ബമാകോ: പടിഞ്ഞാറന്‍ മാലിയില്‍ സ്വര്‍ണ ഖനി തകര്‍ന്ന് നാല്‍പ്പത്തിമൂന്ന് പേര്‍ മരിച്ചു. മരിച്ചവരില്‍ കൂടുതലും സ്ത്രീകളായിരുന്നു. മാലിയുടെ കെയ്സ് മേഖലയിലെ കെനീബ പട്ടണത്തിന് സമീപമാണ് അപകടം നടന്നതെന്ന് നാഷണല്‍ യൂണിയന്‍ ഓഫ് ഗോള്‍ഡ് കൗണ്ടേഴ്സ് ആന്‍ഡ് റിഫൈനറീസ് (യുസിആര്‍എം) സെക്രട്ടറി ജനറല്‍ ടൗള്‍ കാമറ റോയിട്ടേഴ്സിനോട് പറഞ്ഞു.

സ്വര്‍ണക്കഷണങ്ങള്‍ തിരയാന്‍ ഉപേക്ഷിച്ച ഖനികളിലേക്ക് സ്ത്രീകള്‍ ഇറങ്ങിച്ചെന്നപ്പോള്‍, ഖനി തകരുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കെനീബയ്ക്കും ഡാബിയയ്ക്കും ഇടയിലാണ് അപകടം നടന്നതെന്ന് ഖനി മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു. പശ്ചിമാഫ്രിക്കയുടെ പല ഭാഗങ്ങളിലും ഖനനം ഒരു സാധാരണ പ്രവര്‍ത്തനമാണ്, ലോഹങ്ങള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയും വിലക്കയറ്റവും കാരണം സമീപ വര്‍ഷങ്ങളില്‍ ഇവിടങ്ങളില്‍ ഖനനം വലിയതോതില്‍ വര്‍ധിച്ചിരുന്നു.

ജനുവരി അവസാനം തെക്കുപടിഞ്ഞാറന്‍ മാലിയിലെ ഖനിയില്‍ വെള്ളപ്പൊക്കത്തില്‍ പെട്ട് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടെ പതിമൂന്ന് ഖനിത്തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു.