- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിസ് തീവ്രവാദത്തില്‍ ആകൃഷ്ടനായി; ആശുപത്രിയില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതി തയ്യാറാക്കി നഴ്സ്; ആക്രമണം ഒഴിവായത് രോഗിയുടെ സമയോചിത ഇടപെടലില്‍
ലണ്ടന്‍: ഐസിസ് ആശയങ്ങളില്‍ ആകൃഷ്ടനായി, നാടന്‍ ബോംബുമായി ആശുപത്രി തകര്‍ക്കാന്‍ ഇ്യുറങ്ങിത്തിരിച്ച ട്രെയിനി നഴ്സ് ഷെഫീല്‍ഡ് ക്രൗണ്‍ കോടതിയില്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണ്. ലീഡ്‌സിലെ സെയിന്റ് ജെയിംസ് ഹോസ്പിറ്റലിനു പുറത്ത് വെച്ചാണ് കൈയ്യില്‍ ബോംബുമായി 2023 ജനുവരിയില്‍ മുഹമ്മദ് സൊഹെയ്; ഫറൂഖ് എന്ന 28 കാരനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ചെറിയ സ്‌ഫോടനശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ ഒരു പ്രഷര്‍ കുക്കറില്‍ നിറച്ചായിരുന്നു ഇയാള്‍ ബോംബ് ഉണ്ടാക്കിയത്.
രണ്ട് കത്തികള്‍, ഒരു കറുത്ത ടേപ്പ്, ഒരു കളിത്തോക്കും, മറ്റു ചില പടക്കോപ്പുകളും ഇയാളുടെ കാറില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇസ്ലാമിക തീവ്രവാദത്തില്‍ ആകൃഷ്ടനായ ഇയാള്‍, നിരവധി പേരെ കൊന്നുകൊണ്ടുള്ള ഒരു തീവ്രവാദി ആക്രമണത്തിലൂടെ സ്വയം ജീവനൊടുക്കാനും അതുവഴി രക്തസാഖി ആകാനും ആഗ്രഹിച്ചിരുന്നതായി കോടതിയില്‍ പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. എന്നാല്‍, ഒരു രോഗിയുടെ കരുതലോടെയുള്ള ഇടപെടലായിരുന്നു പദ്ധതി പരാജയപ്പെടുത്തിയത്.
കാര്യമറിഞ്ഞ രോഗി ഇയാളെ കെട്ടിടത്തിന് വെളിയില്‍ തന്നെ സ്നേഹപൂര്‍വ്വം പിടിച്ചു നിര്‍ത്തി സംസാരിക്കുകയും, പദ്ധതി ഉപേക്ഷിക്കാനായി ഇയാളെ നിര്‍ബന്ധിതനാക്കുകയുമായിരുന്നു. ടിക്ടോക്കില്‍ യഹൂദ വിരുദ്ധ വീഡിയോകള്‍ ഇയാള്‍ സ്ഥിരമായി കാണാറുണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തി. മാത്രമല്ല, സെയിന്റ് ജെയിംസ് ഹോസ്പിറ്റലിന് യുഹൂദബന്ധം ഉണ്ടെന്ന് സ്ഥാപിക്കുന്ന ഒരു ഫലകത്തിന്റെ ചിത്രം ഇയാള്‍ ഫോണില്‍ എടുത്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു.
പരിശീലന സമയത്ത് നിരന്തരം സിക്ക് ലീവ് എടുത്തിരുന്ന ഇയാള്‍ക്ക് യോഗ്യത നേടാനുള്ള പരീക്ഷ വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ ഇയാള്‍ക്ക് ഒരു വര്‍ഷം കൂടി പഠനം തുടരേണ്ടി വന്നു. ഇതിന്റെ പേരില്‍ ഇയാള്‍ തന്റെ ചില സഹപ്രവര്‍ത്തകര്‍ക്കെതിരെ രഹസ്യമായ വ്യാജ പ്രചരണങ്ങള്‍ നടത്തിയിരുന്നതായും കണ്ടെത്തിയിരുന്നു.
ആദ്യം ഇയാള്‍ നോര്‍ത്ത് യോര്‍ക്ക്ഷയറിലെ ആര്‍ എ എഫ് മെന്‍വിത്ത് ഹില്‍ ആക്രമിക്കാനായിരുന്നു പദ്ധതി തയ്യാറാക്കിയിരുന്നത്. പിന്നീട്, നിരവധി തവണത്തെ നിരീക്ഷണങ്ങള്‍ക്ക് ശേഷം അവിടത്തെ സുരക്ഷാ സംവിധാനം ശക്തമാണെന്ന് തിരിച്ചറിഞ്ഞതോടെ ലക്ഷ്യം മാറ്റുകയായിരുന്നു. തീവ്രവാദികള്‍ തയ്യാറാക്കിയ ഒരു രഹസ്യ മാനുവലിലെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായിട്ടായിരുന്നു ഇയാള്‍ പദ്ധതി തയ്യാറാക്കിയിരുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍, ഹോസ്പിറ്റലിലെ രോഗിയായ നാഥന്‍ ന്യൂബി എന്ന വ്യക്തിയുടെ കരുതലോടെയുള്ള ഇടപെടല്‍ ഇയാളുടെ പദ്ധതി തകര്‍ക്കുകയായിരുന്നു. ആശുപത്രിയിലെ കാര്‍ പാര്‍ക്കിനടുത്തായിരുന്നു ഇയാള്‍ സ്‌ഫോടകവസ്തുവുമായി കാത്തു നിന്നത്. അതില്‍ പന്തികേട് തോന്നിയ നാഥന്‍ ന്യൂബി ഇയാളുടെ അടുത്തു ചെന്ന് സംസാരിക്കുകയായിരുന്നു.
നേരത്തെ ഇയാള്‍, ആശുപത്രിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന ഒരു നഴ്സിന് ടെക്സ്റ്റ് സന്ദേശം അയച്ചിരുന്നു. ബോംബ് ഭീഷണിയില്‍ ആളുകളെ കൂട്ടമായി ഒഴിപ്പിക്കുമ്പോള്‍ അവര്‍ കാര്‍ പാര്‍ക്കിന് അടുത്തെത്തുമെന്നും അപ്പോള്‍ സ്വയം പൊട്ടിത്തെറിക്കാനുമായിരുന്നു ഇയാള്‍ പദ്ധതി തയ്യാറാക്കിയത്. എന്നാല്‍, ഇയാളുടെ സന്ദേശം ലഭിച്ച നഴ്സ് അത് ഒരു മണിക്കൂര്‍ കഴിഞ്ഞു മാത്രമാണ് കണ്ടതെന്നതിനാല്‍, ഇയാള്‍ ആഗ്രഹിച്ചതുപോലെ ആളുകളെ ഒഴിപ്പിക്കല്‍ നടന്നതുമില്ല.
പിന്നീട് തിരിച്ചു പോയ ഇയാള്‍ പുതിയൊരു പദ്ധതിയുമായി വരികയായിരുന്നത്രെ. ഡ്യൂട്ടി മാറുന്ന സമയത്ത് തിരികെ പോകാനും ഡ്യൂട്ടിക്ക് കയറാനും വരുന്ന ജീവനക്കാരെ ഉന്നമിട്ട് അയാള്‍ കാര്‍ പാര്‍ക്കില്‍ തന്നെ നിലയുറപ്പിക്കുകയായിരുന്നു. അപ്പോഴായിരുന്നു ന്യൂബി ഇയാളെ കാണുന്നത്.