- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കടുവയെ വെടിവച്ച് കൊല്ലണം, ഓരോ മനുഷ്യന്റെ ജീവനും വിലയുണ്ട്, മന്ത്രി മന്ദിരത്തിലിരിക്കുന്നവര്‍ക്ക് അറിയില്ല'; ജനകീയ പ്രതിഷേധം ഫലം കണ്ടു; പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവക്കായി സര്‍വസന്നാഹവുമായി വനംവകുപ്പ്; ക്യാമറ ട്രാപ്പും കൂടും സ്ഥാപിച്ചു; പ്രദേശത്ത് നിരോധനാജ്ഞ; നാളെ യുഡിഎഫ് ഹര്‍ത്താല്‍
പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവക്കായി സര്‍വസന്നാഹവുമായി വനംവകുപ്പ്
മാനന്തവാടി: വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കാപ്പി പറിക്കാന്‍ പോയ പ്രദേശവാസിയായ രാധയെന്ന 45കാരിയെ കടിച്ചു കൊന്ന നരഭോജി കടുവയെ പിടികൂടാന്‍ സര്‍വസന്നാഹങ്ങളുമായി വനംവകുപ്പ്. കടുവ പ്രദേശത്ത് തന്നെ തുടരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പിടികൂടാന്‍ സ്ഥലത്ത് കൂടും സ്ഥാപിച്ചു. പ്രദേശത്ത് കടുവയെ തെരയുന്നതിനായി ക്യാമറ ട്രാപ്പുകള്‍ വനംവകുപ്പ് സ്ഥാപിച്ചു. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധന വൈകുന്നേരം വരെ തുടര്‍ന്നിരുന്നു. അതേ സമയം പഞ്ചാരക്കൊല്ലി ഉള്‍പ്പെടുന്ന ഡിവിഷനില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടി. ജനുവരി 24 മുതല്‍ 27 വരെയാണ് നിരോധനാജ്ഞ. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. അതിനിടെ കടുവയുടെ ആക്രമണത്തില്‍ രാധയെന്ന 45കാരി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നാളെ മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും.
ഇന്ന് രാവിലെയാണ് പഞ്ചാരക്കൊല്ലി സ്വദേശിയായ രാധയെ കടുവ കടിച്ചുകൊലപ്പെടുത്തിയ നിലയില്‍ വനത്തിനുള്ളല്‍ കണ്ടെത്തിയത്. പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാന്‍ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. തണ്ടര്‍ബോള്‍ട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നു മണിയുടെ അമ്മാവനും പഞ്ചാരക്കൊല്ലിയിലെ വനം വകുപ്പ് താത്കാലിക വാച്ചറുമായ അച്ഛപ്പന്റെ ഭാര്യയാണ് രാധ.
ഇവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 11 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തില്‍ ഒരാള്‍ക്ക് (അച്ഛപ്പന് പുറമെ) സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മന്ത്രി ഒആര്‍ കേളു വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് കടുവ രാധയെ കൊലപ്പെടുത്തിയത്. മൃതദേഹത്തില്‍ ഒരു ഭാഗം കടുവ ഭക്ഷിച്ചു. ആറ് മീറ്ററോളം ദൂരം കടുവ മൃതദേഹം വലിച്ചിഴച്ചുവെന്നുമാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അതേസമയം ആക്രമിച്ച കടുവയെ വെടിവെച്ച് കൊല്ലാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മന്ത്രി ഒആര്‍ കേളുവിനെതിരെ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധം കെട്ടടങ്ങി.
തിരച്ചില്‍ തുടരുന്നു
പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവയെ പിടികൂടുന്നതിനുള്ള കൂടുകള്‍ സ്ഥാപിച്ചു.മുത്തങ്ങ ആന ക്യാമ്പില്‍ നിന്നുള്ള കുങ്കിയാനകളെ തെരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ വിന്യസിക്കും.നിലവില്‍ കൂട് സ്ഥാപിച്ചിട്ടുണ്ടെന്നും നാളെ രാവിലെ മുതല്‍ ദൗത്യ സംഘം വിപുലമായ തെരച്ചില്‍ നടത്തുമെന്നും മന്ത്രി ഒ ആര്‍ കേളു പറഞ്ഞു.ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. പ്രദേശത്ത് കൂടുതല്‍ ആര്‍ആര്‍ടി സംഘത്തെ വിന്യസിച്ച് തിരച്ചില്‍ തുടരുകയാണ്. നോര്‍ത്ത് ഡിഎഫ്ഒയുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. സ്ഥലത്ത് വൈകുന്നേരം കടുവയെ കണ്ടെത്തിയതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. നോര്‍ത്ത്, സൗത്ത് ഡിവിഷനുകലിലെ മുഴുവനും ക്യാമറകളും അടിയന്തരമായി മേഖലയിലേക്ക് എത്തിക്കും.
കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വനം വകുപ്പ് തുടര്‍നടപടികള്‍ സ്വീകരിച്ചതായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. തലപ്പുഴ, വരയാല്‍ ഫോറസ്റ്റ് സ്റ്റേഷനുകളിലെ ജീവനക്കാര്‍ നിലവില്‍ 12 ബോര്‍ പമ്പ് ആക്ഷന്‍ ഗണ്‍ ഉപയോഗിച്ച് പഞ്ചാരക്കൊല്ലി പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്.ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള മൃഗഡോക്ടര്‍മാരുടെ സംഘത്തെ വയനാട്ടിലേക്ക് അയച്ചിട്ടുണ്ട്.
ചെതലത്ത് റേഞ്ചിന്റെ കീഴിലുള്ള ഇരുളം ഫോറസ്റ്റ് സ്റ്റേഷന്റെയും പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്റെയും കീഴിലുള്ള ജീവനക്കാരെയും പ്രദേശത്ത് പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.പഞ്ചാരക്കൊല്ലിയില്‍ ഒരുക്കിയ ബേസ് ക്യാമ്പില്‍ സുല്‍ത്താന്‍ ബത്തേരി ആര്‍ആര്‍ടി അംഗങ്ങളെകൂടി നിയോഗിച്ചിട്ടുണ്ട് തെര്‍മല്‍ ഡ്രോണുകളും സാധാരണ ഡ്രോണുകളും തെരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാനായി കൊണ്ടുവരുന്നുണ്ടെന്നും വനം മന്ത്രി അറിയിച്ചു.
നോര്‍ത്ത് വയനാട് ഡിവിഷനില്‍ നിന്നുള്ള ക്യാമറ ട്രാപ്പുകള്‍ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്.ഇതുകൂടാതെ കൂടാതെ, സൗത്ത് വയനാട് ഡിവിഷനില്‍ നിന്നുള്ള ക്യാമറ ട്രാപ്പുകളും പ്രദേശത്ത് വിന്യസിക്കുന്നതിനായി കൊണ്ടുവരുന്നുണ്ട്. നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവലിനെ ഓപ്പറേഷന്‍ കമാന്‍ഡറായി ഇന്‍സിഡന്‍് കമാന്‍ഡ് രൂപീകരിച്ചു. നോര്‍ത്തേണ്‍ സര്‍ക്കിള്‍ സിസിഎഫ് കെ.എസ്.ദീപ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയും മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നുണ്ട്.
മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാന്‍ പോയപ്പോഴാണ് 45കാരിയെ കടുവ കടിച്ച് കൊലപ്പെടുത്തിയത്. വൈകാരികമായാണ് വിഷയത്തില്‍ പ്രദേശവാസികളുടനീളം പ്രതികരിച്ചത്. കടുവയെ വെടിവച്ച് കൊല്ലണം, ഓരോ മനുഷ്യന്റെ ജീവനും വിലയുണ്ട്, മന്ത്രി മന്തിരത്തിലിരിക്കുന്നവര്‍ക്കറിയില്ല, രാവിലെ ആറ് മണിക്കും ഏഴ് മണിക്കും എണീറ്റ് പണിക്ക് പോകുന്നവരാണ് തങ്ങളെന്ന് പ്രദേശവാസിയായ സ്ത്രീ പ്രതികരിച്ചു.
മാസങ്ങളോളമായി ഇവിടെ വന്യമൃഗ ശല്യമുണ്ട്. വളരെ പ്രയാസപ്പെട്ടാണ് പ്രദേശത്ത് ജനങ്ങള്‍ ജീവിക്കുന്നത്. മിനിഞ്ഞാന്ന് വരെ കൗണ്‍സിലറെയും കൂട്ടി ഡിഎഫ്ഒ ഓഫീസില്‍ പോയതാണ്. കാട്ടുപോത്ത്, പന്നി, കുരങ്ങന്‍ എന്നിവയുടെ എല്ലാം ശല്യമുണ്ട്. ഇതിലൊന്നും അവര്‍ക്ക് യാതൊരു പ്രശ്നവുമില്ല. ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് യാതൊരു താല്‍പര്യവുമില്ല മറ്റൊരു നാട്ടുകാരന്‍ പറഞ്ഞു.
ഞങ്ങള്‍ ആദിവാസികളാണ്. ഒരു വിധം വന്യ മൃഗങ്ങളോടൊക്കെ സമരസപ്പെട്ട് ജീവിക്കുന്നവരാണ്. അങ്ങനെയുള്ള ഞങ്ങള്‍ക്ക് പോലും ഇങ്ങനെയൊരു ദുര്‍ഗതി വന്നിട്ടുണ്ടെങ്കില്‍ എന്തായിരിക്കും അവസ്ഥ മറ്റൊരു നാട്ടുകാരന്‍ ചോദിക്കുന്നു.രാധയുടെ മൃതദേഹം കണ്ടെത്തിയ ഭാഗത്ത് തന്നെ കടുവയുടെ സാന്നിധ്യം ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വനം വകുപ്പ് ഉദ്യോഗസ്ഥരും മറ്റും മേഖല കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നുണ്ട്. പ്രിയദര്‍ശനി എസ്റ്റേറ്റിന് മുന്നില്‍ നാട്ടുകാരുടെ വന്‍പ്രതിഷേധമാണ് നടന്നത്. കടുവയെ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. മന്ത്രി ഒആര്‍ കേളുവിനെ നാട്ടുകാര്‍ വളയുന്ന സാഹചര്യവുമുണ്ടായി. യോഗ ശേഷം തീരുമാനം വിശദീകരിക്കവേയും പലപ്പോഴും മന്ത്രിയുടെ സംസാരം ജനം തടസപ്പെടുത്തിയിരുന്നു.