ഹൂസ്റ്റൺ: ഫേസ്ബുക്കിലൂടെ സ്വന്തം കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച 21കാരിയായ യു.എസ് യുവതി അറസ്റ്റിൽ. ഹൂസ്റ്റൺ നിവാസിയായ ജൂനിപ്പർ ബ്രൈസൺ ആണ് അറസ്റ്റിലായത്. ദത്തെടുക്കാൻ ആഗ്രഹിക്കുന്ന ദമ്പതികളെ തേടുന്നതായി യുവതി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. തന്റെ ജനിക്കാനായിരിക്കുന്ന കുഞ്ഞിനെ ദത്തെടുക്കുന്നതിന് വേണ്ടിയായിരുന്നു യുവതിയുടെ പോസ്റ്റ്.

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവമുണ്ടായത്. സന്ദേശം പോസ്റ്റുചെയ്യുന്നതിന് ഒരു ദിവസം മുമ്പ്, കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന ആരെയെങ്കിലും അറിയാമോ എന്ന് ചോദിച്ച് ബ്രൈസൺ ഒരു കുടുംബാംഗത്തെ സമീപിച്ചു. കുഞ്ഞിന് പകരമായി കുടുംബാംഗത്തോട് ബ്രൈസൺ പണം ആവശ്യപ്പെട്ടതായും റിപ്പോർട്ട് ഉണ്ട്. കുഞ്ഞിനെ ദത്തെടുക്കുന്നതിനെക്കുറിച്ച് ബ്രൈസൺ ഏഴ് വ്യത്യസ്ത ആളുകളോട് സംസാരിച്ചുവെന്ന് പോലീസ് പറഞ്ഞു.

അതിൽ ഒരാൾ ഹൂസ്റ്റണിലെ ഹോസ്പിറ്റലിൽ ബ്രൈസണൊപ്പം ഉണ്ടായിരുന്നു വെൻഡി വില്യംസ് ആയിരുന്നു. കുഞ്ഞിനെ ദത്തെടുക്കാൻ വെൻഡി വില്യംസ് തീരുമാനിച്ചു. തുടർന്ന് വില്യംസിനും ഭർത്താവിനും കുഞ്ഞിനുവേണ്ടി നിയമപരമായ തീരുമാനങ്ങൾ എടുക്കാനുള്ള അവകാശം നൽകുന്ന രേഖകൾ നൽകുകയും ചെയ്തു. കുഞ്ഞിന് പേരിടാൻ പോലും ബ്രൈസൺ വില്യംസ് ദമ്പതികൾക്ക് അനുവാദം നൽകി. ശേഷം കുഞ്ഞിനെ ദമ്പതികൾക്ക് നൽകിയ വിവരം ഫേസ്ബുക്കിലൂടെ ബ്രൈസൺ പങ്കുവെച്ചു.

ഈ വിവരം പുറത്ത് വന്നതോടെ കുഞ്ഞിനെ വിൽക്കാൻ ബ്രൈസൺ ശ്രമിച്ചുവെന്ന് അവകാശപ്പെടുന്ന സന്ദേശങ്ങളുള്ള സ്‌ക്രീൻഷോട്ടുകൾ ആളുകൾ വില്യംസിന് അയക്കാൻ തുടങ്ങി. അതേസമയം ബ്രൈസൺ തന്നോട് പണം ആവശ്യപ്പെട്ടിരുന്നില്ല എന്നാണ് വെൻഡി വില്യംസ് അവകാശപ്പെട്ടത്. സംഭവത്തിൽ, ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് ക്ലാർക്ക് ഓഫിസിൽ സമർപ്പിച്ച രേഖകൾ പ്രകാരം ജൂനിപ്പർ ബ്രൈസണിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.