- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിലെ പ്രവാസി തൊഴിലാളികള്‍ക്ക് സുരക്ഷിത താമസം: ഷദ്ദാദിയയില്‍ മൂന്ന് പാര്‍പ്പിട സമുച്ചയങ്ങള്‍ സ്ഥാപിക്കും
കുവൈത്തിലെ പ്രവാസി തൊഴിലാളികള്‍ക്ക് സുരക്ഷിത താമസം: ഷദ്ദാദിയയില്‍ മൂന്ന് പാര്‍പ്പിട സമുച്ചയങ്ങള്‍ സ്ഥാപിക്കും

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി തൊഴിലാളികള്‍ക്ക് സുരക്ഷിതവും മാന്യവുമായ താമസസൗകര്യം ഉറപ്പാക്കുന്നതിന്, ഷദ്ദാദിയ മേഖലയില്‍ മൂന്ന് വലിയ പാര്‍പ്പിട സമുച്ചയങ്ങള്‍ സ്ഥാപിക്കാന്‍ കുവൈത്ത് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. തിങ്കളാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.
പദ്ധതിക്കായി അനുവദിച്ച ഭൂമി ധനമന്ത്രാലയത്തിന് കീഴിലുള്ള സ്റ്റേറ്റ് പ്രോപ്പര്‍ട്ടി വിഭാഗത്തിന് കൈമാറുമെന്നും, ഈ ഭൂമികള്‍ സ്വകാര്യ മേഖലയ്ക്ക് പൊതു ലേലത്തിലൂടെ കൈമാറ്റം ചെയ്യില്ലെന്നും കൗണ്‍സില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നേരിട്ടുള്ള നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമാകും പാര്‍പ്പിട സമുച്ചയങ്ങളുടെ വികസനം നടക്കുക.
നഗരാസൂത്രണ വകുപ്പിന്റെ കര്‍ശനമായ സാങ്കേതികവും സുരക്ഷാപരവുമായ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുക. കെട്ടിടങ്ങളുടെ ഉയരം, താമസ യൂണിറ്റുകളുടെ ക്രമീകരണം, തീസുരക്ഷാ സംവിധാനങ്ങള്‍, ശുചിത്വആരോഗ്യ സൗകര്യങ്ങള്‍, പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ വ്യക്തമായ നിബന്ധനകളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.
നഗരമധ്യങ്ങളില്‍ നിലവിലുള്ള തൊഴിലാളി താമസ തിരക്ക് കുറയ്ക്കുക, പര്യാപ്ത സുരക്ഷാ സൗകര്യങ്ങള്‍ ഇല്ലാത്ത താമസ സാഹചര്യങ്ങള്‍ ഒഴിവാക്കുക, തൊഴിലാളികള്‍ക്ക് ആരോഗ്യകരവും മനുഷ്യാവകാശപരമായതുമായ ജീവിത സാഹചര്യം ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രവാസി തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനൊപ്പം നഗര വികസനത്തെ കൂടുതല്‍ ക്രമബദ്ധമാക്കുന്ന ദീര്‍ഘകാല നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.


