- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യം എന്ന് അറിയപ്പെടുന്ന ഭൂട്ടാനില്‍ രണ്ടാമത്തെ അന്താരഷ്ട്ര വിമാനത്താവളം എത്തുന്നു; ആളുകളെ അതിശയപ്പിക്കുന്ന ഡിസൈന്‍; വിമാനത്താവളത്തിനുള്ളില്‍ യോഗ മുറികളും വനവും ഉള്‍പ്പെടെ അവിശ്വസനീയമായ രൂപകല്‍പ്പന; 2029ല്‍ തുറക്കാനാകുമെന്ന് പ്രതീക്ഷ
തിംഫു: ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യം എന്ന് അറിയപ്പെടുന്ന രാജ്യമാണ് ഭൂട്ടാന്‍. ഭൂട്ടാന്‍ 'ഗ്രോസ് നാഷണല്‍ ഹാപ്പിനസ്' എന്ന ആശയം സ്വീകരിച്ച ലോകത്തിലെ ഏക രാജ്യമാണ്. ഇത് ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം, സാംസ്‌കാരിക നിലനില്‍പ്പ്, ജീവിത നിലവാരം, ആസ്ഥാനഭരണം, സമൂഹ സംരക്ഷണം എന്നിവ ഉള്‍പ്പെടുത്തി ഒരു രാജ്യത്തിന്റെ വികസനം അളക്കുന്നതിനുള്ള പുതിയ രീതിയാണ്.
ഈ രാജ്യത്ത് ഇപ്പോള്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളം തുറക്കാന്‍ പോകുകയാണ്. രണ്ടാമത്തെ വിമാനത്താവളമാണ്. ആളുകളെ അതിശയിപ്പിക്കുന്ന തരത്തിലുള്ള ഡിസൈനിങ്ങാണ് ഈ വിമാനത്താവളത്തിന് നല്‍കിയിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഭൂട്ടാനിലെ വിമാനത്താവളം വേറിട്ട് നില്‍ക്കുന്നതായിരിക്കും. പര്‍വതശ്രേണികളെ അനുസ്മരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ഡിസൈന്‍, ധ്യാനത്തിനും യോഗക്കും പ്രത്യേക സൗകര്യങ്ങള്‍, കുടുംബസൗഹൃദ അന്തരീക്ഷം എന്നിവയാണ് പുതിയ വിമാനത്താവളത്തിന്റെ പ്രത്യേകതകള്‍.
ഡെന്‍മാര്‍ക്കിലെ പ്രശസ്തമായ ബിജാര്‍ക്ക് ഇംഗല്‍സ് ഗ്രൂപ്പ് എന്ന ആര്‍ക്കിടെക്ചര്‍ സ്ഥാപനമാണ് ഗേളേഫു വിമാനത്താവളത്തിന്റെ ഡിസൈന്‍ തയ്യാറാക്കിയത്. വനങ്ങള്‍, തുറന്നതായ ഗാര്‍ഡന്‍ സ്പേസ്, ഔട്ട്ഡോര്‍ ലൗഞ്ചുകള്‍, ധ്യാനമുറികള്‍, സൗണ്ട് ബാത്ത് ഏരിയകള്‍ എന്നിവയുടെ സാന്നിധ്യം ഭൂട്ടാന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ക്കും 'ഗ്രോസ് നാഷണല്‍ ഹാപ്പിനസ്' ആശയത്തിനും പിന്തുണ നല്‍കും.
'ഒരു രാജ്യത്തെ സന്ദര്‍ശിക്കുമ്പോള്‍ ആദ്യത്തെയും അവസാനത്തെയും ഓര്‍മ്മയായി ഒരു വിമാനത്താവളമാകുന്നു. ഗേളേഫു വിമാനത്താവളത്തില്‍ ഭൂട്ടാന്റെ പ്രകൃതിയും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന വിധത്തിലാണ് ഞങ്ങള്‍ ഡിസൈന്‍ തയ്യാറാക്കിയത്. ഇവിടെ എത്തുന്ന യാത്രക്കാര്‍ക്ക് തന്നെ വനങ്ങളിലൂടെ കടന്ന് വരുന്നതുപോലെയാണ് അനുഭവം.' ആര്‍ക്കിടെക്ചര്‍ പറഞ്ഞു.
ഫോറസ്റ്റ് സ്പൈന്‍ എന്ന ഒരു വിപുലമായ ഓപ്പണ്‍ എയര്‍ ഫോറസ്റ്റ് ആഭ്യന്തര-അന്താരാഷ്ട്ര ടെര്‍മിനലുകള്‍ തമ്മില്‍ വേര്‍തിരിക്കും. ധ്യാനത്തിനും വിശ്രമത്തിനുമുള്ള സൗകര്യങ്ങള്‍. യോഗ ഹാളുകളും സൗണ്ട് ബാത്ത് ഏരിയകളും സ്ഥാപിക്കും. പര്‍വതങ്ങള്‍ അനുസ്മരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന നിര്‍മ്മാണ ശൈലി. തികച്ചും മരം ഉപയോഗിച്ച് ഡൈമണ്‍ഡ് ആക്രതിയിലായിരിക്കും ഡിസൈന്‍. 1.3 ദശലക്ഷം യാത്രക്കാരെ പ്രതീക്ഷിക്കുന്നു, 123 വിമാനങ്ങള്‍ വരെ പ്രതിദിനം കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ടാകും. നിലവില്‍ തിംഫുവില്‍ സ്ഥിതിചെയ്യുന്ന പാര്‍വോ വിമാനത്താവളം മാത്രമേ ഭൂട്ടാനിലുള്ളൂ.
നിലവില്‍ ഭൂട്ടാനിലെ പാര്‍വോ അന്താരാഷ്ട്ര വിമാനത്താവളം കാട്ടുപര്‍വതങ്ങള്‍ക്കിടയിലായതിനാല്‍ നേര്‍വഴിയുള്ള വിമാന സര്‍വീസുകള്‍ക്കുള്ള സൗകര്യം പരിമിതമാണ്. അതേസമയം, ഭൂട്ടാന്റെ തെക്കന്‍ അതിര്‍ത്തിയായ ഗേളേഫുവില്‍ പുതിയ വിമാനത്താവളം വരുന്നതോടെ പ്രവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും കൂടുതല്‍ സൗകര്യപ്രദമായ യാത്രാനുഭവം ഉറപ്പാക്കും. പ്രത്യേകിച്ച് ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി ഇത് പുതിയ വഴികള്‍ തുറക്കും.
ഏകദേശം 1,900 കോടി വരെ ചെലവു വരുമെന്നാണ് റിപ്പോര്‍ട്ട്. 2029-ല്‍ ഓപ്പണ്‍ ചെയ്യാന്‍ ലക്ഷ്യമിടുന്ന ഗേളേഫു വിമാനത്താവളം ഭൂട്ടാന്റെ ആഗോള വിനോദസഞ്ചാര വ്യവസായത്തെയും അന്താരാഷ്ട്ര ബന്ധങ്ങളെയും കൂടുതല്‍ ഉജ്ജ്വലമാക്കും.
ഭൂട്ടാനില്‍ 316,000 വിനോദസഞ്ചാരികളാണ് പ്രതിവര്‍ഷം എത്തുന്നത്. പുതിയ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുമ്പോള്‍, ഈ എണ്ണം ഗണ്യമായി ഉയരുമെന്ന് വിദഗ്ധര്‍ കരുതുന്നു. ഇന്ത്യ, യൂറോപ്യന്‍ രാജ്യങ്ങള്‍, യു.കെ, യു.എസ്, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ഭൂട്ടാന്റെ പദ്ധതി.
ഭൂട്ടാന്‍ മാതൃകാപരമായ സമാധാന-പരിസ്ഥിതി നയം പുലര്‍ത്തുന്ന രാജ്യമായി ലോകശ്രദ്ധ നേടിയിട്ടുണ്ടെങ്കില്‍, ഗേളേഫു വിമാനത്താവളത്തിന്റെ വരവ് അതിനെ വ്യാപകമായ സാമ്പത്തിക മുന്നേറ്റത്തിലേക്കും ആഗോള ബന്ധങ്ങളിലേക്കും നയിക്കുമെന്നാണ് പ്രതീക്ഷ.