- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജപ്പാനില്‍ കനത്ത മഞ്ഞുവീഴ്ച; രണ്ടാഴ്ചയ്ക്കിടെ മരണം 30 ആയി, ജനജീവിതം ദുസ്സഹം
ജപ്പാനില്‍ കനത്ത മഞ്ഞുവീഴ്ച; രണ്ടാഴ്ചയ്ക്കിടെ മരണം 30 ആയി, ജനജീവിതം ദുസ്സഹം

ടോക്കിയോ: ജപ്പാനില്‍ രണ്ടാഴ്ചയായി തുടരുന്ന അതിശക്തമായ മഞ്ഞുവീഴ്ചയില്‍ മരിച്ചവരുടെ എണ്ണം 30 ആയി. രാജ്യത്തിന്റെ വടക്കന്‍ മേഖലകളിലാണ് കാലാവസ്ഥാ വ്യതിയാനം കടുത്ത നാശം വിതയ്ക്കുന്നത്. കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് റോഡ്, റെയില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. നിരവധി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്കന്‍ പ്രവിശ്യയായ അയോമോറിയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം.
ഇവിടെ പലയിടത്തും 4.5 മീറ്റര്‍ (14 അടി) വരെ ഉയരത്തിലാണ് മഞ്ഞ് മൂടിക്കിടക്കുന്നത്. വീടിന് പുറത്ത് മഞ്ഞുകട്ടകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലാണ് പല മൃതദേഹങ്ങളും കണ്ടെത്തിയത്. വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് മഞ്ഞ് വീണ് ശ്വാസം മുട്ടി മരിച്ച നിലയില്‍ 91 വയസ്സുകാരിയുടെ മൃതദേഹവും കണ്ടെടുത്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മഞ്ഞ് നീക്കം ചെയ്യുന്നതിനുമായി ജപ്പാന്‍ സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചു.
പ്രധാനമന്ത്രി സനേ തകൈച്ചി ചൊവ്വാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കൂടുതല്‍ മരണങ്ങള്‍ ഒഴിവാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കനത്ത മഞ്ഞുവീഴ്ച കാരണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോലും ഓഫീസുകളില്‍ എത്താന്‍ കഴിയാത്ത സാഹചര്യമാണെന്ന് അയോമോറി ഗവര്‍ണര്‍ സോയിച്ചിറോ മിയാഷിത പറഞ്ഞു.
പലയിടങ്ങളിലും മഞ്ഞ് നീക്കം ചെയ്യാന്‍ യന്ത്രസാമഗ്രികള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും മഞ്ഞുവീഴ്ച തുടരുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. വീടുകളുടെ മേല്‍ക്കൂരകളില്‍ മഞ്ഞ് കുന്നുകൂടുന്നത് കെട്ടിടങ്ങള്‍ തകരാന്‍ കാരണമാകുന്നുണ്ട്. താപനില ഉയരുമ്പോള്‍ മഞ്ഞ് ഉരുകി താഴേക്ക് വീഴുന്നത് വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്.


