തിരുവനന്തപുരം:ഡിജിപി റാങ്കുകാരനായ യോഗേഷ് ഗുപ്തയ്ക്ക് പണികൊടുക്കാന്‍ എ.ഡി.ജി.പി: എം.ആര്‍. അജിത്കുമാറിനു ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ഉപയോഗിക്കുമോ? ഈ റിപ്പോര്‍ട്ടിലെ കോടതിയുടെ ഗുരുതരവിമര്‍ശനങ്ങള്‍ ഗൗരവത്തിലെടുത്ത് സര്‍ക്കാര്‍ യോഗേഷിനെതിരെ അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. അജിത്കുമാറിന്റെ മൊഴി മുഖ്യമന്ത്രിയുടെ ഓഫീസിനു നാണകേടായ സാഹചര്യത്തിലാണിത്.

ഇതിനൊപ്പം സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ഉദ്യോഗസ്ഥനാണ് യോഗേഷ് ഗുപ്ത. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കുള്ള ചുരുക്കപ്പട്ടികയില്‍ യോഗേഷ് ഗുപ്തയുമുണ്ടായിരുന്നു. എന്നാല്‍, കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനായിട്ടും അദ്ദേഹത്തെ സര്‍ക്കാര്‍ പരിഗണിച്ചില്ല. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകാനുള്ള യോഗേഷിന്റെ ശ്രമങ്ങള്‍ക്കും സര്‍ക്കാര്‍ വിലങ്ങുതടിയാണ്. കേന്ദ്രത്തിലെ താക്കോല്‍ സ്ഥാനത്ത് യോഗേഷ് എത്താനും സാധ്യതയുണ്ട്. സിബിഐയുടേയും ഇഡിയുടേയും തലവനായി യോഗേഷ് വരാതിരിക്കാന്‍ തന്ത്രപരമായി നീങ്ങാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം വിജിലന്‍സ് കോടതിയുടെ പരാമര്‍ശം നീക്കാനും സര്‍ക്കാര്‍ ശ്രമിക്കും. ഇതിനായി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഇതിനിടെയാണ് യോഗേഷിനെതിരായ നടപടികള്‍ ആലോചിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള ഉദ്യോഗസ്ഥനാണ് എംആര്‍ അജിത് കുമാര്‍. ഇപ്പോഴും അങ്ങനെയാണെന്നാണ് പൊതു വിലയിരുത്തല്‍. സി.പി.എമ്മുമായി ഇടഞ്ഞ് ഇടതുമുന്നണി വിട്ട പി.വി. അന്‍വറുമായി കൂടിക്കാഴ്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയെന്ന അജിത്കുമാറിന്റെ മൊഴിയാണ് വിവാദമായത്. അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച വിജിലന്‍സ് മേധാവി ഉള്‍പ്പെടെയുള്ളവരുടെ വീഴ്ച അന്വേഷിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. നിലവില്‍ ഫയര്‍ഫോഴ്സ് മേധാവിയായ യോഗേഷ് ഗുപ്തയായിരുന്നു ആ സമയത്തു വിജിലന്‍സ് മേധാവി.

എംആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിജിലന്‍സ് കോടതിയുടെ ഗുരുതര വിമര്‍ശനങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. റിപ്പോര്‍ട്ടിന് അംഗീകരാം നല്‍കിയ വിജിലന്‍സ് മേധാവി അടക്കമുള്ളവരുടെ വീഴ്ചകളിലേക്കും അന്വേഷണം നടത്തുന്നതാണ് പരിഗണനയിലുള്ളത്. നിലവില്‍ ഫയര്‍ ഫോഴ്സ് മേധാവിയായ യോഗേഷ് ഗുപ്തയാണ് അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയത്. ഗുരുതര വീഴ്ചകള്‍ ഈ റിപ്പോര്‍ട്ടിലുണ്ടെന്ന പൊതു വികാരമാണ് കോടതി നിരീക്ഷണങ്ങളിലൂടെ ഉണ്ടായത്. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്കെതിരായ നിരീക്ഷണങ്ങളും ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

എ.ഡി.ജി.പിക്കെതിരായ പരാതിയില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ ഹര്‍ജിക്കാരന്‍ ഉന്നയിച്ച പല ആരോപണങ്ങളും വിജിലന്‍സ് വേണ്ടത്ര പരിഗണിച്ചില്ലെന്നു പ്രത്യേക വിജിലന്‍സ് കോടതി നിരീക്ഷിച്ചിരുന്നു. ആരോപണവിധേയന്റെ കീഴുദ്യോഗസ്ഥരാണ് അന്വേഷണം നടത്തിയതെന്നു പരാതിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. വിജിലന്‍സ് ഡെപ്യൂട്ടി സൂപ്രണ്ട് ഡിവൈ.എസ്.പി. ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരായ ആരോപണത്തില്‍ കീഴുദ്യോഗസ്ഥനെ അന്വേഷണത്തിനു നിയോഗിച്ച നടപടി ശരിയല്ലെന്നു കോടതി വിലയിരുത്തി. ആരോപണവിധേയനേക്കാള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനോ തുല്യപദവിയിലുള്ളയാളോ അന്വേഷിക്കേണ്ടതായിരുന്നു.

അന്വേഷണോദ്യോഗസ്ഥന്‍ ആരോപണവിധേയന്റെ മൊഴിയെടുത്തശേഷം അതിന്റെ മാത്രം അടിസ്ഥാനത്തില്‍ ആരോപണം തെറ്റാണെന്ന നിഗമനത്തിലെത്തിയെന്നും കോടതി നിരീക്ഷിച്ചു. ഇതെല്ലാം വിജിലന്‍സ് മേധാവിയായിരുന്ന യോഗേഷ് ഗുപ്തയുടെ വീഴ്ചയായി സര്‍ക്കാര്‍ കാണുന്നുണ്ട്. അജിത് കുമാറിനെതിരായ പരാതി സീനിയറായ വിജിലന്‍സ് മേധാവി നേരിട്ട് അന്വേഷിക്കണമായിരുന്നുവെന്നതാണ് സര്‍ക്കാര്‍ ഇതിന് ന്യായമായി പറയുക.