ന്യൂയോർക്ക്: ന്യൂയോർക്കിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ വംശജയായ ഡോക്ടറും കുടുംബവും കൊല്ലപ്പെട്ടു. ആറുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. കൊല്ലപ്പെട്ടവരിൽ കായികതാരവും ഉൾപ്പെടുന്നു. 6 ഇന്ത്യൻ വംശജയായ യൂറോഗൈനക്കോളജിസ്റ്റ് ഡോ. ജോയ് സൈനി, ഇവരുടെ ഭർത്താവ് ന്യൂറോ സയന്റിസ്റ്റായ ഡോ. മൈക്കൽ ഗ്രോഫ്, 2022 ലെ എൻ.സി.എ.എ വുമൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട മുൻ ഫുട്‌ബോൾ താരമായ മകൾ കരീന ഗ്രോഫ്, മകൻ ജാരെഡ് ഗ്രോഫ്, ജാരെഡിന്റെ പങ്കാളി അലക്‌സിയ കൂയുട്ടാസ് ഡുവാർട്ടെ, കരീനയുടെ ആൺസുഹൃത്ത് ജെയിംസ് സാന്റോറോ എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയാണ് അപകടമുണ്ടായത്.

കാറ്റ്സ്കിൽസിലേക്ക് വിനോദയാത്ര പോവുകയായിരുന്ന കുടുംബം സഞ്ചരിത്ത വിമാനമാണ് അപകടത്തിൽപെട്ടത്.ഇവർ സഞ്ചരിച്ചിരുന്നു മിറ്റ്സുബുഷി എംയു 2 ബി ഇരട്ട എഞ്ചിൻ വിമാനം ന്യൂയോർക്കിലെ കോപാക്കിലെ മസാച്യുസെറ്റ്സ് ലൈനിനടുത്തുള്ള ഒരു ചെളി നിറഞ്ഞ വയലിൽ തകർന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. പഞ്ചാബിൽ കുൽജിത്, ഗുർദേവ് സിങ് ദ്മ്പതികളുടെ മകളായി ജനിച്ച ജോയ് സൈനി കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.

ശനിയാഴ്ച രാവിലെ, വെസ്റ്റ്‌ചെസ്റ്റർ കൗണ്ടി വിമാനത്താവളത്തിൽ നിന്ന് സ്വകാര്യ വിമാനത്തിൽ കയറി അവരെല്ലാവരും കൊളംബിയ കൗണ്ടി വിമാനത്താവളത്തിൽ ഇറങ്ങാൻ തയ്യാറെടുക്കവേ ഏകദേശം 16 കിലോമീറ്റർ തെക്ക് മാറി തകർന്നുവീഴുകയായിരുന്നു. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് നൽകുന്ന വിവരമനുസരിച്ച് അപകടത്തിന് തൊട്ടുമുമ്പ് ഗ്രോഫ് എയർ ട്രാഫിക് കൺട്രോളിനെ ലാൻഡിംഗ് ബുദ്ധിമുട്ട് നേരിടുന്നതായി അറിയിച്ചിരുന്നു. ദൃശ്യപരതയോ കാലാവസ്ഥയോ അപകടത്തിന് കാരണമായിട്ടുണ്ടാകമെന്നാണ് എന്ന് അധികൃതർ വ്യക്തമാക്കുന്നു. അപകടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.