ജറുസലേം: ഇസ്രയേലിന്റെ പുതിയ സായുധ സേനാ മേധാവിയായി റിട്ട. മേജര്‍ ഇയാല്‍ സമീറിനെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവി രാജിവെച്ചതോടെയാണ് ഇയാല്‍ സമീര്‍ നിയമിതനാകുന്നത്. ഗാസ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന് രണ്ട് ദിവസത്തിന് ശേഷം ജനുവരി 21നാണ് ഹെര്‍സി ഹലേവി രാജിവെച്ചത്.

ഒക്ടോബര്‍ 7 ന് ഗാസയില്‍ ആരംഭിച്ച യുദ്ധത്തില്‍ ഉണ്ടായ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു രാജി. പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേല്‍ കേറ്റ്സും മേജര്‍ ഇയാല്‍ സമീറിന്റെ നിയമനം അംഗീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. 59കാരനായ മേജര്‍ ജനറല്‍ ഇയാല്‍ സമീര്‍ 28 വര്‍ഷം ഇസ്രയേല്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സമീര്‍ 2018 മുതല്‍ 2021 വരെ മിലിട്ടറിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫായി പ്രവര്‍ത്തിച്ചിരുന്നു. മുമ്പ് ബെന്യാമിന്‍ നെതന്യാഹുവിന്റെ സൈനിക സെക്രട്ടറിയായിരുന്നു.നിയുക്ത സായുധ മേധവി മേജര്‍ ഇയാല്‍ സമീറിനെ മുന്‍ സായുധ മേധാവി ഹലേവി അഭിനന്ദിച്ചു. മാര്‍ച്ച് ആറിന് ഹലേവി ഓഫീസ് വിടും എന്നാണ് വിവരം.

അതേ സമയം, ഇന്നലെ വെടി നിര്‍ത്തല്‍ കരാറിന്റെ ഭാഗമായി നാലാം ഘട്ട ബന്ദി കൈമാറ്റം നടന്നു. ഹമാസ് ബന്ദിയാക്കിയ ഏറ്റവും പ്രായംകുറഞ്ഞ കുഞ്ഞിന്റെ അച്ഛന്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇന്ന് നടന്ന ബന്ദി കൈമാറ്റത്തില്‍ ഹമാസ് മോചിപ്പിച്ചത്. ജനുവരി 19നാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. 15 മാസം നീണ്ടുനിന്ന യുദ്ധത്തിനാണ് ഇതോടെ അറുതി വന്നത്. കരാര്‍ നിലവില്‍ വന്നതിന് ശേഷമുള്ള ആദ്യ ഘട്ട ബന്ദി കൈമാറ്റത്തല്‍ മൂന്ന് പേരെയാണ് ഹമാസ് വിട്ടയച്ചത്.