ലണ്ടന്‍: യുകെ സര്‍ക്കാരിന്റെ പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് ലണ്ടന്‍ മേയര്‍ സര്‍ സാദിഖ് ഖാനും രംഗത്തെത്തി. ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍ മുന്നൂറോളം ട്രാഫിക് ഫോര്‍ ലണ്ടന്‍ (ടി എഫ് എല്‍) ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും എന്ന് ട്രാന്‍സ്‌പോര്‍ട്ട് യൂണിയനായ ടി എസ് എസ് എ ചൂണ്ടിക്കാണിച്ചതിന് പുറകെയാണ് മേയറുടെ പ്രസ്താവന വന്നത്. വിസ ലഭിക്കുന്നതിനുള്ള ശമ്പള പരിധി ഉയര്‍ത്തിക്കൊണ്ടും, ട്രാന്‍സ്‌പോര്‍ട്ട് മേഖലയിലെ ചില തസ്തികകള്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പട്ടികയില്‍ നിന്നും നീക്കിയും ജൂലായില്‍ ഒരു ഉത്തരവ് ഇറങ്ങിയിരുന്നു.

ഈ മാറ്റങ്ങള്‍ ടി എഫ് എല്‍ ജീവനക്കാരെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്ന് മേയര്‍ ലണ്ടന്‍ അസംബ്ലിയില്‍ പറഞ്ഞു. ഈ മാറ്റങ്ങള്‍ മരവിപ്പിച്ച്, പുനപരിശോധിക്കണമെന്ന് ഡെപ്യൂട്ടി മേയര്‍ സെബ് ഡാന്‍സ് സര്‍ക്കാരിന് കത്ത് നല്‍കിയതായും അദ്ദേഹം പറഞ്ഞു. ടി എഫ് എല്‍ ജീവനക്കാരെ സംരക്ഷിക്കുന്നതിനുള്ള നറ്റപടികള്‍ ഉടന്‍ കൈക്കൊള്ളണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇതുവരെ ഹോം ഓഫീസ് ഈ കത്തിനോട് പ്രതികരിച്ചിട്ടില്ല.