- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനം ശരാശരി; ഭരണവിരുദ്ധ വികാരമുണ്ട്, പക്ഷേ പ്രതിപക്ഷത്തിന്റെ പ്രകടനവും പോര; വിജയിക്കാന്‍ കഴിയില്ലെങ്കിലും പി വി അന്‍വറും പ്രധാനഘടകം; ഈ ഇലക്ഷന് അനാവശ്യമെന്നും വോട്ടര്‍മാര്‍; മറുനാടന്‍ സര്‍വേയിലെ പ്രധാന കണ്ടെത്തലുകള്‍ ഇങ്ങനെ
പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനം ശരാശരി; ഭരണവിരുദ്ധ വികാരമുണ്ട്
തിരുവനന്തപുരം: നിലമ്പൂരില്‍ നടക്കുന്നത്, വ്യക്തമായ രാഷ്ട്രീയ പോരാട്ടം തന്നെയാണെന്ന്, മറുനാടന്‍ മലയാളി നടത്തിയ അഭിപ്രായ സര്‍വേയുടെ അനുബന്ധ ചോദ്യങ്ങള്‍ക്ക് വോട്ടര്‍മാര്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാവുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം പ്രവചിക്കുന്ന സര്‍വേയില്‍, മൂന്നാമത് എത്തുന്നത് ഇരുമുന്നണികളെയും വെല്ലവിളിച്ച് സ്വതന്ത്രനായി മത്സരിക്കുന്ന പി വി അന്‍വറാണ്. ആര്യാടന്‍ ഷൗക്കത്തിന് 42% വോട്ടും, എം സ്വരാജ് 35% വോട്ടും, പി വി അന്‍വറിന് 13% വോട്ടുമാണ് മറുനാടന്‍ സര്‍വേ പ്രവചിക്കുന്നത്.
ഭരണവിരുദ്ധ വികാരമുണ്ട്, പക്ഷേ...
ഈ ഉപതിരഞ്ഞെടുപ്പിനെ സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തലായിട്ടാണ് കൂടുതല്‍ വോട്ടര്‍മാരും കാണുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ പ്രകടനം എങ്ങനെയെന്ന ചോദ്യത്തിന്, 55 ശതമാനം വോട്ടര്‍മാരും ശരാശരി എന്ന മറുപടിയാണ് നല്‍കിയത്. വെറും ആറുശതമാനം പേര്‍ മാത്രമാണ് സര്‍ക്കാര്‍ വളരെ മികച്ചതാണെന്ന് പറയുന്നത്. കടുത്ത ഇടതുപക്ഷക്കാര്‍പോലും സര്‍ക്കാര്‍ വളരെ മികച്ചതാണെന്ന് പറയാന്‍ മടിക്കുന്നുവെന്ന് ചുരുക്കം. 'രണ്ടാം പിണറായി സര്‍ക്കാറിനെതിരൊയ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് കരുതുന്നുണ്ടോ?'- എന്ന നേരിട്ടുള്ള ചോദ്യത്തിന്, കൂടുതല്‍ പേരും അതെ എന്നാണ് പ്രതികരിച്ചതും.
പക്ഷേ സര്‍ക്കാറിനെതിരായ വികാരം മുതലെടുക്കാന്‍ യുഡിഎഫിന് കഴിയുമോ എന്നതും സംശയമാണ്. കാരണം പ്രതിപക്ഷത്തിന്റെ പ്രകടനത്തിലും ജനത്തിന് വലിയ അഭിപ്രായമില്ല. 42 ശതമാനം പേരും യുഡിഎഫ് ശരാശരിയാണെന്ന് പറയുമ്പോള്‍, 38 ശതമാനം മോശമാണെന്ന് പറയുന്നു. 15 ശതമാനം പേര്‍ വളരെ മോശം എന്ന് വിലയിരുത്തുമ്പോള്‍, വളരെ മികച്ചതിന് കിട്ടിയത് വെറും 5 ശതമാനത്തിന്റെ പിന്തുണയാണ്!
അന്‍വറും ഒരു ഘടകം
'ഈ തിരഞ്ഞെടുപ്പ് അനാവശ്യമാണെന്നും അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്നും കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്' 51 ശതമാനം വോട്ടമാരും 'അതെ' എന്നാണ് പ്രതികരിച്ചത്. അസംബ്ലി തിരഞ്ഞെടുപ്പിന് 10 മാസംമുമ്പേ, സിറ്റിങ് എംഎല്‍എയുടെ രാജിവഴിയാണെല്ലോ, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുന്നത്. എന്നാല്‍ ഈ ഇലക്ഷന് കാരണഭൂതനായ പി വി അന്‍വറിനെ, പൂര്‍ണ്ണമായും എഴുതിത്തള്ളാന്‍ കഴിയില്ലെന്നും, സര്‍വേയുടെ അനുബന്ധ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ തെളിയിക്കുന്നു. പഞ്ചായത്ത് തലത്തില്‍ പരിഗണിച്ചാല്‍ കരുളായി, വഴിക്കടവ് പഞ്ചായത്തുകളിലാകും അന്‍വറിന് അനുകൂലമായി കൂടുതല്‍ വോട്ടുകള്‍ വീഴുക എന്നാണ് സര്‍വേയില്‍ വ്യക്തമാക്കുന്നത്.
പി വി അന്‍വറിനോടുള്ള എല്‍ഡിഎഫ്, യുഡിഎഫ് സമീപനം മോശമാണെന്നാണ് 60 ശതമാനം വോട്ടര്‍മാരും പറയുന്നത്. 'പി വി അന്‍വര്‍ ഈ തിരഞ്ഞെടുപ്പില്‍ ഒരു നിര്‍ണ്ണായക ഘടകമാണെന്ന് കരുതുന്നുണ്ടോ?' എന്ന ചോദ്യത്തില്‍, അതെ എന്ന ഉത്തരമാണ് മുന്നില്‍ വന്നത്. 40 ശതമാനം പേരും അന്‍വറിനെ ഒരു നിര്‍ണണായക ഘടകമായി കാണുമ്പോള്‍, 35 ശതമാനം അല്ലെന്ന് പറയുന്നു. 25 ശതമാനം വോട്ടര്‍മാര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
സിപിഎമ്മില്‍ പിണറായിസം തന്നെ
നിലമ്പൂര്‍ അടക്കമുള്ള പ്രദേശങ്ങളിലെ തീരാതലവേദനയാണെല്ലോ വന്യമൃഗശല്യം. 'വന്യജീവി സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമായി ഇടപെട്ടുവെന്ന് കരുതുന്നുണ്ടോ?' എന്ന ചോദ്യത്തിന് ഇല്ല എന്നാണ് 60 ശതമാനം വോട്ടര്‍മാരും പ്രതികരിച്ചത്. 30 ശതമാനം പേര്‍ അറിയില്ല എന്നും. ഈ പ്രശ്നത്തിലും സര്‍ക്കാറിനെതിരെ ജനവികാരം ഉണ്ടെന്ന് ചുരുക്കം.
അതുപോലെ 'കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവ് ആരെന്ന്' ചോദിച്ച് മൂന്ന് മുന്നണികളിലെ 6 പേരുടെ പേരാണ് സര്‍വേ ചോദ്യാവലിയില്‍ ഉണ്ടായിരുന്നത്. സിപിഎമ്മില്‍ നിന്ന് പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, കോണ്‍ഗ്രസില്‍ നിന്ന് വി ഡി സതീശന്‍, ശശി തരൂര്‍, ബിജെപിയില്‍ നിന്ന് രാജീവ് ചന്ദ്രശേഖര്‍, സുരേഷ് ഗോപി എന്നിവരുടെ പേരാണ് നല്‍കിയത്.
അതില്‍ 33 ശതമാനം നേടിയ മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാമത്. പക്ഷേ അങ്ങനെ സംഭവിക്കുന്നത് ഇടതു അനുഭാവികളുടെ വോട്ടുകള്‍ ഒന്നടങ്കം പിണറായിക്ക് കിട്ടുന്നതുകൊണ്ടാണ്. ആ ലിസ്റ്റിലുള്ള പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്, വെറും 2 ശതമാനം പേരുടെ പിന്തുണയാണ് കിട്ടിയത്. എന്നാല്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ സതീശനും, തരൂരിനും ഇടയില്‍ ഭിന്നിച്ച് പോവുകയാണ്. സതീശന് 31 പേരുടെ പിന്തുണ കിട്ടിയപ്പോള്‍, തരൂരിന് 25 ശതമാനം പേരുടെ പിന്തുണയാണുള്ളത്. ഇത് രണ്ടും ചേരുമ്പോള്‍ 56 ശതമാനമായി. പിണറായിക്കും, ഗോവിന്ദനും ചേര്‍ന്ന് 35 ശതമാനത്തിന്റെ പിന്തുണയേ ഉള്ളൂ. സിപിഎം എന്നാല്‍ ഇപ്പോഴും സമ്പൂര്‍ണ്ണമായ പിണറായിസത്തില്‍ തന്നെയാണെന്നതിന്റെ സൂചന കൂടിയാണിത്.
അതുപോലെ നേരത്തെയുള്ള, മറുനാടന്‍ സര്‍വേകളില്‍നിന്ന് വ്യത്യസ്തമായി വി ഡി സതീശന്റെ പിന്തുണ കൂടുന്നുമുണ്ട്. അന്‍വര്‍ വിഷയത്തില്‍ അടക്കം കൃത്യമായ നിലപാട് സ്വീകരിച്ചതാണ് സതീശന് തുണയായി മാറുന്നത്. പാര്‍ട്ടിയുടെ അഭിമാനം പണയം വെക്കാത്ത നിലപാട് സ്വീകരിക്കാന്‍ സതീശന് സാധിച്ചുവെന്നാണ് സര്‍വേയില്‍ നിന്നും വ്യക്തമാകുന്ന കാര്യം. അതേസമയം ബിജെപിക്ക് വലിയ സ്വാധീനമില്ലാത്ത ഈ മണ്ഡലത്തില്‍ നടത്തിയ സര്‍വേയിലും 7 ശതമാനം വോട്ടര്‍മാര്‍ സുരേഷ് ഗോപിയുടെ പേര് പറയുന്നുണ്ട്. എന്നാല്‍ പുതിയ ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ 2 ശതമാനം പേരുടെ പിന്തുണയാണ് കിട്ടിയത്.
മറുനാടന്‍ മലയാളി നിലമ്പുര്‍ ഉപതിരഞ്ഞെടുപ്പ്- അനുബന്ധ ചോദ്യങ്ങള്‍
1 ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന വിഷയം എന്താണ്?
A സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തല്‍-40%
B മണ്ഡലത്തിന്റെ വികസനം-11%
C പി വി അന്‍വര്‍- 20%
D ഇവയൊന്നുമല്ല- 29%
2 സംസ്ഥാന സര്‍ക്കാറിന്റെ സര്‍ക്കാറിന്റെ പ്രകടനം എങ്ങനെ?
A വളരെ മികച്ചത്- 6%
B ശരാശരി-55%
C മോശം- 30%
D വളരെ മോശം- 9%
3 കേരളത്തിലെ പ്രതിപക്ഷമായ യുഡിഎഫിന്റെ പ്രകടനത്തെ എങ്ങനെ?
A വളരെ മികച്ചത് -5%
B ശരാശരി- 42%
C മോശം-38%
ഉ വളരെ മോശം-15
4 പി വി അന്‍വറിനോടുള്ള എല്‍ഡിഎഫ്- യുഡിഎഫ് സമീപനം
A നല്ലത്- 10%
B മോശം -60%
C വളരെ മോശം-30%
5 രണ്ടാം പിണറായി സര്‍ക്കാറിനെതിരൊയ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് കരുതുന്നുണ്ടോ?
A അതെ- 40%
B ഇല്ല- 34%
C പ്രതികരിക്കുന്നില്ല- 26%
6 ഈ തിരഞ്ഞെടുപ്പ് അനാവശ്യമാണെന്നും അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്നും നിങ്ങള്‍ കരുതുന്നുണ്ടോ?
A അതെ- 51%
B അല്ല- 19%
C അറിയില്ല- 30%
7 പി വി അന്‍വര്‍ ഈ തിരഞ്ഞെടുപ്പില്‍ ഒരു നിര്‍ണ്ണായക ഘടകമാണെന്ന് കരുതുന്നുണ്ടോ?
A അതെ- 40%
B ഇല്ല -35%
C അറിയില്ല- 25%
8 വഴിക്കടവില്‍ വിദ്യാത്ഥി പന്നിക്കണിയില്‍ ഷോക്കേറ്റ് മരിച്ച സംഭവം ഈ തിരഞ്ഞെടുപ്പിനെ ബാധിക്കുമോ?
A ബാധിക്കും- 22%
B ഇല്ല- 19%
C അറിയില്ല- 59%
9 വന്യജീവി സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമായി ഇടപെട്ടുവെന്ന് കരുതുന്നുണ്ടോ?
A അതെ- 10%
B ഇല്ല- 60%
Cഅറിയില്ല-30%
10 കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവ് ആരാണ്?
A പിണറായി വിജയന്‍- 33%
B വി ഡി സതീശന്‍-31%
C രാജീവ് ചന്ദ്രശേഖര്‍- 2%
D ശശി തരൂര്‍-25%
E എം വി ഗോവിന്ദന്‍-2%
F സുരേഷ്‌ഗോപി -7%