മെക്‌സിക്കോ സിറ്റി: കിഴക്കന്‍ മെക്‌സിക്കോയിലെ വെരാക്രൂസ് സംസ്ഥാനത്ത് ബസ് അപകടപ്പെട്ട് ഒരു കുട്ടിയടക്കം പത്ത് പേര്‍ മരിച്ചു. അപകടത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പ്രാദേശിക അധികൃതരാണ് അപകടവിവരം പുറത്തുവിട്ടത്.

ക്രിസ്മസ് തലേന്ന് മെക്‌സിക്കോ സിറ്റിയില്‍ നിന്ന് ചിക്കോണ്ടെപെക് ഗ്രാമത്തിലേക്ക് യാത്രക്കാരുമായി പോയ ബസാണ് സോണ്ടെകോമാറ്റ്ലാന്‍ നഗരത്തില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഒന്‍പത് മുതിര്‍ന്നവരും ഒരു കുട്ടിയും ഉള്‍പ്പെടുന്നുവെന്ന് സോണ്ടെകോമാറ്റ്ലാന്‍ മേയറുടെ ഓഫീസ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. പരിക്കേറ്റ 32 പേരുടെ പട്ടികയും അവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രികളുടെ വിവരങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

മെക്‌സിക്കോയില്‍ ഇത്തരം റോഡപകടങ്ങള്‍ പതിവാണ്. അമിതവേഗതയോ സാങ്കേതിക തകരാറുകളോ ആണ് മിക്കപ്പോഴും ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നത്. കഴിഞ്ഞ നവംബര്‍ അവസാന വാരം പടിഞ്ഞാറന്‍ സംസ്ഥാനമായ മിച്ചോവാക്കനിലുണ്ടായ സമാനമായ അപകടത്തില്‍ പത്ത് പേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.