- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശൂന്യാകാശത്തില്‍ പൊട്ടിത്തെറിച്ച് ബോയിങ് ഉപഗ്രഹം; 150 രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് നിലച്ചു; അന്‍പത് കഷ്ണങ്ങളായി സാറ്റലൈറ്റ് മാറിയതോടെ ഇന്റല്‍സാറ്റ് കമ്പനി പാപ്പരാകും
ശൂന്യാകാശത്തില്‍ പൊട്ടിത്തെറിച്ച് ബോയിങ് ഉപഗ്രഹം
ലോസ് ഏഞ്ചല്‍സ്: ഭൂസ്ഥിര ഭ്രമണപഥത്തില്‍ നിന്ന് ഇന്റര്‍നെറ്റ് സേവനം നല്‍കിവന്നിരുന്ന കൂറ്റന്‍ ബോയിങ് ഉപഗ്രഹം തകര്‍ന്നതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെട്ടു. ഇന്റല്‍സാറ്റിന്റെ ഉപഗ്രഹം തകര്‍ന്നത് 150 ഓളം രാജ്യങ്ങളിലെ ബ്രോഡ്ബാന്‍ഡ് സേവനെത്തെയാണ് തടസപ്പെടുത്തിയത്. യൂറോപ്പ്, മധ്യആഫ്രിക്ക, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഇന്റര്‍നെറ്റ് സേവനം പൂര്‍ണമായി തടസ്സപ്പെട്ടു.
ഉപഗ്രഹം അമ്പത് കഷണങ്ങളായിട്ടാണ് ചിതറി വീണത്. ഇത് ബഹിരാകാശത്തില്‍ വന്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. വന്‍ തോതിലുള്ള അവശിഷ്ടശേഖരമാണ് ഇത് ബഹിരാകാശത്ത് സൃഷ്ടിച്ചിരിക്കുന്നത്. ഇന്റല്‍സാറ്റ് 33ഇ എന്ന വാര്‍ത്താവിനിമയ ഉപഗ്രഹമാണ് തകര്‍ന്നത്. ഉപഗ്രഹം എന്ത് കൊണ്ടാണ് തകര്‍ന്ന് വീണതെന്ന് ഇനിയും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ഇന്‍ല്‍സാറ്റ് 33 ഇ ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലായി മധ്യരേഖാതലത്തില്‍ 35,000 കിലോമീറ്റര്‍ ഉയരത്തിലാണ് ഭൂസ്ഥിര ഭ്രമണപഥത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്റല്‍സാറ്റ് 33ഇയില്‍ വളരെ പെട്ടന്നാണ് വൈദ്യുതിതടസ്സം ഉണ്ടായതായി കഴിഞ്ഞ ഞായറാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്കുശേഷം ഉപഗ്രഹം തകര്‍ന്നതായി യുഎസ് സ്‌പേസ് ഫോഴ്‌സസ് സ്ഥിരീകരിക്കുകയായിരുന്നു. 2016 ഓഗസ്റ്റിലാണ് ഇന്റല്‍സാറ്റ് 33ഇ വിക്ഷേപിച്ചത്. അമേരിക്കയിലെ പ്രമുഖ വിമാനനിര്‍മ്മാണ കമ്പനിയായ ബോയിങ്ങാണ് ഉപഗ്രഹം നിര്‍മിച്ചത്. സാങ്കേതികപ്രശ്‌നം കാരണം പ്രതീക്ഷിച്ചതിനേക്കാള്‍ മൂന്ന് മാസം വൈകിയാണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയത്. കൂടാതെ മറ്റുചില പ്രശ്‌നങ്ങളും ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനത്തിലുണ്ടായിരുന്നു.
2027 ലാണ് ഇന്റല്‍സാറ്റ് 33ഇ യുടെ കാലാവധി അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍ മൂന്ന് വര്‍ഷം മുമ്പുതന്നെ ഉപഗ്രഹം തകര്‍ന്നു വീണിരിക്കുകയാണ്. ഇതേ മാതൃകയില്‍ ബോയിങ് നിര്‍മ്മിച്ച മറ്റൊരു ഉപഗ്രഹം 2019 ല്‍ പ്രവര്‍ത്തനരഹിതമായിരുന്നു. നേരത്തേയും ഇത്തരത്തിലുള്ള ഉപഗ്രഹങ്ങള്‍ തകര്‍ന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉപഗ്രഹങ്ങള്‍ ചിന്നിച്ചിതറുകയോ പരസ്പരം കൂട്ടിയിടിക്കുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ബഹിരാകാശ മേഖലയില്‍ ഉപഗ്രഹാവശിഷ്ടങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു. ഭൂമിയുടെ ഭ്രമണപഥത്തില്‍ മാത്രം ഏകദേശം 13,000 ടണ്‍ മനുഷ്യനിര്‍മ്മിതമായ അവശിഷ്ടങ്ങളുണ്ടെന്നാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി യുടെ വിലയിരുത്തല്‍. ഇതിന്റെ മൂന്നിലൊരു ഭാഗമായ 4300 ടണ്‍ റോക്കറ്റുകളുടെ ഭാഗങ്ങളാണ്. 10 സെന്റിമീറ്ററിലധികം വലിപ്പമുള്ള 40,000 അവശിഷ്ടഭാഗങ്ങളും ഒരു സെന്റിമീറ്ററില്‍ത്താഴെ വലിപ്പമുള്ള കോടിക്കണക്കിന് കഷണങ്ങളും ബഹിരാകാശത്തുണ്ടെന്നാണ് കരുതുന്നത്. ഇന്റല്‍സാറ്റ് 33ഇയുടെ തകര്‍ച്ചയുടെ ഭാഗമായി ബഹിരാകാശത്തെത്തുന്ന മാലിന്യത്തിന്റെ തോത് നിലവില്‍ വ്യക്തമല്ല.
35,000 കിലോമീറ്റര്‍ ഉയരത്തിലായതിനാല്‍ത്തന്നെ അവശിഷ്ടഭാഗങ്ങള്‍ ട്രാക്ക് ചെയ്യുന്നതോ തിരച്ചറിയുന്നതോ എളുപ്പമുള്ള കാര്യമല്ല.
ഭൂമിയുടെ ഭ്രമണ പഥത്തില്‍ ഇത്തരത്തിലുള്ള ഉപഗ്രഹങ്ങളുടെ തിരക്ക് കാരണം മാലിന്യങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ ഇപ്പോള്‍ ശക്തിപ്പെട്ട് വരികയാണ്. ഈ ദുരന്തം ഇന്റല്‍സാറ്റ് കമ്പനിയെ സാമ്പത്തികമായി ദോഷകരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ സംഭവത്തോടെ കമ്പനിക്ക് ഈ വര്‍ഷം ഉണ്ടാകുന്ന നഷ്ടം എട്ട് ബില്യണ്‍ ഡോളറാണ്.
ഈ വര്‍ഷം കമ്പനിയില്‍ നടന്ന സമരവും ശൂന്യാകാശത്തിലേക്ക് അയച്ച ബഹിരാകാശ വാഹനം യാത്രക്കാരുമായി കുടുങ്ങിപ്പോയതും എല്ലാം ഇതിന്റെ ആക്കം വര്‍ദ്ധിപ്പിക്കുകയാണ്. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മറ്റ് ഉപഗ്രങ്ങള്‍ വഴി ബ്രോഡ്ബാന്‍ഡ് സേവനം നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് എന്നാണ് ഇന്റല്‍സാറ്റ് അറിയിക്കുന്നത്. അതേ സമയം ഉപഗ്രഹം നിര്‍മ്മിച്ച ബോയിങ് വിമാന കമ്പനിയും ഇപ്പോള്‍ ജീവനക്കാരുടെ സമരവും മറ്റ് പ്രശ്നങ്ങളും കാരണം പ്രതിസന്ധിയിലായിരിക്കുകയാണ്.