ലണ്ടന്‍: യു കെ കാര്‍ വിപണിയില്‍ ചൈനീസ് കമ്പനികള്‍ സ്വാധീനം ഉറപ്പിച്ച ഒരു വര്‍ഷമായിരുന്നു കടന്നു പോയത്. റെജിസ്‌ട്രേഷന്‍ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ ഇറങ്ങിയ പത്തുകാറുകളില്‍ ഒന്ന് വീതം ചൈനീസ് കമ്പനികളുടേതായിരുന്നു. അതായത്, 2 ലക്ഷത്തോളം ചൈനീസ് കാറുകള്‍ കഴിഞ്ഞ വര്‍ഷം വിറ്റുപോയി എന്ന് ചുരുക്കം. 2024 ല്‍ ഇത് 98,000 മാത്രമായിരുന്നു എന്നോര്‍ക്കണം.

ഒരു പ്രത്യേക വിഭാഗത്തേയാണ് ചൈനീസ്‌കമ്പനികള്‍ ലക്ഷ്യം വയ്ക്കുന്നത് എന്ന് തങ്ങള്‍ക്ക് ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2025 ല്‍ പുറത്തിറങ്ങിയ പുതിയ ഇലക്ട്രിക് കാറുകളില്‍ എട്ടില്‍ ഒന്ന് വീതം ചൈനീസ് നിര്‍മ്മിതം ആയിരുന്നു. തൊട്ട് മുന്‍പത്തെ വര്‍ഷം ഇത് 12 ല്‍ ഒന്നായിരുന്നു എന്ന് സോസൈറ്റി ഫോര്‍ മോട്ടോര്‍ മാനുഫാക്‌ചേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സിന്റെ കണക്കുകളില്‍ വ്യക്തമാകുന്നുണ്ട്.

നിലവില്‍ ഒരു ഡസനിലേറെ ചൈനീസ് ബ്രാന്‍ഡുകളാണ് യു കെ വിപണിയില്‍ ഉള്ളത്. 2026 ല്‍ കൂടുതല്‍ ബ്രാന്‍ഡുകള്‍ ഈ വിപണിയില്‍ എത്തുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇതോടേ, യു കെ കാര്‍ വിപണി ചൈന പൂര്‍ണ്ണമായി കീഴടക്കുമോ എന്ന ആശങ്കയും ശക്തമാവുകയാണ്.