മാള്‍ട്ട: മാള്‍ട്ടയിലെ ഏറെ തിരക്കുള്ള ഒരു വിനോദ സഞ്ചാരകേന്ദ്രത്തിലെ ഹോട്ടല്‍ ബാല്‍ക്കണിയില്‍ നിന്നും വീണ് 25 കാരനായ ബ്രിട്ടീഷ് വിനോദസഞ്ചാരി മരണമടഞ്ഞു. വെള്ളിയാഴ്ച രാവിലെയായിരുന്നു സെയിന്റ് ജൂലിയനിലെ ഹോട്ടലിനു മുന്‍പില്‍ ചേതനയറ്റ ശരീരം പോലീസ് കണ്ടെത്തിയത്. ദ്വീപിന്റെ കിഴക്കന്‍ മേഖലയിലെ ട്രിക്ക് സ്പിനോളയിലെക്ക് മെഡിക്കല്‍ സംഘത്തെ വിളിച്ചു വരുത്തിയെങ്കിലും, അയാള്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു. രാവിലെ ഏകദേശം നാലേകാലോടെയാണ് ഇയാള്‍ ബാല്‍ക്കണിയില്‍ നിന്നും വീണത് എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കവലീറി ആര്‍ട്ട് ഹോട്ടലിലായിരുന്നു സംഭവം നടന്നതെന്ന് ടൈംസ് ഓഫ് മാള്‍ട്ട റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ വെയ്ല്‍സിലെ ഗ്വെന്‍ഡ് സ്വദേശിയാണ് മരിച്ചതെന്ന് ബ്രിട്ടീഷ് പോലീസ് സ്ഥിരീകരിച്ചതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സംഭവം നടന്നതിനെ തുടര്‍ന്ന് ഹോട്ടലിനു മുന്നിലൂടെയുള്ള ഗതാഗതം കുറച്ചു നേരത്തേക്ക് താത്ക്കാലികമായി തടഞ്ഞു. പിന്നീട് മൃതശരീരം ആശുപത്രിയിലെക്ക് കൊണ്ടു പോയതിന് ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.