ഏഥന്‍സ്: വടക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ അഭയാപേക്ഷകള്‍ പരിഗണിക്കുന്നത് തത്ക്കാലത്തേക്ക് നിര്‍ത്തി വെച്ചതിന് ശേഷം രാജ്യത്തെത്തിയ ഇരുന്നൂറോളം അഭയാര്‍ത്ഥികളെ ഗ്രീസ് അറസ്റ്റ് ചെയ്തു. ലിബിയയില്‍ നിന്നെത്തിയ അഭയാര്‍ത്ഥികളെയാണ് കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്തത് എന്ന് മൈഗ്രേഷന്‍ മന്ത്രി താനോസ് പ്ലെവ്രിസ് എക്സിലൂടെ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. അഭയത്തിനായി അപേക്ഷിക്കാന്‍ അര്‍ഹതയില്ലാത്തവരായതിനാല്‍ അവരെ റിസപ്ഷന്‍ സെന്ററുകളില്‍ പാര്‍പ്പിക്കുകയില്ല. മറിച്ച് അവരെ നാടു കടത്തുന്നതുവരെ പോലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കും.

മൂന്ന് സംഘങ്ങളായി, ക്രീറ്റ ദ്വീപിന്റെ തെക്കന്‍ തീരത്ത് എത്തിയ 190 അഭയാര്‍ത്ഥികളെയാണ് തീരദേശ സേന അറസ്റ്റ് ചെയ്തത്. 11 പേരടങ്ങിയ മറ്റൊരു സംഘത്തെ അഗതോനിസി ദ്വീപിന് സമീപത്തു നിന്നും കസ്റ്റഡിയില്‍ എടുത്തു. അതില്‍ ഒരാള്‍ക്ക് പരിക്ക് പറ്റിയിരുന്നെന്നും പിന്നീട് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞെന്നും ദേശീയ ടി വി ചാനലായ ഇ ആര്‍ ടി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി കൈരിയാക്കോസ് മിറ്റ്‌സോറ്റാകിസിന്റെ നേതൃത്വത്തിലുള്ള മദ്ധ്യ - വലതുപക്ഷ സര്‍ക്കാര്‍ അനധികൃത അഭയാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടി എടുത്തു തുടങ്ങി എന്നതിന്റെ സൂചനയാണിത്.