ലണ്ടന്‍: ഓര്‍മ്മ കണക്കില്‍ ബ്രിട്ടനിലെ എക്സീറ്റര്‍ മലയാളികളുടെ മകളായ 12കാരി യുക്തയെ തോല്‍പ്പിക്കാന്‍ ആരും മിനക്കെടേണ്ട, കാരണം കക്ഷി ഇക്കാര്യത്തില്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ഇതൊക്കെയെന്ത് എന്ന ഭാവത്തില്‍ നില്കുന്നത്. ലോക രാജ്യങ്ങളുടെ കണ്‍ട്രി കോഡ് ഒറ്റ ശ്വാസത്തില്‍, ഒരു മിനിറ്റിനകം ഓര്‍ത്തെടുത്തു പറഞ്ഞാണ് ഈ തിരുവനതപുരം സ്വദേശിയായ പെണ്‍കുട്ടി യുകെയില്‍ അത്ഭുതമായി മാറുന്നത്. ബ്രെയിന്‍ ഹാക്കിങ് എന്നറിയപ്പെടുന്ന സവിശേഷ പരിശീലനത്തിലൂടെ സ്വന്തമാക്കുന്ന ഓര്‍മ്മശക്തി പരിശോധനയാണ് വേള്‍ഡ് റെക്കോര്‍ഡ് ആയി മാറിയിരിക്കുന്നത്. ലോക രാജ്യങ്ങളുടെ കണ്‍ട്രി കോഡ് മിന്നല്‍ വേഗതയിലാണ് യുക്ത പറഞ്ഞു തീര്‍ക്കുന്നത് എന്നാണ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയതിനെ ഡെവണിലെ പത്രങ്ങള്‍ വിശേഷിപ്പിക്കുന്നത് .ഒരു പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് സാധിക്കുന്ന കാര്യമാണോ ഇതെന്ന് ആളുകള്‍ മൂക്കത്തു വിരല്‍ വയ്ക്കുമെങ്കിലും നിത്യാഭ്യാസി ആനയെ എടുക്കും എന്ന ചൊല്ലാണ് യുക്തയെ കാണുമ്പോള്‍ ആര്‍ക്കും പറയാന്‍ തോന്നുക.

മെമ്മറി മാരത്തണ്‍ എന്നറിയപ്പെടുന്ന കഴിവ് പ്രത്യേക പരിശീലനത്തിലൂടെയാണ് യുക്തയും സ്വന്തമാക്കിയത്. ഇതിന്റെ ഭാഗമായി ദേശീയ തലത്തില്‍ നടന്ന പല മത്സരങ്ങളുടെയും ഒടുവിലാണ് യുക്തയ്ക്ക് ലോക റെക്കോര്‍ഡ് ഇടുന്ന പ്രകടനം കാഴ്ചവയ്ക്കാനായത്. പ്രശസ്ത മെമ്മറി കോച്ചും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉടമയും ആയ ശാന്തി സത്യന്റെ കീഴിലുള്ള പരിശീലനമാണ് യുക്തയെയും ഈ നേട്ടത്തിലേക്ക് എത്തിച്ചത്. ജന്മനാ ഓര്‍മശക്തി കൂടുതലുള്ളവര്‍ക്ക് നിരന്തരമായ അച്ചടക്കമുള്ള പരിശീലനത്തിലൂടെ ഇത്തരം ടാസ്‌കുകള്‍ വേഗത്തില്‍ കീഴടക്കാനാകും എന്നാണ് യുക്തയുടെ പരിശീലകര്‍ പറയുന്നത്. അഞ്ചു വര്‍ഷം മുന്‍പ് 2021 ല്‍ വെറും ഏഴു വയസുള്ളപ്പോഴാണ് യുക്തയുടെ പ്രധാന വഴിത്തിരിവായ നേട്ടം സംഭവിക്കുന്നത്.

അന്ന് യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം മെമ്മറി മാരത്തണ്‍ മത്സരത്തില്‍ ദേശീയ ഓര്‍മ്മശക്തി റെക്കോര്‍ഡ് സ്വന്തമാക്കിയാണ് യുക്ത തന്റെ മികവ് ഏവരെയും ബോധ്യപ്പെടുത്തിയത്. അന്നത്തെ പ്രായത്തില്‍ ആ നേട്ടം സ്വന്തമാക്കുന്നത് അപൂര്‍വം ആണെന്നാണ് മത്സരത്തിലെ വിധി കര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടതും. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളെ പത്തു സെക്കന്റില്‍ ഓര്‍മ്മിച്ചെടുക്കുക, പീരിയോഡിക് ടേബിളിലെ 118 പേരുകളും ഒന്ന് പോലും വിട്ടു പോകാതെ പറയുക, 21 * 21 എന്ന മാജിക് സ്‌ക്വായര്‍ പത്തു മിനിറ്റില്‍ പൂര്‍ത്തിയാക്കുക എന്നതൊക്കെയാണ് അന്ന് യുക്ത ടാസ്‌ക് ആയി ഏറ്റെടുത്തത്. ഇതോടെയാണ് ലോക വേദിയില്‍ മത്സരിക്കാനുള്ള യോഗ്യത കൈവന്നതും. തുടര്‍ന്ന് ഇത്തരം നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ള നിരന്തരമായ പരിശ്രമമാണ് ഈ കൊച്ചു മിടുക്കി ഏറ്റെടുത്തത്.

തുടര്‍ന്ന് ചിട്ടയായ പരിശീലനമാണ് ഇപ്പോള്‍ ലോക റെക്കോര്‍ഡ് ജേതാവിന്റെ കിരീടം സ്വന്തമാക്കാനും സഹായകമായത്. തന്റെ ലക്ഷ്യത്തില്‍ എത്തിയെ പിന്മാറൂ എന്ന വാശിയോടെയാണ് കഴിഞ്ഞ അഞ്ചു കൊല്ലവും യുക്ത ഈ നേട്ടത്തിനായി പൊരുതിയത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ 19 നാണു യുക്ത ലോക റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ പ്രകടനം നടത്തിയത്. ലോകത്തെ 77 രാജ്യങ്ങളുടെ കണ്‍ട്രി കോഡ് വെറും 60 സെക്കന്റില്‍ ഓര്‍ത്തെടുത്താണ് യുക്ത അഭിമാനാര്‍ഹമായ നേട്ടം കരസ്ഥമാക്കിയത്. ലോകത്തെ ഇത്തരം നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞവരില്‍ അപൂര്‍വം ഒരാളായിട്ടാണ് ഇപ്പോള്‍ വിലയിരുത്തിയിരിക്കുന്നത്. 2021 മുതല്‍ 2025 വരെയുള്ള നിരന്തരമായ പരിശ്രമത്തില്‍ തനിക്ക് ഈ നേട്ടങ്ങള്‍ സ്വന്തമാകാനെയെങ്കില്‍ ശ്രമിച്ചാല്‍ ആര്‍ക്കും ഇതൊക്കെ സാധിക്കും എന്ന സന്ദേശമാണ് ഇപ്പോള്‍ യുക്ത മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കുന്നതും.

എക്സ്റ്ററിലെ ആശുപത്രി ജീവനക്കാരായ മനോജ് വേണുഗോപാല്‍ നായരും നേഴ്‌സും അറിയപ്പെടുന്ന നര്‍ത്തകിയുമായ ഡോ രമ്യ മനോജ്ജുമാണ് ഈ മിടുക്കിയുടെ മാതാപിതാക്കള്‍. മാനസികാരോഗ്യ പഠനത്തിനാണ് രമ്യ ഗവേഷണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. എക്സ്റ്റര്‍ കോളേജ് വിദ്യാര്‍ത്ഥിയായ വിസ്മയ് ആര്‍ മനോജാണ് യുക്തയുടെ ഏക സഹോദരന്‍. മെമ്മറി മാരത്തണില്‍ 2021, 2023 വര്‍ഷങ്ങളിലെ ദേശീയ റെക്കോര്‍ഡ് ഉടമയാണ് വിസ്മയ്. ചേട്ടന്റെ വഴിയേ പോയ അനുജത്തി ദേശീയ തലത്തില്‍ നിന്നും ലോക തലത്തിലേക്ക് വളര്‍ന്നത് മറ്റൊരു നേട്ടമായി കുടുംബത്തിന് അഭിമാനിക്കാം. കഴിഞ്ഞ വര്‍ഷം യുക്ത സ്വന്തമാക്കിയ നേട്ടം അറിഞ്ഞു സ്‌കൂള്‍ അധികൃതര്‍ അഭിനന്ദനം സംഘടിപ്പിച്ചപ്പോഴാണ് പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്ത ആയതും ഇപ്പോള്‍ യുക്ത മലയാളി സമൂഹത്തില്‍ താരമായി മാറിയതും. ഈ ചടങ്ങില്‍ പ്രത്യേക പ്രകടനം നടത്തിയ യുക്ത സ്‌ക്രീനില്‍ തെളിഞ്ഞ ഓരോ കോഡിനൊപ്പവും രാജ്യങ്ങളുടെ പേരുകള്‍ ഒരു സെക്കന്റ് പോലും നഷ്ടമാക്കാതെ പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ കാഴ്ച്ചക്കാരായി നിരന്ന എക്സീറ്റര്‍ മേയര്‍, സ്‌കൂള്‍ അധികൃതര്‍, ലോക്കല്‍ കൗണ്‍സില്‍ അംഗങ്ങള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരൊക്കെ അത്ഭുതം കൊണ്ട് കണ്മിഴിച്ചു നില്‍ക്കുക ആയിരുന്നു.