ലണ്ടന്‍: ഫോള്‍സ് വിഡോ എന്നറിയപ്പെടുന്ന ചിലന്തിയുടെ കടിയേറ്റ് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈയിനം ചിലന്തികളുടെ കടിയേറ്റാല്‍ മാംസം അഴുകിപ്പോകുന്ന തരത്തിലുള്ള അണുബാധയുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വലതുകൈയില്‍ കടിയേറ്റ ക്രിസ് കീഗന്‍ എന്ന 40 കാരന്‍ ആദ്യം അത് നിസ്സാരമായി തള്ളിക്കളയുകയായിരുന്നു. പിന്നീട് കടിയേറ്റ ഭാഗത്ത് ചുവന്ന തടിപ്പ് പ്രത്യക്ഷപ്പെട്ടപ്പോഴായിരുന്നു അയാള്‍ ഒരു ഫാര്‍മസിസ്റ്റിനെ സമീപിച്ചത്. എന്നാല്‍, രണ്ട് കോഴ്‌സ് ആന്റിബയോട്ടിക്‌സ് കഴിച്ചിട്ടും ശരീരത്തിലെ ചുവപ്പ് മാറാതെ വന്നപ്പോഴായിരുന്നു കീഗന്‍ ആശുപത്രിയില്‍ പോകാന്‍ തീരുമാനിച്ചത്.

ഏറെ വൈകാതെ ശസ്ത്രക്രിയ നടത്തി ശരീരത്തിനുള്ളിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു. അണുബാധ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനായിരുന്നു ഇത്. തുടര്‍ന്ന് അഞ്ചോളം ശസ്ത്രക്രിയകള്‍ക്ക് അയാള്‍ വിധേയനായി. കടിയേറ്റ ഭാഗത്തിനു ചുറ്റുമായിരുന്നു ശസ്ത്രക്രിയ നടത്തി അണുബാധയുള്ള കോശങ്ങള്‍ നീക്കം ചെയ്തത്. ഫാള്‍സ് വിഡോ ഇനത്തില്‍ പെട്ട ചിലന്തികള്‍ ബ്രിട്ടനില്‍ പെരുകുന്നതായി കഴിഞ്ഞയാഴ്ച്ചയായിരുന്നു ബി ബി സി റിപ്പോര്‍ട്ട് ചെയ്തിരുന്നത്.