- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്രാവൽ ബാനും അറസ്റ്റ് വാറന്റും തമ്മിലുള്ള വ്യത്യാസം എന്ത്? യുഎഇയിൽ ട്രാവൽ ബാൻ ആർക്കൊക്കെ? ഈ പ്രതിസന്ധി ഘട്ടം ഒഴിവാക്കാൻ എന്തു ചെയ്യണം: അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
ദുബായ്: യുഎഇയിലെത്തുന്ന പ്രവാസി മലയാളികൾ അടക്കം ഒട്ടേറെ ഇന്ത്യക്കാർ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ട്രാവൽ ബാൻ. ഏതെങ്കിലും തരത്തിലുള്ള കേസുകളിൽ ചെന്നു പെട്ടാൽ യുഎഇയിൽ നിന്നും പുറത്ത് പോകാനാകില്ല. അതുപോലെ ഇന്ത്യയിൽ നിന്ന് തിരിച്ചുവരുന്ന ഒട്ടേറെ പേർ യുഎഇയിലെ മുൻ കേസുകളുടെ പേരിൽ ജയിലിലാകുകയും ചെയ്യുന്നു. യുഎഇ നിയമത്തെ കുറിച്ചുള്ള നമ്മുടെ അജ്ഞതയാണ് ഇതിന് പ്രധാന കാരണം. ഇത്തരം പ്രതിസന്ധിഘട്ടം ഒഴിവാക്കാൻ എന്താണ് മാർഗമെന്നു പലർക്കും അറിയില്ലെന്നും യുഎഇയിലെ അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ മലപ്പുറം സ്വദേശിനി പ്രീത ശ്രീറാം മാധവ് പറയുന്നു.
സിവിൽ കേസ് (ചെക്ക് ബൗൺസ് കേസ്), റിയൽ എസ്റ്റേറ്റ് കേസ് അഥവാ വാടക കരാറും അതുമായി ബന്ധപ്പെട്ട കേസ്, ലേബർ കേസ് തുടങ്ങിയവയിൽ പെട്ടാൽ ആ കേസ് തീരും വരെ കുറ്റാരോപിതനായ വ്യക്തിക്ക് യുഎഇ വിട്ടു പോകുവാൻ കഴിയില്ല. സ്ത്രീ പീഡനം, കൊലപാതകം, പിടിച്ചുപറി, അടിപിടി, വഞ്ചന, കളവ് മുതലായ ക്രിമിനൽ കേസുകൾക്കും യാത്രാ നിരോധനം ബാധകമാണ്. കുടുംബ കേസിന്റെ കാര്യത്തിലും ട്രാവൽ ബാൻ ബാധകമാണ്.
ചെക്ക് ബൗൺസ് കേസ് വന്നാൽ എതിർഭാഗം നിയമ സഹായത്താൽ വ്യക്തിയെ യുഎഇയിൽ നിന്ന് പുറത്തു പോകുന്നത് തടുയുന്നു. റിയൽ എസ്റ്റേറ്റ് കേസ് ആണെങ്കിൽ, വാടക തുക അടക്കാതെ വരുമ്പോൾ ഉടമ കേസ് കൊടുക്കും. ഇത്തരം സന്ദർഭങ്ങളിൽ വീസ എടുക്കുവാനോ പുതുക്കുവാനോ സാധിക്കുന്നതല്ല. ഒപ്പം ട്രാവൽ ബാൻ കൂടി ഉണ്ടാകുന്നു. വാടക തുക പൂർണമായും അടച്ചു തീരുന്നത് വരെ രാജ്യം വിട്ടു പോകാൻ കഴിയില്ല. അതു പോലെ തന്നെയാണ് ലേബർ കേസും.
അതേസമയം അറസ്റ്റ് വാറന്റ് ഉണ്ടെങ്കിൽ ട്രാവൽ ബാൻ ബാധകമാണ്. ഇത്തരക്കാര എയർപോർട്ടിൽ എത്തുന്ന അവസരത്തിൽ തന്നെ പൊലീസ് അറസ്റ്റ് ചെയ്യും. എന്നാൽ മുകളിൽ പറഞ്ഞ ഏതെങ്കിലും വിധത്തിലുള്ള ട്രാവൽ ബാൻ ആണെങ്കിൽ യാത്ര ചെയ്യാൻ കഴിയില്ലേ എന്നും ഏതു സ്റ്റേഷനിലാണ് കേസ് ഉള്ളതെന്നുമുള്ള കാര്യങ്ങൾ എയർപോർട്ടിൽ നിന്നു അറിയാനാകും.
എന്നാൽ എപ്പോഴും ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഏതൊരു കേസ് ക്ലിയർ ചെയ്തു കഴിഞ്ഞാലും അത്തരം കേസുമായി ബന്ധപ്പെട്ട ക്ലിയറൻസ് ലെറ്റർ നിർബന്ധമായും യാത്രാവേളകളിൽ കരുതേണ്ടതാണ്. അല്ലാത്തപക്ഷം യാത്രയ്ക്ക് തടസങ്ങൾ അനുഭവപ്പെടാം. ക്ലിയറൻസ് ലെറ്റർ സബ്മിറ്റ് ചെയ്യാൻ കഴിഞ്ഞാൽ യാതൊരുവിധ തടസവും കൂടാതെ യാത്ര തുടരാൻ സാധിക്കും.
യുഎഇയിൽ നിന്ന് പൊതുമാപ്പ് കാലയളവിൽ ഔട് പാസിലൂടെ തിരിച്ചുപോയവരും ഇവിടെ നിന്ന് കേസുകളിൽപ്പെട്ട് നിശ്ചിതകാലത്തേക്ക് യാത്രാ നിരോധനത്തോടെ മടങ്ങിയവരും നിരോധനം നിലവിലുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം വിമാനം കയറുക. യുഎഇയിലെ ഏതെങ്കിലും അഭിഭാഷകന് പവർ ഓഫ് അറ്റോർണി നൽകിയാൽ അവർക്ക് പരിശോധിച്ച് കേസുണ്ടോ, ഇല്ലയോ എന്ന് ഉറപ്പുവരുത്താനാകുമെന്ന് അഡ്വ.പ്രീത പറഞ്ഞു.
ചെക്ക് ബൗൺസ്, റിയൽ എസ്റ്റേറ്റ്, ക്രെഡിറ്റ് കാർഡ് മുതലായ കേസുകൾ ഉദാഹരണങ്ങളാണ്. ഇവ പൂർണമായും ക്ലിയർ ചെയ്തു, യാതൊരു നിയമ പ്രശ്‌നവും ഇല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം ആണ് യുഎഇ വിട്ടു പോകുന്നതെങ്കിൽ ഏതവസരത്തിൽ വേണമെങ്കിലും നിങ്ങൾക്ക് നിർഭയം തിരികെ വരാം.