വാഷിങ്ടണ്‍: ട്രംപിന്റെ പേടിച്ചില്ലെങ്കില്‍ പണി കിട്ടുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. അതുകൊണ്ട് തന്നെ ലോകരാജ്യങ്ങള്‍ ട്രംപിനെ പ്രീതിപ്പെടുത്താന്‍ ട്രംപ് ടവറുകള്‍ അടക്കം പണിയാന്‍ തയ്യാറെടുത്തിരിക്കയാണ്. ഇതിനിടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഒരുങ്ങുകയാണ് യൂട്യൂബും. കേസ് ഒത്തുതീര്‍പ്പാക്കാന്‍ 24.5 മില്യണ്‍ ഡോളര്‍ (217.60 കോടി രൂപ) നല്‍കാമെന്ന് യുട്യൂബ് സമ്മതിച്ചുവെന്നാണ് വാര്‍ത്തകള്‍.

ഒത്തുതീര്‍പ്പ് പ്രകാരം ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ്, വൈറ്റ് ഹൗസില്‍ 200 മില്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മിക്കുന്ന ബോള്‍റൂം പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന സംഘടനയ്ക്ക് ട്രംപിന്റെ പേരില്‍ 22 മില്യണ്‍ ഡോളര്‍ സംഭാവനയായി നല്‍കും. ട്രംപിനോടൊപ്പം കേസിലെ മറ്റ് വാദികളായ അമേരിക്കന്‍ കണ്‍സര്‍വേറ്റീവ് യൂണിയന്‍, അമേരിക്കന്‍ എഴുത്തുകാരി നവോമി വുള്‍ഫ് എന്നിവര്‍ക്ക് ശേഷിക്കുന്ന 2.5 മില്യണ്‍ ഡോളര്‍ ലഭിക്കും. നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് കാലിഫോര്‍ണിയയിലെ യു എസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ തിങ്കളാഴ്ച സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

2021 ജനുവരിയില്‍ യുഎസ് ക്യാപിറ്റോളില്‍ നടന്ന കലാപത്തെത്തുടര്‍ന്നാണ് ട്രംപിന്റെ അക്കൗണ്ട് യൂട്യൂബ് സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ ഒത്തുതീര്‍പ്പില്‍ എത്തിയെങ്കിലും യൂട്യൂബ് തെറ്റ് സമ്മതിച്ചിട്ടില്ല. 'തര്‍ക്കത്തിലുള്ള അവകാശവാദങ്ങളില്‍ ഒത്തുതീര്‍പ്പിലെത്തുക, കൂടുതല്‍ നിയമനടപടികളുടെ ചെലവുകളും അപകടസാധ്യതകളും ഒഴിവാക്കുക' എന്ന ഏക ലക്ഷ്യത്തോടെയാണ് ഈ തീരുമാനത്തിലെത്തിയതെന്ന് യൂട്യൂബ് കോടതി രേഖകളില്‍ പറഞ്ഞു.

2020ലെ തിരഞ്ഞെടുപ്പിന് പിന്നാലെ ട്രംപിന്റെ അനുയായികള്‍ നടത്തിയ ജനുവരി ആറിലെ ആക്രമണത്തെത്തുടര്‍ന്ന് മെറ്റയും എക്സുമടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളും ട്രംപിന് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ട്രംപ് സ്വീകരിച്ച നിയമനടപടികള്‍ക്ക് പിന്നാലെ മെറ്റയും എക്സും കോടിക്കണക്കിന് ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യൂട്യൂബിന്റെയും നടപടി.