പുനെ: അമിതമായ ജോലി സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മകള്‍ നഷ്ടപ്പെട്ട ഒരമ്മ, മകള്‍ ജോലി ചെയ്തിരുന്ന കമ്പനിയിലെ ചെയര്‍മാന് അയച്ച കത്താണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കഠിനമായി അധ്വാനിച്ച് ആഗ്രഹിച്ച് നേടിയ ജോലിയില്‍ പോലും അധികനാള്‍ നാള്‍ തുടരാനാകുന്നതിന് മുന്‍പെയാണ് കൊച്ചി സ്വദേശിയായ അന്നാ സെബാസ്റ്റ്യന്‍ പേരയില്‍ മരണത്തിന് കീഴടങ്ങിയത്. പിന്നാലെയാണ് മേഖലയിലെ ജോലി സമ്മര്‍ദ്ദത്തെ തുറന്നുകാട്ടി കമ്പനി ചെയര്‍മാന്‍ രാജീവ് മെമാനിക്ക് അന്നയുടെ അമ്മ അനിതാ അഗസ്റ്റിന്‍ തുറന്ന കത്തെഴുതിയത്. ഒരമ്മയുടെ വേദനയ്ക്കപ്പുറം ഈ മേഖലയിലെ ജീവനക്കാര്‍ അനുഭവിക്കേണ്ടി വരുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളെ പൂര്‍ണ്ണമായും ഈ കത്ത് തുറന്ന് കാട്ടുന്നുണ്ട്.

പ്രധാനമായും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് സമാനതകളില്ലാത്ത ഈ പ്രശ്നം നേരിടേണ്ടി വരുന്നത്. ജോലി സമയത്തിനൊപ്പം തന്നെ രാജ്യങ്ങള്‍ തമ്മിലുള്ള സമയ വ്യത്യാസവും സ്ഥിതി കൂടുതല്‍ കലുഷിതമാക്കുന്നു.കമ്പനിയുമായി ബന്ധപ്പെട്ട യോഗങ്ങളാണ് പ്രധാന വെല്ലുവിളി.വിദേശ കമ്പനികള്‍ ആയതിനാല്‍ തന്നെ അവിടത്തെ പകല്‍ സമയ മീറ്റിങ്ങുകള്‍ ഇവിടത്തെ അര്‍ധരാത്രികളിലായിരുക്കും പ്രധാനമായും നടക്കുന്നത്. ഇതൊക്കെ തന്നെ ശാരീരിക മാനസികാവസ്ഥകളെ തകിടം മറിക്കുന്നതാണ്.




കൊച്ചി സ്വദേശിയായ അന്നാ സെബാസ്റ്റ്യന്‍ പേരയില്‍ അക്കൗണ്ടിങ്ങ് മേഖലയില്‍ ആഗോളതലത്തിലെ തന്നെ നാലാം സ്ഥാനത്ത് വരുന്ന സാമ്പത്തിക സ്ഥാപനമായ ഏണസ്റ്റ് അന്‍ഡ് യംഗില്‍ ജോലി ചെയ്തിരുന്നത്. അവധി പോലും ഇല്ലാത്ത ജോലിയും രാത്രി വെളുക്കുവോളം നീളുന്ന യോഗങ്ങളും മറ്റുമാണ് തന്റെ മകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് അമ്മ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിശദമായ ഒരു കത്തെഴുതാന്‍ പോലും കഴിയുന്ന മാനസികാവസ്ഥയിലല്ല ഞങ്ങള്‍. പക്ഷെ എന്റെ മകള്‍ക്കുണ്ടായ ഈ ദുരവസ്ഥ നാളെ ആഗ്രഹിച്ച ജോലി നേടുന്ന മറ്റൊരു കുട്ടിക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഉണ്ടാകാന്‍ പാടില്ലെന്ന് വച്ചാണ് താന്‍ ഇതെഴുതുന്നത് എന്നു പറഞ്ഞാണ് കത്ത് അമ്മ ആരംഭിക്കുന്നത്.




കുട്ടിക്കാലം മുതല്‍ക്കെ പഠനത്തില്‍ മിടുക്കിയായിരുന്നു മകള്‍. എല്ലാ ക്ലാസിലും ഉയര്‍ന്ന മാര്‍ക്കോടെയാണ് അവള്‍ പഠനം പൂര്‍ത്തിയാക്കിയത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പോലും ഡിസ്റ്റിന്‍ക്ഷനോടെയാണ് മകള്‍ ജയിച്ചത്. കഴിഞ്ഞ നവംബര്‍ 23 നാണ് അന്ന സി.എ പാസാകുന്നത്. തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ച് 19 നാണ് പൂനയില്‍ പ്രമുഖ കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യംഗില്‍ എക്‌സിക്യൂട്ടീവ് എന്ന തസ്തികയില്‍ ജോലിക്ക് ചേരുന്നത്. ലോകപ്രശ്‌സതമായ ഒരു സ്ഥാപനത്തില്‍ മകള്‍ ജോലിക്ക് കയറി എന്ന സന്തോഷം അവസാനിക്കുന്നതിന് മുമ്പാണ് ജൂലൈ 20ന് അന്ന മരിച്ചതായി വിവരം ലഭിക്കുന്നത്. ഹൃദയാഘാതം മൂലമായിരുന്നു മരണം. ഇരുപത്തിയാറാമത്തെ വയസിലാണ് അന്ന ഈ ഭൂമിയില്‍ നിന്ന് വിടവാങ്ങിയത്. കേവലം 4 മാസം മാത്രമാണ് മകള്‍ ജോലി ചെയ്തത്.

തന്റെ ആഗ്രഹപ്രകാരം ആദ്യമായി ജോലി കിട്ടിയ സ്ഥാപനത്തില്‍ അവളെ കാത്തിരുന്നത് കഠിനമായ ജോലി സാഹചര്യങ്ങളാണ്. മാനസികമായും ശാരീരികമായും വൈകാരികമായും അന്നയെ ഏറെ തളര്‍ത്തിയ നടപടികളാണ് സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇതിന്റെ ഫലമായി കടുത്ത മാനസിക സംഘര്‍ഷവും ഉറക്കക്കുറവും അവളെ ഏറെ അലട്ടിയിരുന്നതായി അമ്മ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അന്ന ഈ സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്നപ്പോള്‍ തന്നെ അവിടെ അമിതജോലി ഭാരം കാരണം പല ജീവനക്കാരും സ്ഥാപനം വിട്ടുപോയതായി പറഞ്ഞ് കേട്ടിരുന്നു. പക്ഷെ അപ്പോഴും അന്നയുടെ മാനേജര്‍ അവളോട് പറഞ്ഞത് അന്ന നീ ഈ കമ്പനിയില്‍ തുടര്‍ന്ന് നന്നായി ജോലി ചെയ്ത് കാണിച്ച് എല്ലാവരുടെയും അഭിപ്രായത്തെ മാറ്റിയെടുക്കണമെന്നാണ്.

പക്ഷെ ശമ്പളത്തിനും പകരം നല്‍കേണ്ടത് തന്റെ മകളുടെ ജീവനായിരിക്കുമെന്ന് എന്റെ മകള്‍ അറിഞ്ഞിരുന്നില്ല. ജോലി സമര്‍ദ്ദം അധികമായപ്പോള്‍ തനിക്ക് ബുദ്ധിമുട്ടാണെന്ന് മകള്‍ പറഞ്ഞപ്പോള്‍ പിരിച്ചുവിടല്‍ ഭീഷണിയും തുടരണമെങ്കില്‍ രാത്രിയും ജോലി ചെയ്തേ പറ്റുവെന്ന് മനേജര്‍ പറഞ്ഞതായും അമ്മ കത്തില്‍ പരാതിപ്പെടുന്നു. അതോടെ അവള്‍ ശരിക്കും പെട്ടുപോവുകയായിരുന്നു.ഇതിനിടയിലാണ് അവള്‍ കാത്തിരുന്ന ബിരുദദാനച്ചടങ്ങള്‍ വന്നത്.




കഴിഞ്ഞ ജൂലൈ ആറിനായിരുന്നു അന്നയുടെ ബിരുദദാന ചടങ്ങ് നടന്നത്. പൂനയില്‍ വെച്ചാണ് ചടങ്ങ് നടന്നത്. താന്‍ സ്വന്തമായി അധ്വാനിച്ച കാശ് കൊണ്ട് അമ്മയെയും അച്ഛനെയും പൂനയിലേക്ക് വിമാനത്തില്‍ കൊണ്ടുവരണമെന്നത് അവളുടെ ആഗ്രഹമായിരുന്നു. അത് പ്രകാരമാണ് ഞങ്ങള്‍ പൂനയിലെത്തിയത്. പക്ഷെ ജോലിത്തിരക്ക് കാരണം ഞങ്ങളൊടൊരുമിച്ച് ഇരിക്കാനോ ഒന്നു ശരിക്ക് സംസാരിക്കാന്‍ പോലും അവള്‍ക്ക് സാധിച്ചില്ല. ജോലി തീരാന്‍ വൈകിയത് കാരണം ബിരുദദാനച്ചടങ്ങിനും ലേറ്റ് ആയാണ് എത്തിയത്. അതും അവളുടെ സന്തോഷത്തെ കെടുത്തിയിരുന്നു.

അന്ന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താനും അന്നയുടെ അച്ഛനും ചേര്‍ന്ന് ആശുപത്രിയില്‍ പരിശോധനക്കായി കൊണ്ട് പോയിരുന്നു. തനിക്ക് ഇടക്കിടെ ഇപ്പോള്‍ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ടെന്നും മകള്‍ പറഞ്ഞിരുന്നു. ഇ.സി.ജിയും മറ്റും സാധാരണനിലയില്‍ ആയിരുന്നു എങ്കിലും അവളുടെ ഉറക്കക്കുറവും സമയം തെറ്റിയുള്ള ഭക്ഷണരീതികളും ആരോഗ്യത്തെ ബാധിക്കുന്നു എന്നണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

ആശുപത്രിയില്‍ നിന്ന് മടങ്ങി എത്തിയിട്ടും അന്ന വീണ്ടും ജോലിത്തിരക്കിലേക്കാണ് പോയത്. തനിക്ക് ലീവ് കിട്ടില്ല എന്നാണ് അവള്‍ വീട്ടുകാരോട് പറഞ്ഞത്. പലപ്പോഴും രാത്രി വളരെ വൈകിയായിരിക്കും സ്ഥാപനത്തില്‍ മീറ്റിംഗുകള്‍ നടക്കുന്നത്. ഇതില്‍ പങ്കെടുത്തതിന് തൊട്ടുപിന്നാലെ നേരം പുലരും വരെ ജോലി ചെയ്യേണ്ട അവസ്ഥയും അന്നക്ക് ഉണ്ടായിരുന്നു.ഒരു ജോലി ചെയ്ത് തീര്‍ത്താല്‍ തൊട്ടുപിന്നാലെ അതിലും കഠിനമായ ജോലി നല്‍കുന്നതായിരുന്നു മാനേജര്‍മാരുടെ രീതി.

കമ്പനിയിലെ ഓരോ ജീവനക്കാരുടേയും ആരോഗ്യപരിപാലനവും താങ്കളെ പോലെയുള്ളവരുടെ ഉത്തരവാദിത്തമാണെന്നും അനിതാ സെബാസ്റ്റിയന്‍ കത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.അന്നയുടെ മരണം ഒരു ഓര്‍മ്മിപ്പിക്കല്‍ ആണെന്നും അനിത അഗസ്റ്റിന്‍ പറയുന്നു. അന്നയുടെ സംസ്‌ക്കാര ചടങ്ങില്‍ സ്ഥാപനത്തില്‍ നിന്ന് ഒരാളും പങ്കെടുക്കാത്ത കാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു. കമ്പനിയുടെ പല മാനേജര്‍മാരേയും തങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു എങ്കിലും ആരും ഒരു പ്രതികരണവും നടത്തിയില്ല എന്ന കാര്യവും അനിത ഓര്‍മ്മിപ്പിക്കുന്നു.വര്‍ഷങ്ങള്‍ കൊണ്ട് എന്റെ മകള്‍ നേടിയെടുത്തത് എല്ലാം നാല് മാസം നിങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്തതു കൊണ്ട് ഇല്ലാതായി എന്നും അവര്‍ പറയുന്നു.




ഈ കത്ത് അതിന്റെ എല്ലാ അര്‍ത്ഥത്തിലും നിങ്ങളിലേക്കെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.എങ്കിലും ഒരമ്മയുടെ വേദന പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ എന്നെനിക്കറിയില്ല.എന്റെ മകളുടെ അനുഭവം ഈ മേഖലയില്‍ വലിയ മാറ്റത്തിന് വഴിവെക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.അന്ന ഇന്ന് ഞങ്ങളോടൊപ്പമില്ല പക്ഷെ പക്ഷെ അവളുടെ കഥയ്ക്ക് മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

അന്നയുടെ മരണം കോര്‍പ്പറേറ്റ് മേഖലയില്‍ തന്നെ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.ഈ രംഗത്തെ നിരവധി പ്രമുഖരാണ് അന്നയ്ക്ക് നീതി ഉറപ്പാക്കണമെന്നും ഈ മേഖലയിലെ ജീവനക്കാരുടെ ജോലി സുരക്ഷ കൃത്യമാക്കണമെന്നതുള്‍പ്പടെയുള്ള ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്