ലണ്ടന്‍: ഇനിയുമൊരാഴ്ചകൂടി കടുത്ത തണുപ്പ് തുടരുമെന്ന മുന്നറിയിപ്പ് വരവെ ഇന്നലെ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കി. അനേകം ട്രെയിന്‍ സര്‍വീസുകളും റദ്ദ് ചെയ്തു. നൂറുകണക്കിന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. ലിവര്‍പൂള്‍, അബെര്‍ഡീന്‍, ഇന്‍വെര്‍നെസ്സ്, ബെല്‍ഫാസ്റ്റ് തുടങ്ങിയ വിമാനത്താവളങ്ങളെയാണ് പ്രതികൂല കാലാവസ്ഥ ഏറ്റവുമധികം ബാധിച്ചത്. റണ്‍വേകളില്‍ മഞ്ഞുമൂടിയതോടെ നിരവധി സര്‍വ്വീസുകളാണ് റദ്ദാക്കേണ്ടതായി വന്നത്.

മുഴുവന്‍ ഈസ്റ്റ് കോസ്റ്റ് മെയിന്‍ ലൈനിലും യാത്ര ഒഴിവാക്കണമെന്ന് ഇന്നലെ എല്‍ എന്‍ ഇ ആര്‍ യാത്രക്കാരോട് നിര്‍ദ്ദേശിച്ചിരുന്നു. വെയില്‍സിലും വടക്കന്‍ സ്‌കോട്ട്‌ലാന്‍ഡിലും സര്‍വീസുകളെ കാലാവസ്ഥ പ്രതികൂലമായി ബാധിച്ചു. ലണ്ടനില്‍ നിന്നും നെതര്‍ലാന്‍ഡ്‌സിലേക്ക് പോകുന്നവരോട് യാത്ര ഒഴിവാക്കാന്‍ യൂറോസ്റ്റാറും നിര്‍ദ്ദേശിച്ചിട്ടുണ്ട് മോശം കാലാവസ്ഥ മൂലം ബ്രസ്സല്‍സിന്‍ഭ അപ്പുറത്തേക്ക് യാത്ര സാധ്യമല്ലാത്തതിനാലാണിത്. വെയില്‍സിലും നിരവധി റൂട്ടുകളില്‍ മഞ്ഞ് നിറഞ്ഞ് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടതായി വന്നു.

ഈ വര്‍ഷത്തെ ഇതുവരെ കണ്ടതില്‍ ഏറ്റവും തണുപ്പേറിയ രാത്രിയായിരുന്നു ഇന്നലെ ബ്രിട്ടനില്‍ കടന്നു പോയത്. പലയിടങ്ങളിലും തണുപ്പ് മൈനസ് 12 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയപ്പോള്‍ ലണ്ടനില്‍ താപനില മൈനസ് 6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. സ്‌കോട്ട്‌ലാന്‍ഡില്‍, ശൈത്യകാല കാലാവസ്ഥ ഏറ്റവും തീവ്രമായി ബാധിച്ച ഇടങ്ങളില്‍ ഇതുവരെ ഒരടി എട്ടിഞ്ചിലേറെ മഞ്ഞ് വീഴ്ചയുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു ന്യൂനമര്‍ദ്ദം കൂടി രൂപം കൊള്ളുന്നതിനാല്‍ വരുന്ന വ്യാഴാഴ്ച മഞ്ഞുവീഴ്ചയ്ക്ക് പുറമെ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിച്ചിട്ടുണ്ട്.

തെക്കന്‍ പ്രദേശങ്ങളിലും മഞ്ഞ് വീഴ്ച പ്രതീക്ഷിക്കാം എന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ഇപ്പോള്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ധത്തിന്റെ ഫലമായി വാരാന്ത്യത്തില്‍ ഊഷ്മളമായ കാലാവസ്ഥയും അനുഭവപ്പെടും. വെള്ളിയാഴ്ച രാവിലെ വരെ യു കെ ആരോഗ്യ സുരക്ഷാ ഏജന്‍സി ഇംഗ്ലണ്ടില്‍ മുഴുവനായും ഒരു ആംബര്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യ സുരക്ഷാ സംവിധാനങ്ങളെ കാലാവസ്ഥ പ്രതികൂലമായി ബാധിച്ചേക്കുമെന്നും, 65 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്കിടയിലും, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കിടയിലും മരണ നിരക്ക് വര്‍ദ്ധിച്ചേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

അതിനിടയില്‍, ശക്തമായ മഞ്ഞുവീഴ്ച തുടരുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കണമെന്ന് ട്രേഡ് യൂണിയനുകള്‍ കമ്പനികളോട് ആവശ്യപ്പെട്ടു. അപകടകരമായ രീതിയില്‍ യാത്ര ചെയ്ത് വന്ന് ജോലിയെടുക്കാന്‍ തൊഴിലാളികളെ നിര്‍ബന്ധിതരാക്കരുതെന്നും, പ്രതികൂല കാലാവസ്ഥ മൂലം ജോലിക്ക് എത്താന്‍ കഴിയാത്തവരെ ശിക്ഷിക്കരുതെന്നും യൂണിയനുകള്‍ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഒട്ടുമിക്ക സ്ഥാപനങ്ങളും ഇപ്പോള്‍ തന്നെ ഇത്തരത്തിലുള്ള നല്ല രീതികള്‍ പിന്തുടരുന്നുണ്ടെന്നും യൂണിയന്‍ വക്താവ് പറഞ്ഞു.