ചിക്കാഗോ: ഫേസ്ബുക് മാര്‍ക്കറ്റ് പ്ലേസ് വഴിയുള്ള പഴയ ട്രക്ക് വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ആറ് മാസമായ ഗര്‍ഭിണിയെ കൊലപ്പെടുത്തി 19കാരന്‍. ചിക്കാഗോയിലെ വെസ്റ്റ്മോണ്ട് സ്വദേശിയായ നെദാസ് റെവുക്കാസ് ആണ് അസ്റ്റിലായത്. 30കാരിയായ എലിസ മൊറാലസിനെ സ്വന്തം അപ്പാര്‍ട്‌മെന്റില്‍ വെച്ചാണ് പ്രതി കൊലപ്പെടുത്തിയത്.

യുവതിക്ക് 70 തവണ കുത്തേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി ഇയാള്‍ അപ്പാര്‍ട്‌മെന്റിന് തീയിടുകയും വീട്ടിലെ വളര്‍ത്തുനായയെ ഉപദ്രവിക്കുകയും ചെയ്തു. എലിസയുടെ ഭര്‍ത്താവ് വിറ്റ ഫോര്‍ഡ് റേഞ്ചര്‍ ട്രക്ക് വാങ്ങിയത് നെദാസ് ആയിരുന്നു. എന്നാല്‍ വാഹനത്തില്‍ അതൃപ്തനായിരുന്ന ഇയാള്‍, ലൈസന്‍സ് പ്ലേറ്റ് മാറ്റുന്നതിനായി എലിസയെ കാണാനെത്തിയപ്പോഴാണ് കൊലപാതകം നടത്തിയത്. പ്രതിയെ ഡ്യൂപേജ് കൗണ്ടി ജയിലിലേക്ക് മാറ്റി.