കൊളംബോ: ശ്രീലങ്കന്‍ തീരത്തിന് സമീപം യുഎസ് അന്തര്‍വാഹിനി ആക്രമണത്തില്‍ തകര്‍ന്ന ഇറാനിയന്‍ യുദ്ധക്കപ്പലായ 'ഐആര്‍ഐഎസ് ഡെന'യിലെ 45 നാവികരുടെ മൃതദേഹങ്ങള്‍ ഇറാന്‍ എംബസിക്ക് കൈമാറി. മട്ടാല രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ചായിരുന്നു ഔദ്യോഗിക നടപടികള്‍.

ഗാള്‍ ഹാര്‍ബര്‍ പോലീസ് നല്‍കിയ അപേക്ഷ പരിഗണിച്ച് മാര്‍ച്ച് 11-ന് ചീഫ് മജിസ്ട്രേറ്റ് സമീറ ദൊഡംഗോഡയാണ് മൃതദേഹങ്ങള്‍ വിട്ടുനല്‍കാന്‍ ഉത്തരവിട്ടത്. പ്രതിരോധ മന്ത്രാലയ സെക്രട്ടറി സമ്പത്ത് തുയ്യകോന്തയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഇറാനില്‍ നിന്നുള്ള പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടുപോയി.

കഴിഞ്ഞ ബുധനാഴ്ച ശ്രീലങ്കയുടെ തീരത്തിന് 40നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് യുഎസ് അന്തര്‍വാഹിനിയില്‍ നിന്നുള്ള ടോര്‍പ്പിഡോ ആക്രമണത്തില്‍ ഇറാനിയന്‍ ഫ്രിഗേറ്റ് തകര്‍ന്നത്. ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന അന്താരാഷ്ട്ര നാവിക പ്രദര്‍ശനത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു കപ്പല്‍.

കപ്പലിലുണ്ടായിരുന്ന 32 പേരെ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തിയിരുന്നു. ആകെ 84മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. ഇതില്‍ ആദ്യഘട്ടമെന്ന നിലയിലാണ് 45മൃതദേഹങ്ങള്‍ കൈമാറിയത്. രാജ്യത്തെ ദേശീയ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സ്ഥലപരിമിതിയുള്ളതിനാല്‍ താല്‍ക്കാലിക ശീതീകരണ സംവിധാനങ്ങള്‍ ഒരുക്കിയാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്നത്. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട 32 നാവികരെയും ചികിത്സയ്ക്ക് ശേഷം ഞായറാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും.