ലണ്ടന്‍: യു കെയില്‍ കുടുംബമുള്ള ഗസ്സക്കാര്‍ക്ക്, ബ്രിട്ടനിലേക്ക് വരുവാന്‍ യുക്രെയിന്‍ മാതൃകയില്‍ വിസ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി എം പിമാര്‍ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ക്ക് കത്തെഴുതി. വിവിധ പാര്‍ട്ടികളില്‍ നിന്നായുള്ള 67 എം പിമാരും പ്രഭുസഭാംഗങ്ങളും, ഒരു ഗസ്സാ ഫാമിലി പദ്ധതി ആരംഭിക്കണമെന്നാണ് പ്രധാനമന്ത്രിയോടും ഹോം സെക്രട്ടറി യുവെറ്റ് കൂപ്പറോടും ആവശ്യപ്പെട്ടിരിക്കുന്നത്. അതുവഴി പാലസ്തീനികള്‍ക്ക് യു കെയിലുള്ള അവരുടെ പ്രിയപ്പെട്ടവരുമായി ഒത്തുചേരാന്‍ കഴിയുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഫലസ്തീനിലേക്ക് തിരികെ പോകുന്നത് സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുന്നതു വരെ അവര്‍ക്ക് ഇവിടെ തുടരാനും കഴിയണം.

യുക്രെയിനിലേയും ഹോങ്കോംഗിലെയും പലായനം ചെയ്തവര്‍ക്കായി യു കെയുടെ വാതിലുകള്‍ തുറന്നതുപോലെ പാലസ്തീന്‍ ജനതയ്ക്കായും ആ ഉദാരമനസ്‌കത കാണിക്കണം എന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. 2022 ല്‍ യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യു കെയില്‍ കുടുംബമുള്ള യുക്രെയിന്‍കാര്‍ക്കായി പ്രത്യേക യുക്രെയിന്‍ ഫാമിലി പദ്ധതി രൂപീകരിച്ചിരുന്നു.അങ്ങനെയെത്തുന്നവര്‍ക്ക് യു കെയില്‍ ജോലിചെയ്യുന്നതിനും പഠിക്കുന്നതിനും ഉള്ള അവകാശവും നല്‍കിയിരുന്നു. 2024 ഫെബ്രുവരിയിലാണ് ഈ പദ്ധതിക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിയത്.

സമാനമായ രീതിയില്‍ ഇതിനു രണ്ട് വര്‍ഷം മുന്‍പ് ഹോങ്കോംഗില്‍ നിന്നുള്ള ബ്രിട്ടീഷ് നാഷണല്‍ (ഓവര്‍സീസ്) പദവിയുള്ളവര്‍ക്കായും ബ്രിട്ടന്‍ വാതിലുകള്‍ തുറന്നിരുന്നു.ഹോങ്കോംഗില്‍ കര്‍ശനമായ ദേശീയ സുരക്ഷാ നിയമം ചൈന നടപ്പിലാക്കിയതോടെ ആയിരുന്നു ഇത്.ഇത്തരത്തില്‍ എത്തുന്നവര്‍ക്ക് യു കെയില്‍ അഞ്ച് വര്‍ഷത്തോളം താമസിക്കുന്നതിനും അതിനു ശേഷം ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിക്കുന്നതിനും അവകാശമുണ്ടായിരുന്നു. സമാനമായ ഒരു പദ്ധതി ഗസ്സക്കാര്‍ക്കായും വേണമെന്നാന് കത്തില്‍ ആവശ്യപ്പെടുന്നത്.