ബെര്‍ലിന്‍: ലുഫ്താന്‍സയിലേയും അവരുടെ സഹോദരസ്ഥാപനമായ ലുഫ്താന്‍സ സിറ്റി ലൈനിലേയും ക്യാബിന്‍ ജീവനക്കാര്‍ പണിമുടക്കിയതോടെ ജര്‍മ്മനിയില്‍ അങ്ങോളമിങ്ങോളം നൂറ് കണക്കിന് വിമാന സര്‍വ്വീസുകളാണ് റദ്ദാക്കപ്പെട്ടത്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ പെരുവഴിയിലായി. വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ച, യു എഫ് ഒ യൂണിയന്റെ നേതൃത്വത്തിലുള്ള സമരം വെള്ളിയാഴ്ച രാത്രി 10 മണിവരെയായിരുന്നു. വെള്ളിയാഴ്ച്ച രാവിലെയോടെ തന്നെ ഏകദേശം 580 സര്‍വ്വീസുകള്‍ റദ്ദ് ചെയ്തതായി ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ ഫ്രാപോര്‍ട്ട് അറിയിച്ചു.

ഏകദേശം 72,000 ഓളം യാത്രക്കാരെയാണ് ഇത് പ്രതികൂലമായി ബാധിച്ചതെന്നും വിമാനത്താവളാധികൃതര്‍ അറിയിച്ചു. ലുഫ്താന്‍സയുടെ മറ്റൊരു പ്രധാന ഹബ്ബായ മ്യൂണിക്കിനെയും ഈ സമരം ബാധിച്ചു. ദേശവ്യാപകമായി ഒമ്പ്ത് വിമാനത്താവളങ്ങളില്‍ സിറ്റിലൈന്‍ കാബിന്‍ ജീവനക്കാരും ജോലിയില്‍ നിന്നും വിട്ടുനിന്നു.

അതിനിടയില്‍, ലുഫ്താന്‍സയുടെ ഏറ്റവും പുതിയ സബ്‌സിഡിയറി കമ്പനിയായ ലുഫ്താന്‍സ സിറ്റി എയര്‍ലൈന്‍സ് തൊഴിലാളികളുമായി പുതിയ കരാറില്‍ വിജയകരമായി ഒപ്പുവച്ചു. യു എഫ് ഒ യൂണിയന്റെ എതിരാളികളായ വേര്‍ഡി യൂണിയനാണ് ഏകദേശം 500 ഓളം വരുന്ന കോക്ക്പിറ്റ് ജീവനക്കാര്‍ക്കും കാബിന്‍ ജീവനക്കാര്‍ക്കും വേണ്ടി പുതിയ കരാറില്‍ ഒപ്പ് വച്ചിരിക്കുന്നത്.