മാഞ്ചസ്റ്റര്‍: സ്‌പെയിനിലേക്കുള്ള ഒരു ജെറ്റ് 2 വിമാനം പറന്നുയര്‍ന്നപ്പോള്‍, അതില്‍ സഞ്ചരിക്കാനിരുന്ന യാത്രക്കാരെല്ലാം മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍, അക്ഷരാര്‍ത്ഥത്തില്‍ വാപൊളിച്ച് ഇരുന്നുപോയി. ഇന്നലെ തിങ്കളാഴ്ച്ച സ്‌പെയിനിലെ അലികാന്റയിലേക്ക് പറന്ന വിമാനം, അതില്‍ പോകേണ്ടിയിരുന്ന ഡസന്‍ കണക്കിന് യാത്രക്കാരെ സ്റ്റെയര്‍വെല്ലില്‍ അലയാന്‍ വിട്ട് പറന്നുയരുകയായിരുന്നു. പാസ്‌പ്പോര്‍ട്ട് പരിശോധനയും, ബോര്‍ഡിംഗ് പാസ്സ് സ്‌കാനിംഗും കഴിഞ്ഞ് യാത്രക്കാര്‍ക്ക് സ്റ്റെയര്‍വെല്ലില്‍ കാത്തുനിക്കേണ്ടി വന്നത് 40 മിനിറ്റോളം. എന്താണ് കാര്യമെന്ന് വിശദീകരിക്കാന്‍ കമ്പനിയും തയ്യാറായില്ല.

വിമാനത്തിലേക്കോ, അല്ലെങ്കില്‍ വിമാനത്തിനടുത്ത് എത്തിക്കാനുള്ള ബസ്സിലേക്കോ വാതില്‍ തുറക്കും എന്ന് വിശ്വസിച്ച് യാത്രക്കാര്‍ നില്പ് തുടര്‍ന്നപ്പോള്‍ അവരില്ലാതെ തന്നെ വിമാനം പറന്നുയര്‍ന്നിരുന്നു. സ്റ്റെയര്‍വെല്ലിന്റെ ദിശയില്‍ ഒരു പിശക് പറ്റിയെന്ന് വിശദീകരിച്ച ജെറ്റ് 2 അസൗകര്യത്തിന് യാത്രക്കാരോട് ക്ഷമാപണം നടത്തുകയും ചെയ്തു. ഏകദേശം, 35 യാത്രക്കാരെയാണ് ഇത് ബാധിച്ചത്.