ലണ്ടന്‍: ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ടാരിഫ് നയം ഉയര്‍ത്തിയ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനായി ശ്രമിക്കുന്നതിനാല്‍ അമേരിക്കയിലേക്കുള്ള തങ്ങളുടെ എല്ലാ ഷിപ്‌മെന്റുകളും താത്ക്കാലികമായി നിര്‍ത്തി വയ്ക്കുകയാണെന്ന് ജഗ്വാര്‍ - ലാന്‍ഡ് റോവര്‍ അറിയിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എലാ കാറൂകള്‍ക്കും 25 ശതമാനം തീരുവ നിലവില്‍ വന്നത്. അതിനുപുറമെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് 10 ശതമാനം ടാരിഫ് ശനിയാഴ്ച മുതല്‍ നിലവില്‍ വരികയും ചെയ്തു.

പുതിയ വ്യാപാര നിയമങ്ങള്‍ കമ്പനികളെ വലയ്ക്കുകയും ആഗോള സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ താഴോട്ട് വരികയും ചെയ്യുന്നതിനിടയിലാണ് ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കള്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ജെ എല്‍ ആറിന്റെ ആഡംബര കാറുകളുടെ ഒരു പ്രധാന വിപണിയായിരുന്നു അമേരിക്ക എന്നും കമ്പനി അവരുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്. തങ്ങളുടെ ബിസിനസ്സ് പങ്കാളികളുമായി പുതിയ വ്യാപാര നിബന്ധനകള്‍ ചര്‍ച്ച ചെയ്യുകയാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരമാണ് കമ്പനി തേടുന്നതെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.

ബുധനാഴ്ച പുതിയ ടാരിഫ് സംബന്ധിച്ച വിവരം വൈറ്റ്ഹൗസ് പ്രഖ്യാപിച്ചതോടെ ആഗോള വിപണിയിലാകെ പരിഭ്രാന്തി പരന്നിട്ടുണ്ട്. ബ്രിട്ടീഷ് ഓട്ടോമോട്ടീവ് വ്യവസായ മേഖലയെയായിരിക്കും ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുക. ആഭ്യന്തര വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞു വരുന്ന സാഹചര്യമാണ് ഇപ്പോള്‍ ബ്രിട്ടനിലുള്ളത്. അതുപോലെ ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിനായി പ്ലാന്റുകള്‍ പുന സജ്ജീകരിക്കുകയും വേണം. അങ്ങനെ നിരവധി പ്രതികൂല സാഹചര്യങ്ങളിലൂടെ ബ്രിട്ടീഷ് കാര്‍ നിര്‍മ്മാണ മേഖല കടന്നു പോകുന്നതിനിടയിലാണ് അമേരിക്കയുടെ ടാരിഫ് യുദ്ധവും ആരംഭിച്ചിരിക്കുന്നത്.