കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, കേരള രാഷ്ട്രീയത്തെ പിടിച്ചുക്കുലുക്കാന്‍ ലക്ഷ്യമിട്ട് ഹൈന്ദവ സാമുദായിക ഐക്യത്തിന്റെ സാധ്യത ചര്‍ച്ചയാക്കി വീണ്ടും വെള്ളാപ്പള്ളി നടേശന്‍. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ പ്രകോപിപ്പിക്കാതെയും, അകന്നുനില്‍ക്കുന്നവരെ അനുനയിപ്പിച്ചും മുന്നോട്ട് പോകാനാണ് വെള്ളാപ്പള്ളിയുടെ നീക്കം. ജാതി പറഞ്ഞ് പോരടിച്ചു നിന്നാല്‍ ഹൈന്ദവസമൂഹം ഇനിയും അധോഗതിയിലേക്ക് പോകുമെന്നും സമാന ചിന്താഗതിക്കാര്‍ ഒന്നിക്കേണ്ട സമയം അതിക്രമിച്ചുവെന്നും എസ്എന്‍ഡിപി യോഗം മുഖപത്രമായ 'യോഗനാദ'ത്തിലെ ലേഖനത്തിലൂടെ അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

മതന്യൂനപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രീയ സ്വാധീനം മൂലം ഭൂരിപക്ഷ സമുദായം ഭരണതലങ്ങളില്‍ അവഗണിക്കപ്പെടുകയാണെന്ന കടുത്ത വിമര്‍ശനമാണ് വെള്ളാപ്പള്ളി ഉയര്‍ത്തുന്നത്. ഭൂരിപക്ഷ ജനവിഭാഗം ഇവിടെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഈ ദുരവസ്ഥ മാറ്റാന്‍ സാമുദായിക ഐക്യം അനിവാര്യമാണ്. തന്നെ വ്യക്തിപരമായി ആക്രമിക്കുന്നവര്‍ക്ക് ഇന്ധനം പകരുന്നത് സമുദായത്തിലെ തന്നെ കുലംകുത്തികളാണെന്നും അദ്ദേഹം ലേഖനത്തില്‍ തുറന്നടിക്കുന്നു. സുകുമാരന്‍ നായരുമായി നേരത്തെയുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച്, തിരഞ്ഞെടുപ്പിന് മുമ്പ് ഒരു വലിയ ഹൈന്ദവ ഏകീകരണം സാധ്യമാക്കുക എന്ന തന്ത്രപരമായ നീക്കമാണ് വെള്ളാപ്പള്ളി നടത്തുന്നത്.

മനുഷ്യന്റെ വേദനയും സന്തോഷവും ഒരുപോലെയാണെന്നും അതില്‍ ജാതിക്കും മതത്തിനും സ്ഥാനമില്ലെന്നുമുള്ള തിരിച്ചറിവ് പലര്‍ക്കും നഷ്ടപ്പെട്ടതാണ് കേരളത്തിന്റെ ദുര്യോഗമെന്ന് വെള്ളാപ്പള്ളി നിരീക്ഷിക്കുന്നു. ജാതി-മത വ്യത്യാസമില്ലാതെ സമാനചിന്താഗതിയുള്ള എല്ലാവരും ഈ ഐക്യനീക്കത്തിന്റെ ഭാഗമാകണമെന്നാണ് തന്റെ ആഗ്രഹമെന്നും അത് വൈകാതെ സാധ്യമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നു. എന്‍.എസ്.എസിനെ പ്രകോപിപ്പിക്കാതെ സമവായത്തിന്റെ പാത സ്വീകരിക്കുന്നതിലൂടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ശക്തിയായി മാറാനാണ് വെള്ളാപ്പള്ളിയുടെ ലക്ഷ്യം.

വെള്ളാപ്പള്ളി നടേശന്റെ ഐക്യ ആഹ്വാനത്തോട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ലെങ്കിലും, പഴയകാലത്തെ 'ഹിന്ദു പാര്‍ലമെന്റ്' പരീക്ഷണങ്ങളുടെ ഓര്‍മ്മയിലാണ് രാഷ്ട്രീയ കേരളം. മുന്‍പ് പലതവണ ഇത്തരത്തില്‍ ഐക്യനീക്കങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും രാഷ്ട്രീയ നിലപാടുകളിലെ വൈരുദ്ധ്യം മൂലം അവ പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു. ജി. സുകുമാരന്‍ നായര്‍ എന്നും ഉയര്‍ത്തിപ്പിടിക്കുന്നത് എന്‍എസ്എസിന്റെ 'ശരിദൂര' സിദ്ധാന്തമാണ്. വെള്ളാപ്പള്ളി പലപ്പോഴും ഭരണപക്ഷത്തോടോ ബിജെപിയോടോ മൃദുസമീപനം സ്വീകരിക്കുമ്പോള്‍, സുകുമാരന്‍ നായര്‍ ആചാരസംരക്ഷണ വിഷയങ്ങളിലും മുന്നോക്ക സംവരണത്തിലും ഉറച്ച നിലപാടുകളുമായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനോടാണ് കൂടുതല്‍ അടുപ്പം കാണിക്കാറുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരസ്യമായി യുഡിഎഫിനെ തുണച്ച നായര്‍ക്ക്, അപ്രതീക്ഷിത ഭരണത്തുടര്‍ച്ച നല്‍കിയ ആഘാതം ചെറുതല്ല. ഈ സാഹചര്യത്തില്‍ വെള്ളാപ്പള്ളിയുടെ പുതിയ നീക്കത്തോട് അദ്ദേഹം എങ്ങനെ ഇനി പ്രതികരിക്കുമെന്നത് നിര്‍ണ്ണായകമാണ്.

ഭൂരിപക്ഷ സമുദായ ഐക്യം എന്ന് പറയുമ്പോഴും സംവരണ വിഷയത്തില്‍ എന്‍എസ്എസും എസ്എന്‍ഡിപിയും രണ്ട് തട്ടിലാണ്. മുന്നോക്ക സംവരണത്തെ വെള്ളാപ്പള്ളി എതിര്‍ക്കുമ്പോള്‍, അത് എന്‍എസ്എസിന്റെ എക്കാലത്തെയും വലിയ വിജയമായാണ് സുകുമാരന്‍ നായര്‍ കാണുന്നത്. ബിഡിജെഎസ് വഴി എന്‍ഡിഎ പാളയത്തില്‍ നില്‍ക്കുന്ന വെള്ളാപ്പള്ളിയുടെ ഐക്യനീക്കം ബിജെപിക്ക് വേണ്ടിയുള്ളതാണെന്ന് എന്‍എസ്എസ് സംശയിക്കുന്നു. രാഷ്ട്രീയത്തില്‍ ചേരിതിരിഞ്ഞു നില്‍ക്കുന്നിടത്തോളം കാലം ഈ ഐക്യം കടലാസില്‍ ഒതുങ്ങാനാണ് സാധ്യത.

ഹൈന്ദവ ഐക്യത്തിന്റെ നായകസ്ഥാനം ആര് വഹിക്കുമെന്ന കാര്യത്തില്‍ ഇരു നേതാക്കളും തമ്മിലുള്ള 'ഈഗോ' മുന്‍പും ഐക്യശ്രമങ്ങളെ തകര്‍ത്തിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്‍പ് എന്‍എസ്എസിനെ പിണക്കിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് വെള്ളാപ്പള്ളിക്കറിയാം. അതുകൊണ്ടാണ് 'സമാനചിന്താഗതിക്കാര്‍' എന്ന വാക്ക് ഉപയോഗിച്ച് അദ്ദേഹം സുകുമാരന്‍ നായര്‍ക്ക് ഒരു പാലമിടുന്നത്.