- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അതൃപ്തി; സര്‍വ്വത്ര പരാതിയും: 30 ലക്ഷം ഗുണഭോക്താക്കളുള്ള മെഡിസിപ്പ് നിര്‍ത്താനൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: മെഡിസെപ് ആരോഗ്യ പരിരക്ഷാപദ്ധതി നിര്‍ത്തലാക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചനതുടങ്ങി. ജീവനക്കാര്‍ക്ക് ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതിയെ കുറിച്ച് സര്‍വ്വത്ര പരാതി ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ ഇത് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല മെഡിസിപ്പ് പദ്ധതിയെ കുറിച്ച് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമിടയില്‍ കടുത്ത അതൃപ്തിയുമുണ്ട്. ആശുപത്രിയില്‍ അഡ്മിറ്റായാല്‍ പണം ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. പലര്‍ക്കും പിന്നീടാണ് ആശുപത്രി ചിലവ് ലഭിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും നീരസം ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ഇതുകൂടി കണക്കിലെടുത്താണ്, മെഡിസെപ് നിര്‍ത്താന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങിയത്. പദ്ധതിയില്‍ സര്‍ക്കാരിന് സാമ്പത്തികബാധ്യതയൊന്നുമില്ലെങ്കിലും ഗുണഭോക്താക്കളും ഇന്‍ഷുറന്‍സ് കമ്പനിയും നിരന്തരം പരാതികള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് പദ്ധതി നിര്‍ത്തി വയ്ക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചന തുടങ്ങിയത്.
മെഡിസെപ് നിര്‍ത്തി പഴയ റീ-ഇംബേഴ്സ്മെന്റ് പദ്ധതിയിലേക്കു മടങ്ങാമെന്ന ആലോചനയിലാണ് സര്‍ക്കാര്‍. ഇതിനാല്‍ മെഡിസെപ് പുതുക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ക്ക് ധനവകുപ്പ് തയ്യാറായിട്ടില്ല. ചികിത്സാ സൗകര്യമുള്ള മിക്ക ആശുപത്രികളിലും മെഡിസിപ്പ് ഇല്ല. ഉള്ള ആശുപത്രികളില്‍ പലതും ഗുണഭോക്താക്കള്‍ തന്നെ കാശ് മുടക്കണം. പിന്നീട് പണം തിരികെ ലഭിക്കുകയാണ് പതിവ്. മാത്രമല്ല ക്ലയിം പൂര്‍ണമായി ലഭിക്കുന്നില്ല എന്ന പരാതിയും ഏറെയാണ്.
ആദ്യവര്‍ഷം സര്‍ക്കാര്‍ജീവനക്കാരില്‍നിന്നും 600 കോടിരൂപ ലഭിച്ചെങ്കിലും നൂറുകോടിയിലേറെ തുക അധികമായി ഇന്‍ഷുറന്‍സ് കമ്പനിക്ക് ക്ലെയിം നല്‍കേണ്ടിവന്നു. മാത്രമല്ല ആശുപത്രികള്‍ ബില്‍തുക കൂട്ടി കൊള്ളലാഭമുണ്ടാക്കുന്നതും സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇന്‍ഷുറന്‍സ് കമ്പനി ഉള്‍പ്പെടെ മെഡിസെപ്പുമായി ബന്ധപ്പെട്ടവരെല്ലാം അതൃപ്തി പ്രകടിപ്പിക്കുന്നതിനാലാണ് പദ്ധതിയെക്കുറിച്ചുള്ള പുനരാലോചനയെന്ന് സര്‍ക്കാര്‍ വ്യകതമാക്കി.
മുന്‍പദ്ധതികളില്‍നിന്നു വ്യത്യസ്തമായി പെന്‍ഷന്‍കാര്‍ക്കും ആരോഗ്യപരിരക്ഷ ലഭിക്കുന്ന പദ്ധതിയാണ് മെഡിസെപ്. 2022 ജൂലായ് ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. 2025 ജൂണ്‍ 30-ന് ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള കരാര്‍കാലാവധി തീരും. പദ്ധതി തുടരണമെങ്കില്‍ ഇപ്പോള്‍തന്നെ ടെന്‍ഡര്‍നടപടി തുടങ്ങേണ്ടതുണ്ട്.