ലണ്ടന്‍: ലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന, ഏറെ ജനപ്രിയങ്ങളായ ചില പാചക എണ്ണകള്‍ മാറിടത്തിലെ കാന്‍സറിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് ബ്രിട്ടനിലെ കാന്‍സര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സൊയാബീന്‍, സൂര്യകാന്തി, ചോളം തുടങ്ങിയവയില്‍ നിന്നുമുണ്ടാക്കുന്ന എണ്ണകളില്‍ അടങ്ങിയിരിക്കുന്ന ഒരു സാധാരണ കൊഴുപ്പായ ലിനോലീക് ആസിഡ് താപവുമായി പ്രവര്‍ത്തിച്ച് കാന്‍സര്‍ കോശങ്ങള്‍ക്ക് വളരുവാനും പെരുകാനും സഹായകമാകുന്നു എന്നാണ് അവര്‍ കരുതുന്നത്. അതുകൊണ്ടു തന്നെ വീടുകളിലെ പാചകത്തില്‍ എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും പ്രമുഖ ഒന്‍കോളജിസ്റ്റായ പ്രൊഫസര്‍ ജസ്റ്റിന്‍ സ്റ്റെബിംഗ് പറയുന്നു.

അതേസമയം ഒലീവെണ്ണ പോലുള്ള ചില എണ്ണകളില്‍ ലിനോലീക് ആസിഡ് കുറഞ്ഞ തോതില്‍ മാത്രമാണ് അടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. പ്രൊഫസര്‍ സ്റ്റെബിംഗിന്റെ നേതൃത്വത്തില്‍ നടന്ന കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട ഗവേഷണത്തിലാണ് സസ്യ എണ്ണകള്‍ കാന്‍സറിന് കാരണമായേക്കാം എന്ന് കണ്ടെത്തിയത്. കോശങ്ങളിലെ നിയന്ത്രണ കേന്ദ്രങ്ങളെ അതിയായി ഉത്തേജിപിച്ച് മാറിടത്തിലെ കാന്‍സറിന് ലിനോനീക് ആസിഡ് വഴിയൊരുക്കുമെന്ന് അമേരിക്കയിലെ വീല്‍ മോണെല്‍ മെഡിസിന്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലും പറയുന്നുണ്ട്.

ബ്രെസ്റ്റ് കാന്‍സറുകളിലെ ഏറ്റവും ഭീകര ഇനമായ ട്രിപ്പിള്‍ നെഗറ്റീവ് ബ്രെസ്റ്റ് കാന്‍സര്‍ ബാധിച്ച എലികളെ ലിനോലീക് ആസിഡ് ധാരാളമായി അടങ്ങിയ ഭക്ഷണം കഴിപ്പിച്ചായിരുന്നു ഗവേഷണം നടത്തിയത്. ഇവരിലെ ട്യൂമറിന്റെ വളര്‍ച്ച, ഈ ഭക്ഷണം നല്‍കാത്തവയുടേതിനോട് താരതമ്യംചെയ്തായിരുന്നു പഠനം. ധാരാളമായി ലിനോലിക് ആസിഡ് അടങ്ങിയ ഭക്ഷണം കഴിച്ചവയില്‍, മറ്റുള്ളവയില്‍ ഉണ്ടായതിനേക്കാള്‍ വലിയ ട്യൂമറുകള്‍ രൂപം കൊണ്ടതായി അവര്‍ കണ്ടെത്തി.