ലണ്ടന്‍: അനധികൃതമായി പിരിച്ചു വിട്ട ഹെല്‍ത്ത് കെയര്‍ കമ്പനിക്കെതിരെ ഇന്ത്യയില്‍ നിന്നുള്ള കെയറര്‍ നല്‍കിയ പരാതിയില്‍, പരാതിക്കാരന് അനുകൂലമായ പരാമര്‍ശം നടത്തി എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍. സമാനമായ ഒരുപാട് കേസുകളില്‍ കുടിയേറ്റ കെയറര്‍മാര്‍ക്ക് അനുകൂല വിധിക്ക് വഴിതെളിച്ചേക്കാവുന്ന പരാമര്‍ശമാണ് ജഡ്ജിയില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്ന് നിയമ വിദഗ്ധര്‍ നിരീക്ഷിക്കുന്നു. നടാഷാ ജോഫ് എന്ന എംപ്ലോയ്‌മെന്റ് ജഡ്ജിയാണ് ലണ്ടന്‍ ആസ്ഥാനമായ ക്ലിനിക്ക് പ്രൈവറ്റ് ഹെല്‍ത്ത്‌കെയര്‍ എന്ന സ്ഥാപനത്തിനെതിരെയുള്ള കേസില്‍ നിര്‍ണ്ണായക പരാമര്‍ശം നടത്തിയത്.

2023-ല്‍ പിരിച്ചുവിടപ്പെട്ട കിരണ്‍ കുമാര്‍ രത്തോഡ് എന്ന് കെയറര്‍ക്ക് കൊടുക്കാന്‍ ബാക്കിയുള്ള വേതനം നല്‍കേണ്ടി വരുമെന്നാണ് ജഡ്ജി പരാമര്‍ശിച്ചത്. ഇത് വിധി ആയാല്‍ രത്തോഡിന് ലഭിക്കുക 13,000 പൗണ്ടില്‍ അധികമായിരിക്കും. പൂര്‍ണ്ണ സമയ ജോലി വാഗ്ദാനം നല്‍കി, ഇന്ത്യയില്‍ നിന്നും യു കെയില്‍ എത്തിച്ച തനിക്കും സഹപ്രവര്‍ത്തകര്‍ക്കും, പൂര്‍ണ്ണ സമയ തൊഴില്‍ നല്‍കാത്തതിനെ രാത്തോഡ് ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു രാത്തോഡിനെ പിരിച്ചു വിട്ടത്.

സമാനമായ സാഹചര്യത്തില്‍ ഉള്ള നിരവധി കുടിയേറ്റ കെയറര്‍മാര്‍ക്ക് ഈ ഇടക്കാല തീരുമാനം, കേസുമായി മുന്‍പോട്ട് വരുന്നതിനുള്ള പ്രചോദനമായേക്കും എന്നാണ് കുടിയേറ്റ തൊഴിലാളികളുടെ അവകശ സംരക്ഷണങ്ങള്‍ക്കായി പൊരുതുന്ന സംഘടനകള്‍ പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ കുടിയേറ്റ കെയറര്‍മാര്‍ക്കെതിരെ നടക്കുന്ന നിരവധി ചൂഷണങ്ങളുടെ കഥ കഴിഞ്ഞ മാസം ഒരു പരമ്പരയിലൂടെ ദി ഗാര്‍ഡിയന്‍ പത്രം പുറത്തു കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ ഇടക്കാല തീരുമാനം വന്ന കേസിലെ അന്തിമ വിധി അധികം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു കെയര്‍ വര്‍ക്കര്‍ ഇത്തരത്തിലൊരു അനുകൂല വിധി തത്ത്വത്തില്‍ സമ്പാദിക്കുന്നത് ഇതാദ്യമാണെന്ന് പറഞ്ഞ, വര്‍ക്ക് റൈറ്റ്‌സ് മേധാവി ശര്‍മിള ബോസ് ഇത് ഏറെ പ്രാധാന്യമുള്ള ഒരു വിധിയാണെന്നും പറഞ്ഞു. കുടിയേറ്റ കെയറര്‍മാര്‍ക്കുള്ള സുപ്രധാന വിധിയാണ് ഇതെന്നായിരുന്നു റോയല്‍ കോളേജ് ഓഫ് നഴ്സിംഗിലെ ആക്ടിംഗ് ഹെഡ് നിക്കോള റേഞ്ചര്‍ പറഞ്ഞത്. സോഷ്യല്‍ കെയര്‍ മേഖലയില്‍ ചൂഷണം വ്യാപകമാണെന്നും, അതുകൊണ്ടു തന്നെ ഈയൊരു വിധി കൊണ്ട് എല്ലാം അവസാനിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അടുത്തു വരുന്ന സര്‍ക്കാര്‍, ഇക്കാര്യത്തില്‍ വിപുലമായ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

രാത്തോഡിന്റേതിന് സമാനമായ സാഹചര്യത്തിലുള്ള 30 ഓളം പേരുടെ കഥകള്‍ ഗാര്‍ഡിയന്‍ പത്രം പുറത്തു കൊണ്ടുവന്നിരുന്നു. പല കേസുകളിലും 20,000 പൗണ്ട് വരെ ഏജന്റുമാര്‍ക്കോ, ചില കേസുകളില്‍ തൊഴിലുടമകള്‍ക്ക് നേരിട്ട് തന്നെ നല്‍കിയോ ആണ് പലരും ജോലി ചെയ്യാനായി യു കെയില്‍ എത്തിയത്. ഇവരില്‍ പലരും ചൂഷണത്തിന് വിധേയരായി വന്‍ കടബാദ്ധ്യതയുള്ളവരായി മാറി എന്ന് മാത്രമല്ല, തികച്ചും ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിലാണ് ഇവരില്‍ പലരും യു കെയില്‍ ജീവിക്കുന്നത്.

22,000 പൗണ്ട് ഒരു ഇമിഗ്രേഷന്‍ ഏജന്റിന് നല്‍കിയാണ് രാത്തോഡ് 2023 ല്‍ യു കെയില്‍ എത്തുന്നത്. ക്ലിനിക്കയില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പ് ലഭിച്ച രാത്തോഡിന് വാഗ്ദാനം നല്‍കിയിരുന്നത് മണിക്കൂറില്‍ 39 മണിക്കൂര്‍ ജോലിയും പ്രതിവര്‍ഷം 23,000 പൗണ്ടില്‍ അല്പം കൂടുതല്‍ വേതനവുമായിരുന്നു. വന്ന ഉടനെ ഇന്‍ട്രക്ഷന്‍ കോഴ്സും മൂന്ന് ദിവസത്തെ പരിശീലനവും അയാള്‍ പൂര്‍ത്തിയാക്കിയെങ്കിലും ജോലി നല്‍കിയില്ല.ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തൊഴിലുടമയുമായി ബന്ധപ്പെട്ട് തന്റെ പ്രതിഷേധം അറിയിക്കുകയും, നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയായിരുന്നു ഇയാളെ പിരിച്ചു വിട്ടത്.