ന്യൂഡൽഹി: രാജ്യത്തെ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരമായി നാഗാലാൻഡിലെ കൊഹിമ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയിലെ വിശാഖപട്ടണവും ഒഡീഷയിലെ ഭുവനേശ്വറും തൊട്ടുപിന്നിലായി പട്ടികയിൽ ഇടം നേടി. 2025ലെ സ്ത്രീ സുരക്ഷാ ഇൻഡക്സ് റിപ്പോർട്ട് പ്രകാരമാണ് പട്ടിക പുറത്ത് വന്നിരിക്കുന്നത്. 31 പ്രധാന നഗരങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ സൂചികയിൽ ഏഴ് നഗരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു.

രാജ്യത്തെ മെട്രോപൊളിറ്റൻ നഗരങ്ങളിൽ, ഡൽഹിയെയും കൊൽക്കത്തയെയും പിന്തള്ളി മുംബൈ സുരക്ഷയുടെ കാര്യത്തിൽ മുൻപന്തിയിലെത്തി. ഈ നേട്ടത്തിന് പിന്നിൽ തുല്യത, സാമൂഹിക പങ്കാളിത്തം, മികച്ച പോലീസ് സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഐസ്വാൾ, ഗാങ്‌ടോക്ക്, ഇറ്റാനഗർ ഉൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിരവധി നഗരങ്ങൾക്കും സൂചികയിൽ ഉയർന്ന റാങ്ക് ലഭിച്ചിട്ടുണ്ട്.

എന്നാൽ, റാങ്കിങ്ങിൽ ഏറ്റവും പിന്നിലുള്ള റാഞ്ചി, ശ്രീനഗർ, ഫരീദാബാദ്, പട്ന, ജയ്പൂർ എന്നിവിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും പുരുഷാധിപത്യ മനോഭാവങ്ങളും നിലനിൽക്കുന്നതായി റിപ്പോർട്ട് വിലയിരുത്തുന്നു. 12,770 സ്ത്രീകളുടെ കാഴ്ചപ്പാടുകളും അനുഭവങ്ങളും അടിസ്ഥാനമാക്കിയാണ് ഈ സൂചിക തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ 40 ശതമാനം സ്ത്രീകൾ നഗരങ്ങളിൽ സുരക്ഷിതരല്ലെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) രേഖപ്പെടുത്തുന്ന കേസുകളേക്കാൾ വളരെ വലുതാണ് യഥാർത്ഥത്തിൽ അതിക്രമങ്ങൾക്ക് വിധേയരാകുന്ന സ്ത്രീകളുടെ എണ്ണം. സർവ്വേയിൽ പങ്കെടുത്ത 7 ശതമാനം സ്ത്രീകൾ 2024 ൽ അതിക്രമങ്ങൾ നേരിട്ടതായി റിപ്പോർട്ട് ചെയ്യുന്നു, ഇത് എൻ.സി.ആർ.ബി. യിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ ഇരട്ടിയിലധികമാണ്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നഗരങ്ങൾ തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നതായി സൂചിക വ്യക്തമാക്കുന്നു.