ഡൽഹി: ആശുപത്രി കിടക്കയിൽ ഐവി ഡ്രിപ്പ് ഘടിപ്പിച്ച് ഓൺലൈൻ ഓഫീസ് മീറ്റിംഗിൽ പങ്കെടുക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കി. കോർപ്പറേറ്റ് ലോകത്തെ അമിതമായ ജോലിഭാരത്തെയും ജീവനക്കാരുടെ ആരോഗ്യത്തോടുള്ള അവഗണനയെയും കുറിച്ചുള്ള വാദപ്രതിവാദങ്ങൾക്കാണ് ഈ സംഭവം തിരികൊളുത്തിയിരിക്കുന്നത്. ദീപിക മന്ത്രി എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങൾക്കകം വൈറലാവുകയായിരുന്നു.

സ്വന്തം കൈയിൽ ഐവി ഡ്രിപ്പ് ഘടിപ്പിച്ച് ആശുപത്രി കിടക്കയിലിരുന്ന് ലാപ്‌ടോപ്പിലൂടെ മീറ്റിംഗിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. "നിങ്ങൾ ഒരു കോർപ്പറേറ്റ് ജീവനക്കാരിയാണെന്ന് പറയാതെ തന്നെ നിങ്ങൾ ഒരു കോർപ്പറേറ്റ് ജീവനക്കാരിയാണെന്ന് പറയൂ" എന്ന അടിക്കുറിപ്പോടെയാണ് ദീപിക ഈ ദൃശ്യം പങ്കുവെച്ചത്.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ, അത്യാവശ്യ ഘട്ടങ്ങളിൽ പോലും വിശ്രമിക്കാൻ കഴിയാത്ത കോർപ്പറേറ്റ് തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള രൂക്ഷമായ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്നത്. "ഇതൊരു സാധാരണ കാര്യമായി മാറ്റരുത്," എന്നും "കോർപ്പറേറ്റ് ജോലികൾ നിങ്ങളുടെ ആരോഗ്യത്തെ ഇങ്ങനെയൊരു അവസ്ഥയിൽ എത്തിക്കുന്നു," എന്നുമെല്ലാമുള്ള നിരവധി കമന്റുകൾ വീഡിയോക്ക് താഴെ എത്തി. ജീവനക്കാരുടെ ക്ഷേമത്തേക്കാൾ ജോലിയ്ക്ക് പ്രാധാന്യം നൽകുന്ന കോർപ്പറേറ്റ് സംസ്കാരത്തിനെതിരെ വലിയ പ്രതിഷേധമാണ് കമന്റുകളിലൂടെ പലരും രേഖപ്പെടുത്തിയത്.

ആധുനിക തൊഴിൽ സാഹചര്യങ്ങളിലെ സമ്മർദ്ദങ്ങളെക്കുറിച്ചും ജീവനക്കാരുടെ അവകാശങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്ക് ഈ സംഭവം വീണ്ടും ഊർജം പകരുകയാണ്.