ചെന്നൈ: എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ വിഡിയോ പ്രചരിക്കുന്നു. ഏറ്റുമുട്ടലില്‍ ശ്രീലങ്കന്‍ സൈന്യം കൊലപ്പെടുത്തിയ വ്യക്തിയാണ് വേലുപ്പിള്ള പ്രഭാകരന്‍. പ്രായം ചെന്ന നിലയില്‍ പ്രഭാകരന്റെ മുഖത്തോട് സാമ്യം തോന്നിക്കുന്ന വ്യക്തിയാണ് ഡീപ്‌ഫേക്ക് വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. നേരത്തേ 'സിംഹള' സര്‍ക്കാരിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്യുന്ന പ്രഭാകരന്റെ മകള്‍ ദ്വാരകയുടെ വ്യാജ 'ലൈവ് സ്ട്രീം' വിഡിയോയും വന്നിരുന്നു.

സിംഹള സര്‍ക്കാരിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്യുന്ന വിഡിയോയാണ് പ്രചരിക്കുന്നത്. ഡീപ് ഫേക്ക് നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചതാണ് പ്രചരിക്കുന്ന വിഡിയോ. ഇതു പ്രചരിപ്പിക്കുന്നതിന് പിന്നില്‍ യൂറോപ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എല്‍ടിടിഇ അനുകൂല സംഘമാണെന്നാണ് സൂചന. "നിരവധി പോരാട്ടങ്ങള്‍ നമ്മള്‍ നടത്തി. പക്ഷേ, നമ്മളെ ഒറ്റിക്കൊടുക്കുന്നവരെയും രാജ്യദ്രോഹികളെയും ഉന്മൂലനം ചെയ്യണം. ഒറ്റക്കെട്ടായി നില്‍ക്കാനും ശത്രുക്കളെ തുരത്താനും സംഘടിക്കണം.' ഡീപ് ഫേക്ക് വിഡിയോയില്‍ പറയുന്നു.

എല്‍ടിടിഇ അനുകൂല സംഘടനകള്‍ക്ക് പണം പിരിക്കുന്നതിനാണ്, വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന രീതിയിലുള്ള വിഡിയോകള്‍ പ്രചരിപ്പിക്കുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിഗമനം. 2009 മേയില്‍ നടന്ന ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തില്‍ ലങ്കന്‍ സൈന്യം പ്രഭാകരനെയും കുടുംബാംഗങ്ങളെയും വധിച്ചിരുന്നു.