തിരുവനന്തപുരം: രണ്ടാം ബാർകോഴ അഴിമതി ആരോപണം പിണറായി സർക്കാറിനെതിരെ ഉയർന്നതോടെ പ്രതിരോധത്തിലായ സർക്കാർ മുഖം രക്ഷിക്കാർ ശ്രമം തുടങ്ങി. എക്‌സൈസ് മന്ത്രി എം ബി രാജേഷിനെതിരെയാണ് ആരോപണം ശക്തമാകുന്നത്. രാജി ആവശ്യം അടക്കം ശക്തമാകവെ വിവാദത്തിൽ പ്രതികരിച്ചു രാജേഷ് രംഗത്തുവന്നു.

മദ്യനയത്തിൽ ഇളവ് വരുത്താൻ പണപ്പിരിവിന് ശ്രമിക്കുന്നുവെന്നത് ഗൗരവതരമെന്ന് എക്സൈസ് വകുപ്പ് മന്ത്രി പ്രതികരിച്ചു. അത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരണം. പ്രവണത വെച്ചുപൊറുപ്പിക്കില്ലെന്നും എം ബി രാജേഷ് പറഞ്ഞു. 'സർക്കാർ മദ്യനയത്തിന്റെ ആലോചനകളിലേക്ക് കടന്നിട്ടില്ല. മദ്യ നയത്തിന്റെ പ്രാരംഭ ചർച്ചകൾ പോലുമായിട്ടില്ല. മദ്യ നയത്തിൽ ചില കാര്യങ്ങൾ നടപ്പിലാക്കാം എന്നുപറഞ്ഞുകൊണ്ട് പണപ്പിരിവിന് ശ്രമിക്കുന്നുവെന്നത് ഗൗരവത്തോടെയാണ് കാണുന്നത്. വളരെ ശക്തമായ നടപടി അത്തരക്കാർക്കെതിരെ എടുക്കും. വെച്ചുപൊറുപ്പിക്കില്ല. ചർച്ച നടക്കുന്നതിന് മുമ്പ് തന്നെ വാർത്തകൾ വരുന്നുണ്ട്. ആ വാർത്തകൾ ഉപയോഗിച്ച് ആരെങ്കിലും പണപ്പിരിവിന് ശ്രമിച്ചാൽ ശക്തമായ നടപടിയെടുക്കും', മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

ശബ്ദരേഖാ കലാപരിപാടി കുറച്ചുനാളുകളായിട്ടുള്ളതാണ്. തെറ്റായ പ്രവണത പ്രോത്സാഹിപ്പില്ല. ആരായാലും കൈകാര്യം ചെയ്യാൻ സർക്കാരിന് അറിയാം. സാധാരണ ഫെബ്രുവരി-മാർച്ച് മാസത്തിൽ ചർച്ച നടത്താറുള്ളതാണ്. തിരഞ്ഞെടുപ്പ് ആയതിനാൽ അത്തരം ചർച്ചകളിലേക്ക് കടന്നിട്ടില്ല. വാർത്തകളുടെ ഉറവിടം അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി രാജിവെക്കണമെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ആവശ്യത്തെ എം ബി രാജേഷ് പരിഹസിച്ചു കണ്ടാണ് രംഗത്തെത്തിയത്.

രാജി ആവശ്യപ്പെട്ടില്ലേയെന്ന് കരുതിയിരിക്കുകയായിരുന്നു. നിയമസഭാ തുടങ്ങാൻ പോവുകയല്ലേ. അവിടെവെച്ച് കാണാം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനും അടക്കം ഒരാൾ നൽകേണ്ടത് രണ്ടര ലക്ഷം രൂപയാണ്. സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്റെ ശബ്ദ സന്ദേശമാണ് പുറത്തുവരുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടിന്റെ നിർദേശപ്രകാരമാണ് പിരിവെന്നാണ് സന്ദേശത്തിൽ പറയുന്നത്.

'പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വച്ച് കൊടുക്കാൻ പറ്റുന്നവർ നൽകുക. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യനയം വരും. അതിൽ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്ത് തരാൻ കൊടുക്കേണ്ടതുകൊടുക്കണം' എന്നായിരുന്നു ശബ്ദസന്ദേശത്തിൽ ഉണ്ടായിരുന്നത്. ബാർ ഉടമകളുടെ സംഘടനയുടെ എക്‌സ്‌ക്യൂട്ടിവ് യോഗം ഇന്നലെ കൊച്ചിയിൽ ചേർന്നിരുന്നു. യോഗസ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശമയക്കുന്നതെന്നും അനിമോൻ ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. ഇടുക്കിയിൽ നിന്നും സംഘടനയിൽ അംഗമായവരുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്കാണ് ശബ്ദസന്ദേശമെത്തിയത്. പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്യുകയായിരുന്നു.

അതേസമയം ആരോടും പണം പിരിക്കാൻ പറഞ്ഞിട്ടില്ലെന്ന് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി സുനിൽ കുമാർ പ്രതികരിച്ചത്. ഇതെല്ലാം നടന്നിരിക്കുന്നത് ഗൂഡലോചനയുടെ ഭാഗമായാണെന്നും സുനിൽ കുമാർ ആരോപിച്ചു. സർക്കാർ അത്തരത്തിലൊരു ആവശ്യത്തിന് സമീപിച്ചിട്ടില്ലെന്നും ആരോടും പണം പിരിക്കാൻ പറഞ്ഞിട്ടില്ലെന്നും സുനിൽ കുമാർ വ്യക്തമാക്കി. ആദ്യമായാണ് ഇത്തരത്തിൽ മോശമായ ചർച്ച ഉണ്ടാകുന്നതെന്നും ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചൂണ്ടിക്കാണിച്ചു.

തിരുവനന്തപുരത്തൊരു ഓഫീസ് വാങ്ങാൻ സംഘടന തീരുമാനിച്ചു. എന്നാൽ അതിനെ എതിർത്ത ചിലർ ഉണ്ടായിരുന്നു. കെട്ടിടം വാങ്ങാനുള്ള ചെലവിനായി ലോൺ അടക്കം ശ്രമിച്ചിരുന്നു. ഇടുക്കി ചുമതലയുള്ള അനിമോൻ ഉൾപ്പടെ അതിനെ എതിർത്തു. അനിമോനെ ഇന്നലത്തെ യോഗത്തിൽ സസ്‌പെന്റ് ചെയ്യാൻ തീരുമാനിച്ചു. തീരുമാനം ഇന്നലത്തെ ചർച്ചയിൽ അറിയിച്ചപ്പോൾ അനിമോൻ ഇറങ്ങി പോയി. വേറെ സംഘടന ഉണ്ടാക്കാൻ അനിമോൻ ശ്രമിച്ചിരുന്നു. സസ്പെൻഷനിൽ ആയിരിക്കുന്നവർക്ക് എന്തും പറയാലോ. സസ്പെൻഡ് ചെയ്ത മാനസികവസ്ഥയിൽ അയാൾക്ക് എന്ത് വേണമെങ്കിലും പറയാമല്ലോയെന്നും സുനിൽ കുമാർ ചോദിച്ചു.