അജ്മീർ: നമ്മൾ അബദ്ധത്തിൽ വിഴുങ്ങുന്ന ചില വസ്തുക്കൾ എത്ര കാലം കഴിഞ്ഞാലും ശരീരത്തിനുള്ളിൽ തന്നെ കാണും. പിന്നീട് എന്നെങ്കിലും അസ്വസ്ഥത പ്രകടിപ്പിക്കുമ്പോൾ ആയിരിക്കും അത് കണ്ടെത്താൻ സാധിക്കുക. അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. യുവതിക്ക് നാല് വയസുള്ളപ്പോൾ വിഴുങ്ങിയ 'നാണയം' വയറ്റിൽ നിന്ന് അതിവിദഗ്ധമായി നീക്കം ചെയ്ത് ഡോക്ടര്‍മാര്‍.

അജ്മീറിലെ ജെ എൽ എൻ ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ ഒരു സംഘമാണ് എൻഡോസ്കോപ്പിയിലൂടെ 20കാരിയുടെ വയറ്റിൽ നിന്ന് നാണയം ഒടുവിൽ പുറത്തെടുത്തത്. എംആർഐ ടെക്നീഷ്യനായി ജോലി കിട്ടിയ യുവതി എംആർഐ മുറിയിൽ പ്രവേശിക്കുമ്പോഴെല്ലാം കാന്തിക ശക്തി കാരണം വയറ്റിൽ ചലനം അനുഭവപ്പെടുകയായിരുന്നു.

പ്രശ്നം തുടർന്നപ്പോൾ ഒടുവിൽ കാര്യം ആദ്യം മാതാപിതാക്കളോട് സംസാരിച്ചു. കുട്ടിയായിരുന്നപ്പോൾ ഒരു നാണയം വിഴുങ്ങിയതായി മാതാപിതാക്കളാണ് പറഞ്ഞത്. 16 വർഷം മുമ്പ് ഒരു നാണയം വിഴുങ്ങിയിരുന്നുവെന്നുള്ള കാര്യം അറിഞ്ഞപ്പോൾ യുവതി ജെ എൽ എൻ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തില്‍ ചികിത്സ തേടുകയായിരുന്നുവെന്ന് ജെ എൽ എൻ മെഡിക്കൽ കോളേജിലെ പ്രിൻസിപ്പലും കൺട്രോളറുമായ ഡോ. അനിൽ സമരിയ പറയുന്നു.

എക്സ്-റേ സ്കാനിൽ യുവതിയുടെ വയറ്റിൽ ഒരു നാണയം കണ്ടെത്തി. തുടർന്ന് എൻഡോസ്കോപ്പിയിലൂടെ ഡോക്ടർമാർ അത് നീക്കം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാണയം 16 വർഷം വയറ്റിൽ പ്രശ്നങ്ങളില്ലാതെ തുടർന്നെങ്കിലും, അത് അപകടകരമാകാമായിരുന്നു എന്ന് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. അരവിന്ദ് ഖരെ പറഞ്ഞു. കുട്ടികൾ എന്തെങ്കിലും വിഴുങ്ങിയാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കണമെന്ന് അദ്ദേഹം രക്ഷിതാക്കളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

മറ്റൊരു സംഭവത്തിൽ ബിരിയാണി കഴിക്കുന്നതിനിടെ ചിക്കനിലെ എല്ല് തൊണ്ടയിൽ കുടുങ്ങിയ യുവതിക്ക് എട്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടന്നു. കുർള സ്വദേശിയായ 34 കാരി റൂബി ഷെയ്ഖാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഫെബ്രുവരി മൂന്നിനായിരുന്നു സംഭവം. അത്താഴം കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. സമീപത്തെ റസ്റ്റോറന്റിൽ നിന്ന് കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് അപകടം.

3.2 സെന്റീമീറ്റർ നീളമുള്ള എല്ല് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. പരിശോധനയിൽ എല്ല് കിടക്കുന്നത് സങ്കീർണമായ അവസ്ഥയിലാണെന്ന് ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടർമാർ അറിയിച്ചു. എട്ട് ലക്ഷം രൂപയാണ് ശസ്ത്രക്രിയക്ക് ചെലവായത്. എല്ല് കുടുങ്ങിയതിനെ തുടർന്ന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടപ്പോൾ റൂബിയെ ക്രിട്ടിക്കേർ ഏഷ്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ നടത്തിയ എക്സ്-റേയിൽ അവളുടെ C4-C5 വെർട്ടെബ്രൽ ഡിസ്കുകളിൽ ഒരു വസ്തു കുടുങ്ങിയതായി കണ്ടെത്തുകയായിരുന്നു. ഫെബ്രുവരി 8 ന് ശസ്ത്രക്രിയാ വിദഗ്ധർ പുറത്തെടുക്കാൻ ആരംഭിച്ചപ്പോൾ, അസ്ഥി മുകളിലേക്ക് നീങ്ങിയിരുന്നു. ഇത് അപൂർവ സംഭവമാണെന്ന് ഡോക്ടർമാർ പറഞ്ഞു. എല്ല് തൊണ്ടയുടെ മുകൾ ഭാഗമായ നാസോഫറിനക്സിലേക്ക് സഞ്ചരിച്ചതായാണ് കണ്ടെത്തിയത്.