ക്വറ്റോ: ഇക്വഡോറില്‍ കഴിഞ്ഞ വര്‍ഷം നടന്ന മിസ്സ് യൂണിവേഴ്സ് മത്സരത്തിലെ സെമി ഫൈനലിസ്റ്റ് ആയിരുന്ന സൗന്ദര്യ റാണി മരിയ ലൊറേന ആര്‍ഗ്വിലോ അന്തരിച്ചു. 28 വയസ്സായിരുന്നു ഇവര്‍ക്ക്. മത്സരം സംഘടിപ്പിച്ച സംഘടനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍, കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. അവരുടെ ഓര്‍മ്മകള്‍ എന്നും തങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും, അവരുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും അവര്‍ അറിയിച്ചു.

2024 ലെ മത്സരത്തില്‍ മരിയ ലൊറേന ആര്‍ഗ്വിലോ ഇക്വഡോര്‍ തലസ്ഥാന നഗരമായ ക്വിറ്റോയെയാണ് പ്രതിനിധീകരിച്ചിരുന്നത്. ഇത് ഇവരുടെ ആദ്യ മത്സരമായിരുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നതിന് മൂന്ന് ആഴ്ച മുന്‍പ് ഇവര്‍ക്ക് യൂണിവേഴ്സിറ്റി ഓഫ് ലാസ് അമേരിക്കയില്‍ നിന്നും മെഡിക്കല്‍ സര്‍ജന്‍ ബിരുദം ലഭിച്ചിരുന്നു. ഇവരുടെ അടുത്ത സുഹൃത്തായ മരിയ ടോപിക് ആണ് മത്സരത്തില്‍ മിസ്സ് യൂണിവേഴ്സ് ഇക്വഡോറായി തിരഞ്ഞെടുക്കപ്പെട്ടത്. അവരും സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചിട്ടുണ്ട്.