പാരിസ്: പാരീസില്‍ ഒരു ഹോട്ടലില്‍ നിന്നും നവജാത ശിശുവിനെ വലിച്ചെറിഞ്ഞ് കൊന്നത്, അമേരിക്കയിലെ ഒറിഗൊണില്‍ നിന്നും വിനോദ സഞ്ചാരിയായി എത്തിയ കൗമാരക്കാരിയാണെന്ന വസ്തുത തെളിഞ്ഞു. യൂറോപ്പില്‍ സന്ദര്‍ശനം നടത്തുന്ന ഒരു കൂട്ടം യുവാക്കളുടെ സംഘത്തില്‍ അംഗമായിരുന്നു മിയ മെക്ക്യുലിന്‍ എന്ന ഈ 18 കാരി എന്നാണ് ഫ്രഞ്ച് അധികൃതര്‍ പറയുന്നത്. ഇവര്‍ ഗര്‍ഭിണി ആയിരുന്നു എന്നും, ഹോട്ടല്‍ മുറിയില്‍ വെച്ച് പ്രസവിച്ച് അധികം വൈകാതെ തന്നെ ഇവര്‍ കുഞ്ഞിനെ ഒരു തുണിയില്‍ പൊതിഞ്ഞ് ഹോട്ടലിന്റെ രണ്ടാം നിലയില്‍ നിന്നും വലിച്ചെറിയുകയായിരുന്നു എന്നുമാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.

സംഭവം നടന്ന ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, 30 അടി ഉയരത്തില്‍ നിന്നുള്ള വീഴ്ചയുടെ ആഘാതം താങ്ങാന്‍ ആ പിഞ്ചു മേനിക്കായില്ല. ഒറൊഗൊണീലെ ബെന്‍ഡ് എന്ന നഗരത്തില്‍ ജനിച്ചു വളര്‍ന്ന മിയ, മറ്റേതൊരു അമേരിക്കന്‍ കൗമാരക്കാരിയെയും പോലെ കുടുംബവുമൊത്തും കൂട്ടുകാര്‍ക്കൊത്തും ആഹ്‌ളാദപൂര്‍വ്വമായ ജീവിതമായിരുന്നു നയിച്ചു വന്നിരുന്നതെന്ന് അവരുടെ മുത്തച്ഛന്‍ പറഞ്ഞു. എന്നാല്‍, ഈ സംഭവത്തെ കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നും അതിനാല്‍ പ്രതികരിക്കുന്നില്ലെന്നുമാണ് ഈ 78 കാരന്‍ വ്യക്തമാക്കിയത്.