ബീജിങ്: ചൈനയിൽ കോവിഡ് കേസുകളും മരണവും കുതിച്ചുയരുന്നു. ആശുപത്രികളുടെ ഇടനാഴികളിലും സെമിത്തേരികളിലുമെല്ലാം മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മരണക്കണക്ക് കുതിച്ചുയരുമ്പോഴും മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിന്റെ വീഡിയോകൾ പുറത്തുവരുമ്പോഴും എല്ലാം മറച്ചു വയ്ക്കാനാണ് ചൈനീസ് അധികൃതർ ശ്രമിക്കുന്നത്. ഇതുവരെ രണ്ട് മരണം മാത്രമാണ് ചൈയുടെ ഔദ്യോഗിക കണക്കു പ്രകാരം സംഭവിച്ചിരിക്കുന്നത്.

ബീജിങിൽ നിന്നും മരണക്കണക്കുകൾ പുറത്താകുമ്പോഴും ചൈനീസ് സർക്കാർ എല്ലാം മറച്ചുവയ്ക്കുകയാണ്. ഓൺലൈനിൽ വരുന്ന വീഡിയോകളിൽ ശവശരീരങ്ങൾ കൂട്ടിയിട്ടിരിക്കുന്നതും ആശുപത്രി വാർഡുകൾ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നതും കാണാം. എന്നിരുന്നാലും ഇന്നലെ കോവിഡ് മൂലം രണ്ട് മരണം മാത്രമാണ് ബീജിങിൽ സംഭവിച്ചതെന്നാണ് സർക്കാർ പുറത്ത് വിട്ട കണക്ക്. എന്നാൽ സ്‌ട്രെച്ചറുകളിൽ മൃതദേഹങ്ങൾ കെട്ടിപൂട്ടി അടുക്കി ഇട്ടിരിക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

വാക്‌സിനെടുക്കാത്ത ദശലക്ഷക്കണക്കിന് പ്രായമായവരിലാണ് കോവിഡ് ഗുരുതരമായി ബാധിച്ചിരിക്കുന്നത്. ആശുപത്രികളിൽ നിന്നും സെമിത്തേരികളിൽ നിന്നും ലഭിച്ചിരിക്കുന്ന സൂചനകളനുസരിച്ച് നൂറു കണക്കിനാളുകളാണ് ദിവസവും കോവിഡിന് കീഴടങ്ങുന്നത്. യഥാർത്ഥ മരണക്കണക്ക് വീഡിയോയിൽ കാണുന്നതിലും കൂടുതലാണെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു.

പല ആശുപത്രികളും കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എന്നിരുന്നാലും കോവിഡ് മരണ കണക്കുകൾ ആരോഗ്യ വിദഗ്ദരും ഒളിപ്പിച്ചു വയ്ക്കുകയാണ്. കോവിഡ് ഇൻഫെക്ഷൻ മൂലം മരിക്കുന്നവർ ആശുപത്രി കണക്കിൽ മറ്റ് അസുഖങ്ങൾ മൂലം മരിക്കുന്നവരാണ്.