ലണ്ടന്‍ : ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷന്‍ ജോണ്‍ ആല്‍ഫ്രഡ് ടിന്നിസ്വുഡ് 112-ാം വയസില്‍ അന്തരിച്ചു. ഇംഗ്ലണ്ടിലെ സൗത്ത്‌പോര്‍ട്ടിലെ ഒരു കെയര്‍ ഹോമില്‍ വെച്ചായിരുന്നു അന്ത്യം. ഒമ്പത് മാസത്തോളം ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷന്‍ എന്ന പദവി അദ്ദേഹം വഹിച്ചിരുന്നു. 114 വയസ്സുള്ള വെനസ്വേലന്‍ ജുവാന്‍ വിസെന്റെ പെരസിന്റെ മരണത്തെത്തുടര്‍ന്ന് 2023 ഏപ്രിലിലാണ് ടിന്നിസ്വുഡ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനാകുന്നത്.

ലിവര്‍പൂളിന് സമീപമുള്ള വടക്കു പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഒരു കെയര്‍ ഹോമിലാണ് ടിന്നിസ്വുഡ് മരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് ഇക്കാര്യം ഏവരെയും അറിയിച്ചത്. സംഗീതത്താലും സ്‌നേഹത്താലും ചുറ്റപ്പെട്ടാണ് ടിന്നിസ്വുഡിന്റെ അവസാന കാലഘട്ടം അദ്ദേഹം ചെലവഴിച്ചതെന്ന് കുടുംബം പങ്കുവെച്ചു. വര്‍ഷങ്ങളോളം അദ്ദേഹത്തെ പരിചരിച്ചവരോട് അവര്‍ നന്ദി പറയുകയും ചെയ്തു.

1912 ല്‍ ടൈറ്റാനിക് മുങ്ങിയ അതേ വര്‍ഷം ലിവര്‍പൂളില്‍ ജനിച്ച ടിന്നിസ്വുഡ് രണ്ട് ലോക മഹായുദ്ധങ്ങളെയും രണ്ട് ആഗോള മഹാമാരികളെയും അതിജീവിച്ചാണ് കടന്നുപോയത്. രണ്ടാം ലോക മഹായുദ്ധത്തില്‍ റോയല്‍ ആര്‍മി പേ കോര്‍പ്‌സില്‍ സേവനമനുഷ്ഠിച്ചിരുന്നു. 1942ലാണ് ബ്ലഡ്വെനെ വിവാഹം കഴിക്കുന്നത്. ഒരു മകളും നാല് കൊച്ചുമക്കളും മൂന്ന് പേരക്കുട്ടികളും അടങ്ങുന്ന ടിന്നിസ്വുഡ് പിന്നീട് എണ്ണ വ്യവസായത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്നു.

ആരോഗ്യകരമായ ജീവിതത്തിന്റെ താക്കോല്‍ മിതത്വമാണെന്ന് ടിന്നിസ്വുഡ് എപ്പോഴും പറയുമായിരുന്നു. എല്ലാ വെള്ളിയാഴ്ചയും മത്സ്യവും ചിപ്‌സും കഴിക്കുന്നത് കൂടാതെ അദ്ദേഹം ഒരിക്കലും പുകവലിച്ചിട്ടില്ലെന്നും അപൂര്‍വ്വമായി മദ്യപിക്കുകയും മറ്റ് പ്രത്യേക ഭക്ഷണക്രമമൊന്നും അദ്ദേഹം പിന്തുടരുകയോ ചെയ്തിട്ടില്ലെന്ന് കുടുംബം പറഞ്ഞു.

നിങ്ങള്‍ അമിതമായി കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ നടക്കുകയോ നിങ്ങള്‍ വളരെയധികം എന്തെങ്കിലും ചെയ്താലോ ഒടുവില്‍ നിങ്ങള്‍ കഷ്ടപ്പെടേണ്ടിവരുമെന്ന് ടിന്നിസ്വുഡ് പറയാറുണ്ടായിരുന്നതായി കുടുംബം ഓര്‍മ്മിക്കുന്നു.

നേരത്തെ വെനസ്വേലയുടെ ജുവാന്‍ വിസെന്റെ പെരെസ് 114-ല്‍ മരിച്ചതിന് ശേഷം ഈ റെക്കോര്‍ഡ് സ്വന്തമാക്കുമ്പോള്‍ ടിന്നിസ്വുഡിന് 111 വയസ്സായിരുന്നു. മകള്‍ സൂസനും നാല് കൊച്ചുമക്കളും മൂന്ന് പേരക്കുട്ടികളുമുണ്ട്. 44 വയസ്സുള്ള അദ്ദേഹത്തിന്റെ ഭാര്യ ബ്ലഡ്വെന്‍ 1986-ല്‍ മരിച്ചു.

അതേ സമയം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ടിന്നിസ്വുഡിന് പകരം ആരെ പുതിയ റെക്കോഡ് ഉടമയാക്കുമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയും ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയും ജപ്പാനിലെ 116 വയസ്സുള്ള ടോമിക്കോ ഇറ്റൂക്കയാണ്.