്ങിയതായി അറിഞ്ഞത്. അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിക്ക് ശേഷമാണ് തെരച്ചില്‍ ആരംഭിച്ചത്.